രാജി ആവശ്യം തമാശ; പ്രതിപക്ഷ സമരത്തിനെതിരെ ആര്യാ രാജേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 05:15 PM  |  

Last Updated: 07th November 2022 05:15 PM  |   A+A-   |  

arya_rajendran

ആര്യാ രാജേന്ദ്രന്‍

 

തിരുവനന്തപുരം: രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തമാശയായി മാത്രമേ കാണാന്‍ കഴിയുകയുള്ളുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. പ്രതിപക്ഷം സമരം ഉണ്ടാക്കുമ്പോഴെക്കെ രാജി എന്നുപറയുകയാണ്. രാജി എന്ന വാക്ക് വെറുതെ കിടക്കുന്നതുകൊണ്ട് അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവര്‍ പറയുമ്പോള്‍ രാജിവയ്ക്കാന്‍ നിര്‍വാഹമില്ലെന്നും ആര്യ പറഞ്ഞു. തന്നെ മേയറായി ചുമതലപ്പെടുത്തിയത് അവരല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത് കൗണ്‍സിലറാക്കി. പാര്‍ട്ടി മേയറുമാക്കി. രാജിയെ പറ്റി ആലോചിക്കേണ്ടത് പാര്‍ട്ടിയാണ്. തന്റെ എന്തെങ്കിലും പ്രത്യേകപരമായ കഴിവുകൊണ്ട് അല്ല മേയറായത്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല താന്‍ നിര്‍വഹിക്കുന്നുവെന്ന് മാത്രം ആര്യ പറഞ്ഞു. 

പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാല്‍ സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നതും ജനങ്ങളെ ദ്രോഹിക്കുന്നതും ശരിയായ നടപടിയല്ല. കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡിആര്‍ അനിലിന്റെ കത്ത് അദ്ദേഹത്തിന്റെതാണെന്ന് പറഞ്ഞിട്ടുണ്ട്.കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്. ശരിതെറ്റുകള്‍ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെയെന്നും ആര്യ പറഞ്ഞു.

അതേസമയം,  മേയര്‍ ആര്യാരാജേന്ദ്രന്റെയും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡിആര്‍ അനിലിന്റെയും പേരില്‍ പുറത്തുവന്ന കത്തുകളെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. രണ്ടുപേരും എഴുതിയ കത്തുകളെ സംബന്ധിച്ചു പരിശോധിക്കുമെന്നു ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കും. കത്തിന്റെ  ഉറവിടവും പ്രചാരണവും അടക്കം എല്ലാ കാര്യവും പരിശോധിക്കും. കത്തു പുറത്തു വന്നതിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയുണ്ടോ എന്ന ചോദ്യത്തിന്, വിഭാഗീയത ഉണ്ടെന്നു വരുത്തേണ്ടത് മാധ്യമങ്ങളുടെ ആവശ്യമാണെന്നായിരുന്നു ആനാവൂര്‍ പറഞ്ഞു. 'കത്തു വിവാദത്തില്‍ പാര്‍ട്ടിക്ക് ഒന്നും ഒളിക്കാനില്ല. പാര്‍ട്ടിയിലെ തെറ്റുകള്‍ സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ച് ഉചിതമായ തീരുമാനം എടുക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ തെറ്റു ചെയ്താല്‍ അന്വേഷിച്ച് തിരുത്തേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. പൊലീസ് അന്വേഷിക്കേണ്ടത് പൊലീസ് അന്വേഷിക്കും. കോര്‍പറേഷനില്‍ നടക്കുന്ന സമരത്തിന് ഇന്ധനം നിറയ്ക്കുകയാണ് മാധ്യമങ്ങളെന്ന'് ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇത്തിരി കൂടിപ്പോയി, പറ്റിപ്പോയതാണ്'; 'താമരാക്ഷന്‍പിള്ള'യുടെ അലങ്കാരത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ