'ഭാര്യമാരെ പോലും അപമാനിക്കുന്നു'; കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എതിരെ ഡിവൈഎഫ്‌ഐ, മുഖ്യമന്ത്രിക്ക് പരാതി നല്‍കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 03:14 PM  |  

Last Updated: 17th September 2022 03:14 PM  |   A+A-   |  

pc_shyju

പി സി ഷൈജു/വീഡിയോ സ്‌ക്രീന്‍ഷോട്ട്


കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന് ഡിവൈഎഫ്‌ഐ. കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു രംഗത്തുവന്നത്. കമ്മീഷണര്‍ക്ക് എതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുമെന്നും ഷൈജു പറഞ്ഞു. 

സമൂഹത്തിനകത്ത് എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ സര്‍ക്കാര്‍. എന്നാല്‍ കോഴിക്കോട്ടെ കമ്മിഷണര്‍ പ്രതികള്‍ക്ക് സ്വാഭാവികനീതി നിഷേധിക്കുന്ന സമീപനമാണ് ഈ കേസില്‍ സ്വീകരിച്ചിരിക്കുന്നത്- പിസി ഷൈജു പറഞ്ഞു. 

പ്രതിയാണെന്ന് പൊലീസ് പറയുന്നവരില്‍ ഒരാളുടെ ഭാര്യയെ പോലും പൊലീസ് അപമാനിക്കുന്ന സമീപനം ഉണ്ടായി. മറ്റ് പല നിരപരാധികളുടേയും വീട്ടില്‍ പൊലീസ് കയറി. ഇത്തരത്തില്‍ നിരപരാധികളെ വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരും കുടുംബാംഗങ്ങളും തെരുവില്‍ വേട്ടയാടപ്പെടേണ്ടവരാണെന്ന പൊതുബോധത്തിലേക്കാണ് സിറ്റി പൊലീസ് കമ്മിഷണര്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. കമ്മിഷണറുടേത് വ്യക്തിപരവും രാഷ്ട്രീയപരവുമായ താത്പര്യമാണ്. ഇതിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും.-ഷൈജു പറഞ്ഞു. 

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞാറാഴ്ച വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 5,000 രൂപ പോയത് പോക്കറ്റടിച്ചല്ല; വിശദീകരണവുമായി ഡിസിസി പ്രസിഡന്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ