പൂര്‍ണ ഗര്‍ഭിണിയെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു; എംഎല്‍എ കോടതിയില്‍ പോയി പ്രതികളെ കണ്ടതില്‍ എന്ത് തെറ്റ്?; പൊലീസിനെതിരെ സിപിഎം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 11:51 AM  |  

Last Updated: 18th September 2022 11:51 AM  |   A+A-   |  

p_mohanan

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അതിന് എതിരാണെന്നും പി മോഹനന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ അക്രമണത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. സംഭവത്തില്‍ നിയമപരമായ നടപടി വേണമെന്ന് തന്നെയാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ രണ്ട് പേര്‍ ഒഴികെ അടുത്ത ദിവസം തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. പൊലീസ് അന്വേഷണത്തെ സിപിഎം ഒരിക്കലും എതിര്‍ത്തിട്ടില്ല. ഒരു ഘട്ടത്തിലും പ്രതികളെ പിടികൂടുന്നതില്‍ ഇടപെടുകയും ചെയ്തിട്ടില്ല. പക്ഷേ അന്വേഷണത്തിന്റെ മറവില്‍ പൊലീസ് നിരപരാധികളെ ഭീഷണിപ്പെടുത്തുകയാണെന്നും പി മോഹനന്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച ബല്‍രാജ് ഡോക്ടറുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ പ്രതിയുടെ ഭാര്യയുടെ പിന്നാലെ പോയി പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നു. പ്രസവിച്ചാല്‍  കുട്ടിയെ അച്ഛനെ കാണിക്കില്ല എന്നാണ് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതെന്നും മോഹനന്‍ പറഞ്ഞു.

ആവിക്കല്‍ സമരവുമായി ബന്ധപ്പെട്ട് കമ്മീഷണര്‍ ഇത്തരത്തിലൊരു നിലപാടാണോ സ്വീകരിച്ചത്?. സമരത്തിലെ തീവ്രവാദികളായ ആളുകള്‍ക്ക് ജാമ്യം കിട്ടാവുന്ന രീതിയിലലാണ് ഇടപെട്ടത്. മെഡിക്കല്‍ കോളജ് 
കേസില്‍ പൊലീസ് കമ്മീഷണര്‍ അനാവശ്യമായി ഇടപെടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പി മോഹനന്‍ വിമര്‍ശിച്ചു. രാഷ്ട്രീയ എതിരാളികളുടെ ചട്ടുകമായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രതികളെയും സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വം ഒളിവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും അങ്ങനെ ഒളിവില്‍ പാര്‍പ്പിച്ചാല്‍ പൊലീസിന് കിട്ടുമായിരുന്നില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

കാര്‍ കഴുകുന്നതിനിടെ വാട്ടര്‍ എയര്‍ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് എൻജിനിയർ മരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ