ഡോളര്‍ കടത്ത്: ശിവശങ്കര്‍ ആറാം പ്രതി; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 01:27 PM  |  

Last Updated: 29th September 2022 01:27 PM  |   A+A-   |  

M_Sivasankar

ഫയല്‍ ചിത്രം

 

കൊച്ചി: ഡോളര്‍ കടത്തു കേസിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണെന്ന് കസ്റ്റംസ് കുറ്റപത്രം. കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും ശിവശങ്കര്‍ മറച്ചുവെച്ചു. ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിച്ചു. സ്വപ്‌ന സുരേഷിന്റെ ലോക്കറിലെ തുക ശിവശങ്കറിന് കിട്ടിയ കമ്മീഷനാണെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. 

2020 ജൂലൈ അഞ്ചിനാണ് സ്വപ്‌ന സുരേഷും സരിത്തും ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്തുകേസ് കസ്റ്റംസ് പിടികൂടുന്നത്. ഇതിന് അനുബന്ധമായാണ് ലൈഫ് മിഷന്‍ ഇടപാടും ഡോളര്‍ കടത്തു കേസും കസ്റ്റംസ് അന്വേഷിക്കുന്നത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യ വിഭാഗം മുന്‍ മേധാവി ഖാലിദ് മുഹമ്മദ് അലി  ഷൗക്രിയാണ് ഒന്നാം പ്രതി. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പന്‍, ശിവശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍. 40 പേജുള്ള കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പങ്കാണ് പ്രധാനമായും വിവരിച്ചിട്ടുള്ളത്. 

സ്വര്‍ണക്കടത്തുകേസിലെ എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഉള്‍പ്പെട്ട ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നീക്കങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ശിവശങ്കറാണ്. കോണ്‍സുലേറ്റ് ജനറലും സ്റ്റാഫും ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിനെയും കള്ളക്കടത്തിനെയും പറ്റിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശിവശങ്കറിന് ലഭിച്ചിരുന്നു. 

ഇക്കാര്യം പലതവണ ശിവശങ്കര്‍ സ്വപ്‌നയേയും സരിത്തിനെയും അറിയിച്ചിരുന്നു. ഉത്തരവാദപ്പെട്ട പദവിയിലിരിക്കെ ലഭിച്ച വിവരം ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളെ അറിയിക്കാതെ മറച്ചു വെച്ചു. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2017 ല്‍ മുഖ്യമന്ത്രി യുഎഇയില്‍ ഉള്ളപ്പോള്‍, കേസിലെ ഒന്നാം പ്രതി ഖാലിദ് ചില പായ്ക്കറ്റുകള്‍ ഡിപ്ലോമാറ്റിക് ചാനല്‍ വഴി കടത്തിയതായുള്ള സ്വപ്‌നയുടെ മൊഴിയും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

പത്ത് മാസത്തിനകം ഇരട്ടിപ്പണം; കോടികള്‍ തട്ടി നാടുവിട്ടു; ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ രാജേഷ് മലാക്ക അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ