'ഒരു ഭാഗത്ത് പ്രീണനം, മറുഭാഗത്ത് ആക്രമണം; ക്രൈസ്തവരോടുള്ള സമീപനത്തില്‍ ബിജെപിക്ക് രണ്ട് മുഖം': ശശി തരൂര്‍

മോദിയുടെ മുഖമല്ല, ബിജെപിയുടെ ഹിന്ദുത്വ മുഖമാണ് കാണേണ്ടതെന്നും തരൂര്‍ പറഞ്ഞു
ശശി തരൂര്‍/ ട്വിറ്റര്‍ ചിത്രം
ശശി തരൂര്‍/ ട്വിറ്റര്‍ ചിത്രം

ബംഗലൂരു: ക്രൈസ്തവരോടുള്ള സമീപനത്തില്‍ ബിജെപിക്ക് രണ്ട് മുഖമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരു ഭാഗത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നു. അതേസമയം മറുഭാഗത്ത് അവര്‍ക്കെതിരെയുള്ള അക്രമങ്ങളും വര്‍ധിക്കുന്നു. പല ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ക്കും എതിരെ ഒന്നും മിണ്ടാതിരുന്നവരാണ് ബിജെപി നേതാക്കളെന്നും ശശി തരൂര്‍ പറഞ്ഞു. 

മോദിയുടെ മുഖമല്ല, ബിജെപിയുടെ ഹിന്ദുത്വ മുഖമാണ് കാണേണ്ടതെന്നും തരൂര്‍ പറഞ്ഞു. ബിജെപി ഭരണത്തില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. ന്യൂ ഇൻഡ്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗിലാണ് ബിജെപിയെ അനുകൂലിച്ച് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ അഭിപ്രായപ്രകടനം.  

'മോദി നല്ല ലീഡറാണ്. അന്താരാഷ്ട്ര തലത്തില്‍ ലീഡര്‍ഷിപ്പ് വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു അത് വിജയിക്കുകയും ചെയ്തു. ഇവിടെയും അദ്ദേഹം ആരുമായിട്ടും ഏറ്റുമുട്ടലിന് പോയില്ലല്ലോ. ഇവിടത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റുമായി ഏറ്റുമുട്ടലിന് പോയി ജയിക്കാന്‍ അല്ലല്ലോ അദ്ദേഹം ശ്രമിക്കുന്നത്. ആളുകള്‍ക്ക് സുരക്ഷിത ബോധമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ മറ്റു കുറവുകളെല്ലാം ജനം മറക്കും. കേന്ദ്രഗവണ്‍മെന്റാണ് സുരക്ഷിതബോധം തരുന്നത്. 

മോദിജി ഹൈന്ദവ മത വിശ്വാസിയാണെന്ന് അറിയാം. എന്നിട്ടും മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കാനും അദ്ദേഹത്തിനാകുന്നുണ്ട്. അതാണ് ലീഡര്‍ഷിപ്പ്. എല്ലാ മനുഷ്യനേയും സൃഷ്ടിച്ച് പരിപാലിക്കുന്നവനും എല്ലാവരുടേയും പിതാവുമാണ് ദൈവം എന്നു വിശ്വസിക്കുന്നവരാണ് ക്രൈസ്തവര്‍. ക്രൈസ്തവരെ മാത്രമല്ല എല്ലാവരേയും അങ്ങനെയാണ് കാണുന്നത്. അങ്ങനെയൊരു സാഹോദര്യം സൃഷ്ടിക്കാന്‍ ഹൈന്ദവ മതത്തില്‍ വിശ്വസിച്ചുകൊണ്ടുതന്നെ അദ്ദേഹം പരിശ്രമിക്കുന്നുണ്ട്. ആശയപരമായി പറഞ്ഞാലും ഹൈന്ദവമതത്തില്‍ ക്രൈസ്തവര്‍ക്ക് സ്വീകാര്യമായിട്ടുള്ളവയുണ്ട്.' 

'ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥ ഇപ്പോള്‍ ഇല്ല. ബിജെപിയുടെ ആധിപത്യം വന്നു കഴിഞ്ഞാല്‍ ക്രൈസ്തവരുടെ ജീവിതം അരക്ഷിതാവസ്ഥയിലാകുമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ എനിക്ക് അതേക്കുറിച്ച് അറിയില്ല. ഹൈന്ദവ ആധിപത്യം വന്നാല്‍ തങ്ങളെ തുരത്തുമോ എന്ന പേടി മുസ്ലീമുകള്‍ക്ക് ഉണ്ടായേക്കും. കാരണം അവര്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ മറ്റുള്ള വിഭാഗങ്ങളെ അവര്‍ ഓടിച്ചുവിടുകയാണ്. ആ ശൈലിയിലായിരിക്കും അവര്‍ ചിന്തിക്കുന്നത്.'- ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com