'ബിഎംഡബ്ല്യു കേരളത്തില്‍ നിന്ന് മടങ്ങാന്‍ കാരണം ഹര്‍ത്താല്‍ അല്ല; കാര്യങ്ങളെ നോക്കുകൂലിയിലേക്ക് ചുരുക്കരുത്'

ഫാക്ടറി പണിയാന്‍ ആവശ്യമായ ഭൂമിലഭ്യതയുടെ കുറവ് കൊണ്ടാണ് അവര്‍ മടങ്ങിപ്പോയതെന്നും അദ്ദേഹം വെളിപ്പെടുത്തി
സി ബാലഗോപാല്‍, ഫോട്ടോ/ എക്സ്പ്രസ്
സി ബാലഗോപാല്‍, ഫോട്ടോ/ എക്സ്പ്രസ്

കൊച്ചി: 2000ന്റെ തുടക്കത്തില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് കേരളത്തില്‍ വന്ന ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ പ്രതിനിധി സംഘം തിരിച്ചുപോയത് ഹര്‍ത്താല്‍ കാരണമല്ലെന്ന് ഫെഡറല്‍ബാങ്ക് ചെയര്‍മാനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി ബാലഗോപാല്‍. ഫാക്ടറി പണിയാന്‍ ആവശ്യമായ ഭൂമിലഭ്യതയുടെ കുറവ് കൊണ്ടാണ് അവര്‍ മടങ്ങിപ്പോയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ബിസിനസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാലഗോപാല്‍.

കേരളത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സൂക്ഷ്മത നഷ്ടപ്പെടുന്നു എന്നതാണ് തന്റെ വാദം. അട്ടിമറി, നോക്കുകൂലി എന്നിവയിലേക്ക് ചുരുക്കി ട്രേഡ് യൂണിയന്റെ അതിപ്രസരമായി ചിത്രീകരിച്ച് കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ബിഎംഡബ്ല്യു പ്രതിനിധി സംഘം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കൊച്ചിയിലേക്ക് റോഡുമാര്‍ഗം യാത്ര ചെയ്യാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. റോഡുമാര്‍ഗം കൊച്ചിയിലെത്തിയ സംഘത്തിന് ചേംബര്‍ കോമേഴ്‌സിന്റെ നേതൃത്വത്തില്‍ അത്താഴം ഒരുക്കി. അന്ന് ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നു. ചര്‍ച്ചയ്ക്കിടെ ഹര്‍ത്താല്‍ സംബന്ധിച്ച ചോദ്യം ഉയര്‍ന്നുവന്നു. ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാത്രമാണ് ഹര്‍ത്താലിനെ സംഘം കണ്ടിരുന്നത്. യഥാര്‍ഥത്തില്‍ ഹര്‍ത്താല്‍ ആയിരുന്നില്ല അവര്‍ മടങ്ങിപ്പോകാന്‍ കാരണമെന്നും ബാലഗോപാല്‍ പറഞ്ഞു. ബാലഗോപാല്‍ എഴുതിയ ബിലോ ദി റഡാര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്.

പ്രതിനിധി സംഘം മറ്റു ചില കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഫാക്ടറിയില്‍ നിന്ന് 50 ട്രക്കുകള്‍ പുറത്തേയ്ക്ക് വന്നാല്‍ മുഴുവനും തുറമുഖത്ത് എത്താന്‍ കഴിയുന്ന സംവിധാനം വേണം. അങ്ങനെ സാധിച്ചാല്‍ അവിടെ ഫാക്ടറി തുടങ്ങാന്‍ സന്തോഷം മാത്രമേയുള്ളൂ. അങ്ങനെയെങ്കില്‍ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കുന്നത് എന്തിന് എന്നും അവര്‍ ചോദിച്ചു. യഥാര്‍ഥത്തില്‍ ഫാക്ടി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലലഭ്യതയുടെ കുറവാണ് അവര്‍ പ്രശ്‌നമായി ചൂണ്ടിക്കാണിച്ചത്.

തുറമുഖത്തിന് സമീപം ഫാക്ടറി സ്ഥാപിക്കാന്‍ 1000 ഏക്കര്‍ ഭൂമിയാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. കേരളത്തെ പോലെ സ്ഥലലഭ്യത കുറവുള്ള സ്ഥലത്ത് ഇത് സാധ്യമാകില്ല എന്ന് കണ്ടാണ് അവര്‍ മടങ്ങിയത്. അല്ലാതെ അന്ന് ഹര്‍ത്താല്‍ ആയത് കൊണ്ടല്ല. ഒരു ഏക്കര്‍ തരാന്‍ പറ്റുമോ എന്നാണ് അവര്‍ ചോദിച്ചത്. സാധ്യമാവില്ല എന്ന് തിരിച്ചറിഞ്ഞാണ് അവര്‍ മടങ്ങിയതെന്നും  ബാലഗോപാല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com