അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച പിഞ്ചോമന ജീവിതത്തിലേക്ക് തിരിച്ചുവന്നു; ആശുപത്രി വിട്ടു, ഇനി സർക്കാരിന്റെ സ്‌നേഹ തണലിൽ

ആറൻമുളയിൽ പ്രസവിച്ച ഉടനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു
മന്ത്രി വീണാ ജോർജ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം
മന്ത്രി വീണാ ജോർജ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം

കോട്ടയം: ആറൻമുളയിൽ പ്രസവിച്ച ഉടനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രി അധികൃതർ വനിത ശിശുവികസന വകുപ്പിന് കൈമാറിയ കുഞ്ഞിനെ, ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 

കുഞ്ഞിന്റെ പരിചരണത്തിനായി കെയർ ഗിവറുടെ സേവനം നേരത്തെ ലഭ്യമാക്കിയിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് വിദഗ്ധ ചികിത്സ നൽകിയത്. കുഞ്ഞിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയർത്തിയ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ മുഴുവൻ ടീമിനും മന്ത്രി അഭിനന്ദനമറിയിച്ചു. 

കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുമ്പോൾ 1.3 കിലോ ആയിരുന്നു കുട്ടിയുടെ തൂക്കം. ഇപ്പോൾ 1.43 കിലോയുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം തുടർ ചികിത്സയ്ക്ക് കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ എത്തിക്കും. 

പത്തനംതിട്ട ആറൻമുളയിലെ വീട്ടിൽ ഏപ്രിൽ നാലാം തീയതിയാണ് ആൺകുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ പ്രസവിച്ച യുവതി അമിത രക്താസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതേത്തുടർന്ന് ചെങ്ങന്നൂർ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുഞ്ഞിനെ ബക്കറ്റിനുള്ളിൽ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com