'ജലറാണി'യായി കുതിക്കാന്‍; രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം ഇന്ന്; സര്‍വീസ് നാളെ മുതല്‍

കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും
കൊച്ചി വാട്ടർ മെട്രോ/ ഫെയ്സ്ബുക്ക്
കൊച്ചി വാട്ടർ മെട്രോ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ജലഗതാഗതത്തില്‍ കൊച്ചിയുടെ സ്വപ്‌നങ്ങള്‍ക്ക് പുതുതുടക്കം കുറിക്കുകയാണ് മെട്രോ സര്‍വീസ്. കൊച്ചി നഗരത്തേയും സമീപത്തുള്ള പത്തു ദ്വീപുകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. 

പുതിയ കാലത്തിന് ചേര്‍ന്ന വിധം ജലഗതാഗതം നവീകരിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെങ്കിലും നാളെ മുതലാകും പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് തുടങ്ങുക. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് നാളെ സര്‍വീസ് ആരംഭിക്കുന്നത്. 27 ന് ( മറ്റന്നാള്‍) വൈറ്റില- കാക്കനാട് റൂട്ടിലും സര്‍വീസ് തുടങ്ങും. 

രാവിലെ ഏഴു മണി മുതല്‍ രാത്രി എട്ടു മണി വരെ സര്‍വീസ് ഉണ്ടാകും. 15 മിനുട്ട് ഇടവിട്ട് ബോട്ടുകള്‍ സര്‍വീസ് നടത്തും. വൈറ്റില-കാക്കനാട് റൂട്ടില്‍ ബോട്ടു സര്‍വീസിന്റെ സമയക്രമം തീരുമാനിച്ചിട്ടില്ല. കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഒരു ബോട്ടു കൂടി ലഭിച്ചതോടെ, സര്‍വീസിനുള്ള ബോട്ടുകള്‍ ഒമ്പതായി. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മറ്റു റൂട്ടുകളിലും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

2016 ലാണ് വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയത്.  20 രൂപയാണ് കുറഞ്ഞ നിരക്ക്. ഉയര്‍ന്ന നിരക്ക് 40 രൂപയാണ്. വൈപ്പിനിലേക്ക് 20 രൂപയും, വൈറ്റില-കാക്കനാട് റൂട്ടില്‍ 30 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പു വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാനാകും.  

മെട്രോ സ്റ്റേഷനുകള്‍ക്ക് സമാനമായാണ് ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്‌ലോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസിനുണ്ടാകും.  വാട്ടര്‍ മെട്രോ രാജ്യത്തെ മാത്രമല്ല, ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com