ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ; സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ കയ്യാങ്കളി; പൊലീസുകാര്‍ക്കെതിരെ നടപടി

ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്ഐ നേതാവ് നിതീഷിന് പൊലീസ് പിഴയിട്ടതാണ്  സ്റ്റേഷൻ ആക്രമണത്തിലും സംഘർഷത്തിലും കലാശിച്ചത്
പേട്ട പൊലീസ് സ്റ്റേഷനിലെ സംഘര്‍ഷം/ ടിവി ദൃശ്യം
പേട്ട പൊലീസ് സ്റ്റേഷനിലെ സംഘര്‍ഷം/ ടിവി ദൃശ്യം

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത നേതാവിന് പിഴ ചുമത്തിയതിനെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ച തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. രണ്ട് എസ്‌ഐമാരെയും ഒരു ഡ്രൈവറേയും സ്ഥലംമാറ്റി. 

എസ്‌ഐ മാരായ എം അഭിലാഷ്, എസ് അസീം എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഡ്രൈവര്‍ മിഥുനെ എ ആര്‍ ക്യാമ്പിലേക്കും മാറ്റി. എസ്‌ഐ അഭിലാഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത വഞ്ചിയൂര്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിതീഷിന്  പേട്ട പൊലീസ് പിഴയിട്ടതാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ സ്റ്റേഷൻ ആക്രമണത്തിലും സംഘർഷത്തിലും കലാശിച്ചത്. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിവീശിയതോടെ രണ്ടുപേർക്ക് പരിക്കേറ്റു. 

ചെയ്യേണ്ടതെന്താണെന്നു ഞങ്ങൾക്ക് അറിയാം എന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. വിവരം അറിഞ്ഞെത്തിയ ശംഖുമുഖം ഡിസിപി അനുരൂപ് നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സംഘർഷം ശമിച്ചത്. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. 

ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് എസ്ഐ അഭിലാഷിനെതിരെ അന്വേഷണം നടത്തുന്നത്. സ്റ്റേഷനിൽ വെച്ച് എസ്ഐ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. എസ്.ഐമാർ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി നിതിൻ പൊലീസിന് പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഏതാനും സിപിഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 

ഒരുവാതിൽകോട്ടയിൽ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിൽ വരികയായിരുന്ന നിതീഷിനെ എസ്ഐമാരായ അഭിലാഷും അസീമും ചേർന്ന് തടഞ്ഞത്. ഹെൽമറ്റ് ധരിക്കാത്തതിന് നിയമപരമായ പെറ്റി അടയ്ക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. അപ്പോൾ താൻ ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറിയാണെന്നും അത്യാവശ്യത്തിന് പോകുകയാണെന്നും പറഞ്ഞു. എന്നാൽ പെറ്റി അടിച്ചേ മതിയാകൂ എന്ന് പൊലീസുകാർ ശഠിച്ചതോടെ നിതീഷും പൊലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com