ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ഹൈക്കോടതി, ദിലീപ്/ ഫയല്‍ ചിത്രം
ഹൈക്കോടതി, ദിലീപ്/ ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.  കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി അംഗീകരിച്ച് കൊണ്ട്   ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്. ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായുണ്ടെന്നായിരുന്നു പ്രധാന വാദം. ഇത് അംഗീകരിച്ച് കൊണ്ടാണ് ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ജില്ലാ ജഡ്ജി വസ്തുതകള്‍ ആണ് പരിശോധിക്കേണ്ടത്. ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണത്തിന് പൊലീസ് പോലുള്ള മറ്റു ഏജന്‍സികളുടെ സഹായം ആവശ്യമാണെങ്കില്‍ ജില്ലാ ജഡ്ജിക്ക് തേടാവുന്നതാണ്. പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയെ വീണ്ടും സമീപിക്കാവുന്നതാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.

 ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ഹര്‍ജിയില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നത്. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. അതിനിടെ കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള ഒരു നീക്കം മാത്രമാണ് ഇതെന്നായിരുന്നു ദിലീപിന്റെ വാദം. ഇത് അന്വേഷിക്കുന്നതിന് ആര്‍ക്കും പരാതിയില്ലാത്ത പശ്ചാത്തലത്തില്‍ ദിലീപ് എന്തിനാണ് ഇതിനെ എതിര്‍ക്കുന്നത് എന്നായിരുന്നു ഹൈക്കോടതി അന്ന് ആവര്‍ത്തിച്ച് ചോദിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com