ഒരു ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണും?; കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരായ ഹര്‍ജി തള്ളി; ഹര്‍ജിക്കാരന് 25,000 രൂപ പിഴ

പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു
ഹൈക്കോടതി/ ഫയല്‍ ചിത്രം
ഹൈക്കോടതി/ ഫയല്‍ ചിത്രം


കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി 25,000 രൂപ പിഴയും ചുമത്തി. 

അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റിയാണ് കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഡിസംബര്‍ 10ലെ ഉത്തരവെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 

പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഒരു ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്നും കോടതി ചോദിച്ചു. കൂടല്ലൂരിലെ ക്ഷീരകര്‍ഷകന്‍ പ്രജീഷാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

നരഭോജിക്കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കില്‍ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. ഏത് കടുവയാണ് ആക്രമിച്ചതെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വെടിവെക്കാവൂ, മാര്‍ഗരേഖ പാലിക്കാതെയാണ് വെടിവെക്കാന്‍  ഉത്തരവിട്ടതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com