ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം; ഭീഷണി വിലപ്പോവില്ലെന്ന് സിപിഎം

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്നും സിപിഎം
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ /ഫയല്‍
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ /ഫയല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നതെന്ന് സിപിഎം വാര്‍ത്താക്കുറിപ്പ്. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ല.  ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്നും സിപിഎം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

സര്‍വകലാശാലകളില്‍ ആര്‍എസ്എസ്, സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച്  രാഷ്ട്രീയം കളിക്കാനാണ് ഗവര്‍ണറുടെ ശ്രമം. സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണിത്. ഇതിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്‌ഐ ഒരു സ്വാതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്. എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിര്‍ക്കാനെന്ന വണ്ണം ചാന്‍സിലര്‍ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്.

ഗവര്‍ണര്‍ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകള്‍ പാലിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തില്‍ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഏകപക്ഷീയമായി വര്‍ഗീയത അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോള്‍ കാണുന്നത്. സര്‍വകലാശാലയിലെ കാവിവല്‍ക്കരണ നിലപാടുകള്‍ ഭരണഘടന ഉപയോഗിച്ച് മറയ്ക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നത്. അത് കേരളം അനുവദിച്ചുനല്‍കില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com