വിശ്വനാഥനെ 12 ഓളം പേര്‍ തടഞ്ഞു, രണ്ടുപേര്‍ മര്‍ദ്ദിച്ചു?; നിര്‍ണായക സൂചന ലഭിച്ചെന്ന് പൊലീസ്; മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് വിശ്വനാഥനെ തടഞ്ഞുവെച്ചതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്
വിശ്വനാഥൻ
വിശ്വനാഥൻ

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും. ഇതിന്റെ സാധ്യത അന്വേഷണ സംഘം പരിശോധിക്കുകയാണ്. വിശ്വനാഥന്റെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം വയനാട്ടിലെത്തും. 

വിശ്വനാഥനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആവര്‍ത്തിച്ചിരുന്നു. മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥന് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നുവെന്നും, മര്‍ദ്ദനം നേരിട്ടതായും ബന്ധുക്കള്‍ പരാതിപ്പെടുന്നു.

ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നില്‍ക്കുമ്പോഴാണ് വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തതും മര്‍ദ്ദിച്ചതും. ഇതിന്റെ മനോവിഷമത്തിലാണ് വിശ്വനാഥന്‍ ജീവനൊടുക്കിയതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. 

ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വനാഥന്റെ സഹോദരന്‍ ഗോപി, അമ്മ, മറ്റു ബന്ധുക്കള്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും. മെഡിക്കല്‍ കോളജ് എസിപി സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറിനാണ് മേല്‍നോട്ട ചുമതല. വിശ്വനാഥന്റെ മരണത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ വകുപ്പ് ചുമത്തിയിട്ടുണ്ട്. 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് വിശ്വനാഥനെ തടഞ്ഞുവെച്ചതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന.  12 ഓളം പേര്‍ ചേര്‍ന്നാണ് വിശ്വനാഥനെ തടഞ്ഞുവെച്ചതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. നാലുപേരാണ് വിശ്വനാഥനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. രണ്ടുപേര്‍ വിശ്വനാഥനെ മര്‍ദ്ദിച്ചതായും പൊലീസിന് വിവരം കിട്ടി.

വിശ്വനാഥനെ തടഞ്ഞ നാലുപേരില്‍ രണ്ടുപേരെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. മറ്റുള്ളവരെയും കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ചു നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ എസ് സി-എസ് ടി കമ്മീഷന്‍, ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയ കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com