വര്‍ഗീയത മറയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമം;  ചര്‍ച്ചയുടെ നേട്ടം എന്താണെന്ന് ജമാ അത്തെ ഇസ്ലാമി വ്യക്തമാക്കണം:  എം വി ഗോവിന്ദന്‍

'ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാ അത്തെ ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ല'
എംവി ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്
എംവി ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്

കാസര്‍കോട്: ആര്‍എസ്എസുമായുള്ള ചര്‍ച്ചയുടെ നേട്ടം എന്താണെന്ന് ജമാ അത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇസ്ലാമോഫോബിയ എന്ന പദം ഉപയോഗിച്ചുകൊണ്ട്, ആര്‍എസ്എസിന്റെയും ജമാ അത്തെ ഇസ്ലാമിയുടേയും വര്‍ഗീയത മറയ്ക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണ് നടത്തുന്നത്. സിപിഎമ്മിനെ കുറ്റപ്പെടുത്താനുള്ള ധാരണയാണ് രൂപപ്പെടുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികളാണ്. ഇസ്ലാം വര്‍ഗീയ വാദത്തിന്റെ  കേന്ദ്രമാണ് ജമാഅത്തെ ഇസ്ലാമി. ഈ വര്‍ഗീയ ശക്തികളുടെ നിലപാടിനെ ജനങ്ങള്‍ക്ക് മുമ്പില്‍ മറയ്ക്കാനാണ് ശ്രമം. വെല്‍ഫയര്‍ പാര്‍ട്ടി-കോണ്‍ഗ്രസ്-ലീഗ് ത്രയമാണ് ചര്‍ച്ചയ്ക്ക് പിന്നില്‍. കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി അന്തര്‍ധാര സജീവമാണ്. എല്ലാ കാലത്തും തുടരുന്ന ഈ ബന്ധത്തിന്റെ  തുടര്‍ച്ചയാകും ആര്‍ എസ് എസ് ജമാ അത്തെ ഇസ്ലാമി ചര്‍ച്ച എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

മുഖ്യമന്ത്രി ഉന്നയിച്ച ആരോപണത്തില്‍ യുഡിഎഫ് നേതൃത്വം ആണ് നിലപാട് വ്യക്തമാകേണ്ടത്. ഇസ്ലാമോഫോബിയ പടര്‍ത്താനാണ് സിപിഎം ശ്രമമെന്ന് ആരോപിക്കുന്ന ജമാ അത്തെ ഇസ്ലാമി എന്തിനാണ് ഏറ്റവുമധികം ഇസ്ലാമോഫോബിയ പടര്‍ത്തുന്ന ആര്‍എസ്എസുമായി ചര്‍ച്ച നടത്തുന്നതെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.

 യുഡിഎഫ് മൗനം പാലിക്കുന്നു: മന്ത്രി റിയാസ് 

ജമാ അത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ചയിൽ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണം. വിഷയത്തിൽ മുസ്ലിം ലീ​ഗും ഒരക്ഷരം മിണ്ടുന്നില്ല. യുഡിഎഫിലെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ഇത്.

ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാ അത്തെ ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ല. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ട്. ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com