ജാമ്യത്തില്‍ ഇറക്കാന്‍ എട്ടുലക്ഷം പിരിച്ചു; കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചു; സിപിഎമ്മില്‍ വീണ്ടും ഫണ്ട് വിവാദം

തിരുവനന്തപുരം ജില്ല കമ്മറ്റി അംഗത്തിനെതിരെയാണ് പരാതി
എകെജി സെന്റര്‍/ഫയല്‍
എകെജി സെന്റര്‍/ഫയല്‍


തിരുവനന്തപുരം: സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. തിരുവനന്തപുരം ജില്ല കമ്മറ്റി അംഗത്തിനെതിരെയാണ് പരാതി. കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചുവെന്നാണ് ആക്ഷേപം.

2015ലെ ഡിഡി ഓഫീസ് ഉപരോധത്തില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കുന്നതിനായി കെട്ടിവെച്ച ജാമ്യത്തുകയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പരാതി. കേസില്‍ എട്ടു സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. ജാമ്യത്തുകയായി ഒരാള്‍ ഒരുലക്ഷം കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ചാല ഏരിയ കമ്മറ്റിക്ക് കീഴിലുള്ള എട്ട് ലോക്കല്‍ കമ്മറ്റികള്‍ ഓരോ ലക്ഷം വീതം എട്ട് ലക്ഷം രൂപ സ്വരൂപിച്ചു. പിന്നീട് കേസിലെ പ്രതികളെ വെറുതെ വിട്ടപ്പോള്‍  പ്രതികളുടെ അക്കൗണ്ടിലേക്ക്  ഈ തുക തിരികെ ലഭിച്ചു. ഈ തുക സിപിഎം ഏരിയാ നേതാവിന് കൈമാറി. ഈ തുക പാര്‍ട്ടി അക്കൗണ്ടില്‍ വരവ് വച്ചിട്ടില്ലെന്നാണ് മുന്‍ ഏരിയാ കമ്മറ്റി അംഗത്തിന്റെ പരാതി. പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയതായ പരാതിയിലും റിപ്പോര്‍ട്ടിലും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായ ടി രവീന്ദ്രന്‍നായര്‍ക്കെതിരെയാണ് പരാതി. കേസ് നടത്തിപ്പിനായി നല്‍കിയ ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ വെട്ടിച്ചു എന്നാണ് ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com