ഏക സിവില്‍ കോഡ്: മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ സിപിഎം പങ്കെടുക്കും 

 ഏക സിവില്‍ കോഡിനെതിരെ മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  ഏക സിവില്‍ കോഡിനെതിരെ മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരായ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കിയത്.

26-ാതീയതിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കണമെന്ന് കാട്ടി സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്ക് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ക്ഷണക്കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനം.

ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ലീഗിനെ ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ കെട്ടടങ്ങിയത്. യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. ഇതിന് പിന്നാലെ ഏക സിവില്‍ കോഡിനെതിരെ ആര് പരിപാടി സംഘടിപ്പിച്ചാലും സിപിഎം പങ്കെടുക്കുമെന്നതായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തത്.

സെമിനാറിലേക്ക് ജമാ അത്തെ ഇസ്ലാമിയെ അടക്കം ക്ഷണിച്ചിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി ഭാഗമാണ് എന്നത് സെമിനാറില്‍ പങ്കെടുക്കാന്‍ തടസ്സമല്ല എന്നാണ് സിപിഎം നിലപാട്. ഏക സിവില്‍ കോഡ് പ്രശ്‌നത്തിലും ജമാ അത്തെയുമായി വേദി പങ്കിടില്ലെന്നായിരുന്നു സിപിഎമ്മിന്റെ മുന്‍ നിലപാട്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും ചെയര്‍പേഴ്‌സണ്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com