ഇരുട്ടടി; വൈദ്യുതി ചാർജ് ഇന്നുമുതൽ യൂണിറ്റിന് പത്തുപൈസ കൂടും

വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് ഇന്നു മുതൽ യൂണിറ്റിനു 10 പൈസ കൂടി സർചാർജ് ഈടാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് ഇന്നു മുതൽ യൂണിറ്റിനു 10 പൈസ കൂടി സർചാർജ് ഈടാക്കും.ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സർചാർജ്. 10 പൈസ കൂടി ചേരുന്നതോടെ, സർചാർജ് 19 പൈസ ആകും.

യൂണിറ്റിനു പരമാവധി 31 പൈസ വരെ സർചാർജ് ഈടാക്കാൻ അനുവദിച്ചിരുന്നത് 19 പൈസ ആയി കുറയ്ക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ രണ്ടു തരം സർചാർജ് ആണുള്ളത്. 3 മാസം കൂടുമ്പോൾ കണക്കുകൾ റെഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ കേന്ദ്രചട്ടങ്ങൾ അനുസരിച്ചു ബോർഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സർചാർജ്.

ആദ്യത്തെ രീതിയിലുള്ള സർചാർജ് 9 പൈസ ആണ് ഇന്നലെ വരെ പിരിച്ചിരുന്നത്. ഇന്നു മുതൽ ഇതു പരമാവധി 21 പൈസ വരെ കൂട്ടാൻ ബോർഡിന് അവകാശമുണ്ടെന്നു റഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ബോർഡ‍ിനു സ്വമേധയാ പിരിച്ചെടുക്കാവുന്ന രണ്ടാമത്തെ ഇനം സർചാർജ് ഇന്നു മുതൽ 10 പൈസ കൂടി പിരിച്ചെടുക്കാൻ കമ്മിഷൻ അനുമതി നൽകിയിരുന്നു.

ഇതനുസരിച്ച് ഇന്നു മുതൽ മൊത്തം 31 പൈസ വരെ സർചാർജ് പിരിക്കാം. ഇത് ഉപയോക്താക്കൾക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ആദ്യത്തെ ഇനം സർചാർജ് 21 പൈസയ്ക്കു പകരം നിലവിലുള്ള 9 പൈസ തുടരാനാണു കമ്മിഷന്റെ തീരുമാനം. അങ്ങനെ വരുമ്പോൾ ബോർഡ് സ്വമേധയാ പിരിച്ചെടുക്കുന്ന സർചാർജ് കൂടി ചേർത്ത് 19 പൈസ ആകും. ഇന്നു മുതൽ പിരിക്കുന്ന 9 പൈസയുടെ കണക്ക് ഒക്ടോബറിൽ കമ്മിഷനു ബോർഡ് സമർപ്പിക്കണം. ശേഷിക്കുന്ന തുക എങ്ങനെ പിരിക്കണമെന്ന് അപ്പോൾ തീരുമാനിക്കും.

കഴിഞ്ഞ ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ വൈദ്യുതി വാങ്ങിയതിന് അധികം വന്ന ചെലവ് ആയി 30 പൈസയും ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ 14 പൈസയും വേണമെന്നാണു ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് 285.04 കോടി രൂപ പിരിക്കാൻ ബോർഡിന് അർഹത ഉണ്ടെന്നു കമ്മിഷൻ കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com