വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ചു; തട്ടിയെടുത്തത്10 ലക്ഷം രൂപ; യുവതി അറസ്റ്റിൽ

മകളുടെ സംരക്ഷണത്തിൽ കഴിഞ്ഞതിനാൽ ബാങ്കിൽ വന്ന പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു
അറസ്റ്റിലായ രമ്യ/ ടിവി ദൃശ്യം
അറസ്റ്റിലായ രമ്യ/ ടിവി ദൃശ്യം

ആലപ്പുഴ: വയോധികന്റെ  എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യ(38) യാണ് അറസ്റ്റിലായത്. താമരക്കുളം ചാരുംമൂട്ടിൽ അബ്ദുൽ റഹ്മാന്റെ (80) എടിഎം കാർഡ് മോഷ്ടിച്ചാണ് യുവതി പണം തട്ടിയത്. 

അബ്ദുൽ റഹ്മാൻ താമസിക്കുന്ന വീടിന്റെ സമീപത്തുള്ള കുടുംബവീട്ടിൽ വാടകക്ക് താമസിച്ചു വരികയാണ് രമ്യയും ഭർത്താവും. കെഎസ്ഇബിയിൽ നിന്ന് ഓവർസിയറായി വിരമിച്ച അബ്ദുൽ റഹ്മാൻ ഇളയ മകൾക്കും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. മകളുടെ സംരക്ഷണത്തിൽ കഴിഞ്ഞതിനാൽ ബാങ്കിൽ വന്ന പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു. 

‌വണ്ടാനം മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയാണ് രമ്യയും ഭർത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അബ്ദുൽ റഹ്മാന്റെ അധ്യാപകരായ മകളും മരുമകനും രാവിലെ എട്ടുമണിക്ക് ജോലിക്ക് പോകും. പിന്നീട് അബ്ദുൾ റഹ്മാൻ മാത്രമാണ് വീട്ടുലുണ്ടാകുക. 

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് അബ്ദുൾ റഹ്മാൻ കിടന്നുറങ്ങുന്ന സമയത്ത് രമ്യ വീടിനുള്ളിൽ കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ച എടിഎം കാർഡ് കൈക്കലാക്കി. പാസ്‌വേഡ് മറന്നു പോകാതിരിക്കാൻ ഒരു പേപ്പറിൽ കുറിച്ച് എടിഎം കാർഡിനൊപ്പം വെച്ചിരുന്നു. കാർഡ് മോഷണം പോയ വിവരം വയോധികൻ അറിഞ്ഞതുമില്ല. 

2023 ജനുവരി 13 മുതൽ രമ്യ ഈ കാർഡ് ഉപയോഗിച്ച്  പണം പിൻവലിച്ചു കൊണ്ടിരുന്നു. ഓരോ ദിവസവും എടിഎം കൗണ്ടറിലെത്തി 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയും എന്നിങ്ങനെ ഇരുപതിനായിരം രൂപ വീതമാണ് പിൻവലിച്ചിരുന്നത്. നാലു മാസത്തിനുള്ളിൽ രമ്യ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് പിൻവലിച്ചത്.

മകൾക്ക് ഒരു സ്കൂട്ടർ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അബ്ദുൽ റഹ്മാൻ പണം പിൻവലിക്കാനായി എടിഎം കാർഡ് തിരക്കിയത്. അപ്പോഴാണ് കാർഡ് കാണുന്നില്ല എന്ന് മനസ്സിലായത്. നഷ്ടപ്പെട്ടതായിരിക്കാം എന്ന് കരുതി അബ്ദുൽ റഹ്മാൻ മകളെയും കൂട്ടി എസ്ബിഐ ചാരുംമൂട് ശാഖയിലെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിയുന്നത്. തുടർന്ന്  നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com