'അമല്‍ജ്യോതി കോളജ് വിഷയം മറയ്ക്കാന്‍ പണം വാങ്ങി നടത്തിയ ഗൂഢാലോചന; എസ്എഫ്‌ഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമം'

എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന ആരോപണത്തിന് പിന്നില്‍ അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ചര്‍ച്ചയാകാതിരിക്കാനുള്ള മാധ്യമങ്ങളുടെ ഗൂഢാലോചനയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി
പി എം ആര്‍ഷോ/ഫയല്‍
പി എം ആര്‍ഷോ/ഫയല്‍

കൊച്ചി: എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന ആരോപണത്തിന് പിന്നില്‍ അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ചര്‍ച്ചയാകാതിരിക്കാനുള്ള മാധ്യമങ്ങളുടെ ഗൂഢാലോചനയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. മൂന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന നിലപാട് തിരുത്തി മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വിഎസ് ജോയ് രംഗത്തുവന്നതിന് പിന്നാലെയാണ് പി എം ആര്‍ഷോയുടെ പ്രതികരണം. 

മഹാരാജാസ് കോളജിനുള്ളില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ക്യാമ്പസിനകത്ത് നടന്ന ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണം. മാധ്യമ ഗൂഢാലോചന നടന്നോയെന്നും സംശയമുണ്ട്. കോട്ടയം ജില്ലയിലെ അമല്‍ജ്യോതി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത വിഷയം ഏറ്റെടുത്ത് എസ്എഫ്‌ഐ ശക്തമായ സമരവുമായി മുന്നോട്ടുപോകുമ്പോഴാണ് ആ സമരത്തെ പൊതു സമൂഹത്തില്‍ എത്തിക്കാത്ത മാധ്യമങ്ങള്‍ എസ്എഫ്‌ഐയ്ക്ക് പിന്നാലെ വരുന്നത്. 

എസ്എഫ്‌ഐയെ മോശമായി ചിത്രീകരിച്ച് അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ മരണം പൊതുസമൂഹത്തില്‍ എത്തിക്കാത്ത തരത്തില്‍ പണം പറ്റി ചില മാധ്യമങ്ങള്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് സംശയമുണ്ട്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഒരുദിവസം മൂന്നോനാലോ വട്ടം നിലപാട് മാറ്റി പറയുകയാണ്. വിഷയത്തില്‍ പൊലീസിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും പരാതി നല്‍കും. മാധ്യമങ്ങള്‍ അവകാശപ്പെടുന്ന പോലുള്ള ക്രെഡിബിലിറ്റി തനിക്കുമുണ്ട്. രണ്ടുദിവസക്കാലം വ്യാജ വാര്‍ത്തകളിലൂടെ എസ്എഫ്‌ഐയെ ആക്രമിച്ചു. പി എം ആര്‍ഷോ എന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ, അധ്യാപകരെ സ്വാധീനിച്ച് കൃത്രിമം കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന ഒരാളാണെന്ന് സ്ഥാപിക്കുന്ന സ്ഥിതിയുണ്ടായി. എന്തുണ്ടെങ്കിലും എസ്എഫ്‌ഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനം അവസാനിപ്പിക്കണം.- പി എം ആര്‍ഷോ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com