പിപി ചിത്തരഞ്ജനെ തരംതാഴ്ത്തി; എ ഷാനവാസിനെ പുറത്താക്കി, മൂന്നു ഏര്യാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു, ആലപ്പുഴ സിപിഎമ്മില്‍ കടുത്ത നടപടി

ആലപ്പുഴയിലെ വിഭാഗീയതയില്‍ സിപിഎമ്മില്‍ കടുത്ത നടപടി
പിപി ചിത്തരഞ്ജന്‍/ഫെയ്‌സ്ബുക്ക്
പിപി ചിത്തരഞ്ജന്‍/ഫെയ്‌സ്ബുക്ക്

ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയില്‍ സിപിഎമ്മില്‍ കടുത്ത നടപടി. പിപി ചിത്തരഞ്ജന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കേരള ബാങ്ക് ഡയറക്ടര്‍ എം സത്യപാലനെയും ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ആലപ്പുഴ സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് ഏര്യാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ലഹരി കടത്ത് കേസില്‍ പ്രതിയായ എ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. 

സൗത്ത് ഏര്യാ സെക്രട്ടറിയുടെ ചുമതല സിബി ചന്ദ്രബാബുവിന് നല്‍കി. ഹരിപ്പാട് ഏര്യാ സെക്രട്ടറിയുടെ ചുമതല കെഎച്ച് ബാബുരാജിനാണ്. നോര്‍ത്ത്, സൗത്ത് ഏര്യാ കമ്മിറ്റികള്‍ ഒന്നാക്കും. ജില്ലാ സെക്രട്ടേറിയറ്റിലെ രണ്ട് ഒഴിവുകള്‍ നികത്തേണ്ടെന്നും തീരുമാനമായി. വിശദീകരണ നോട്ടീസ് ലഭിച്ച 25 നേതാക്കളെ കീഴ് ഘടകങ്ങളിലേക്ക് തരംതാഴ്ത്തി.
 

വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ടിപി രാമകൃഷ്ണന്‍, പികെ ബിജു എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍. സമ്മേളന കാലത്ത് ജില്ലയില്‍ കടുത്ത വിഭാഗീയതയുണ്ടായി എന്നായിരുന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അടക്കം നാല്‍പ്പത് പേര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കടുത്ത നടപടികള്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. 

കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎം നേതാവ് എ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്ന് ഒരുകോടിയില്‍ അധികം വില വരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും ലോറി വാടകയ്ക്ക് നല്‍കിയതാണ് എന്നുമായിരുന്നു ഷാനവാസിന്റെ വിശദീകരണം. കേസ് വന്നതിന് പിന്നാലെ ഷാനവാസിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com