18ാം വയസിൽ നടത്തിയ കൊലപാതകം, ശിക്ഷ വിധിച്ചതിന് പിന്നാലെ ഒളിവിൽ പോയി, 27 വർഷത്തിന് ശേഷം അച്ചാമ്മ പിടിയിൽ

മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്
അച്ചാമ്മ
അച്ചാമ്മ

കൊച്ചി; കൊലപാതകക്കേസിൽ വിധി വന്നതിനു പിന്നാലെ ഒളിവിൽ പോയ കുറ്റവാളി 27 വർഷത്തിനു ശേഷം പിടിയിൽ.  മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്. പല്ലാരിമംഗലം അടിവാടില്‍ കാടുവെട്ടിവിളെ മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചു വരികയായിരുന്നു. 

കൊലപാതകം നടന്ന് മുപ്പത്തിമൂന്നു വര്‍ഷവും ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷവുമായ കേസിലാണ് ഒടുവില്‍ അറസ്റ്റ്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ പിന്നാലെയായിരുന്നു റെജി ഒളിവിൽ പോയത്. സ്വർണം മോഷ്ടിക്കാനായാണ് മറിയാമ്മയെ റെജി അതിദാരുണമായി കൊലചെയ്തത്. അന്ന് 18 വയസു മാത്രമായിരുന്നു ഇവരുടെ പ്രായം. 

1990 ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീടിനുള്ളിലാണ് മറിയാമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.  അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മറിയാമ്മയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതില്‍ നിന്നും കമ്മല്‍ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുവേലയ്ക്ക് നിന്നിരുന്ന റെജിയാണ് കൊല നടത്തിയത് എന്നറിയുന്നത്. 1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ കേസില്‍ വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോകുകയായിരുന്നു. കോട്ടയം ജില്ലയില്‍ അയ്മനത്തും, ചുങ്കം എന്ന സ്ഥലത്തും മിനി എന്ന പേരില്‍ വീടുകളില്‍ അടുക്കളപണിയ്ക്കായി നിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്‌നാടിലേക്ക് പോയതായും വിവരമുണ്ടായിരുന്നു. എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരില്‍ കുടുംബസമേതം താമസിച്ചു വരുന്നതിനിടെയാണ് അറസ്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com