'പാമ്പുകടിച്ചു മരിച്ചവരെയും കള്ളു ഷാപ്പില്‍ കത്തികുത്തേറ്റ് മരിച്ചവരെയും രക്തസാക്ഷികളാക്കിയത് സിപിഎം'; ബിഷപ്പിനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

രക്തസാക്ഷികളെ കുറിച്ചുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍/ ചിത്രം ഫെയ്‌സ്ബുക്ക്‌
കെ സുരേന്ദ്രന്‍/ ചിത്രം ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: രക്തസാക്ഷികളെ കുറിച്ചുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയും പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണ്. അവരെയാണ് ബിഷപ്പ് തുറന്ന് കാണിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കള്ളുഷാപ്പിലെ തര്‍ക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമര്‍ശിക്കുന്നതില്‍ അത്ഭുതമില്ല. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളില്‍ മാത്രമാണ്. രാഷ്ട്രീയ കൊല നടത്തുന്നതും രക്തസാക്ഷികളെ ആഘോഷിക്കുന്നതും അവരാണ്. ലോകത്താകമാനം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ശൈലി. ഉന്മൂലന രാഷ്ട്രീയം പ്രത്യയശാസ്ത്രമാക്കിയ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ആയുധം താഴെവെക്കാന്‍ തയ്യാറായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികള്‍ എന്നായിരുന്നു പാംപ്ലാനിയുടെ വാക്കുകള്‍. പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരുമുണ്ടാകാമെന്ന് ബിഷപ്പ് പറഞ്ഞു. കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം യുവജനദിനാഘോഷ വേദിയിലാണ് ബിഷപ്പിന്റെ വിവാദ പരാമര്‍ശം.

'രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാര്‍.സത്യത്തിനും നന്‍മയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് അപ്പോസ്തലന്‍മാര്‍. ഈ പന്ത്രണ്ട് അപ്പോസ്തലന്‍മാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വമെന്നും' ബിഷപ്പ് പ്ലാംപാനി പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേരെടുത്തു പറയാതെയാണ് മാര്‍ പാംപ്ലാനി രക്തസാക്ഷികളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയത്. നേരത്തെ റബര്‍ വിലയുമായി ബന്ധപ്പെട്ട് ബിഷപ്പ് ജോസഫ് പ്ലാംപാനി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. റബര്‍ വില 300 രൂപയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com