'ദീപശിഖ ഭദ്രദീപം, ശുദ്ധിയോടെ ചെയ്യേണ്ട കാര്യം'; അശുദ്ധിയുടെ പേരില്‍ വനിതകളെ സിപിഎം നേതാക്കള്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുപ്പിച്ചില്ല, പരാതി

സിപിഎമ്മിന്റെ ഒരു വനിതാ നേതാവാണ് അശുദ്ധിയുടെ പേരില്‍ ഈ നിലപാട് സ്വീകരിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
ഫെയ്സ്ബുക്ക് ചിത്രം
ഫെയ്സ്ബുക്ക് ചിത്രം

ആലപ്പുഴ : അശുദ്ധിയുടെ പേരു പറഞ്ഞ് വനിതകളെ പുന്നപ്ര വയലാര്‍ വാര്‍ഷികത്തിലെ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം. വിലക്ക് ചൂണ്ടിക്കാട്ടി എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കി. 

ദീപശിഖ ഭദ്രദീപമാണെന്നും അതുമായി ഓടുന്നതു ശുദ്ധിയോടെ ചെയ്യേണ്ട കാര്യമാണെന്നും പറഞ്ഞാണ് വനിതകളെ വിലക്കിയതെന്ന് പരാതിയില്‍ പറയുന്നു. സിപിഎമ്മിന്റെ ഒരു വനിതാ നേതാവാണ് ഈ നിലപാട് സ്വീകരിച്ചതെന്നും സുബീഷ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ദീപശിഖാ പ്രയാണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് വനിതാ നേതാവ് ഈ വാദം ഉന്നയിച്ചത്. എഐവൈഎഫ് അതിനെ എതിര്‍ക്കുകയും കഴിഞ്ഞ വര്‍ഷം ദീപശിഖയേന്തി വനിതകള്‍ ഓടിയ കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ യോഗത്തിലുണ്ടായിരുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ പോലും വനിതാ നേതാവിനെ തിരുത്തിയില്ലെന്നും സുബീഷ് വ്യക്തമാക്കുന്നു. 

എഐവൈഎഫിന്റെ വനിതകള്‍ ദീപശിഖയുമായി ഓടുമെന്ന് യോഗത്തില്‍ താന്‍ അറിയിച്ചു. പക്ഷേ പ്രയാണത്തിന്റെ സമയത്തു വനിതകള്‍ക്ക് ദീപശിഖ നല്‍കാന്‍ സിപിഎം നേതാക്കള്‍ തയാറായില്ല. ഇതു കാരണം അവര്‍ കൊടി പിടിച്ച് ദീപശിഖയുടെ ഇരുവശവുമായാണ് ഓടിയതെന്നും സുബീഷ് പറയുന്നു. ദീപശിഖാ പ്രയാണത്തിന്റെ പുന്നപ്ര റിലേ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് സുബീഷ്. 

സിപിഎമ്മും സിപിഐയും ചേര്‍ന്നാണു പുന്നപ്ര വയലാര്‍ വാര്‍ഷികം ആചരിക്കുന്നത്. രാഷ്ട്രപതിയെ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തില്‍ പങ്കെടുപ്പിക്കാത്തതിനെ പൊതുവേദികളില്‍ വിമര്‍ശിക്കുന്നവര്‍ക്കിടയില്‍ തന്നെ ആര്‍എസ്എസ് മനസ്സുള്ളവരുണ്ട് എന്നു തിരിച്ചറിയണം. വിവേചനപരമായ തീരുമാനം എടുത്തവര്‍ക്കെതിരെ സംഘടനാ നടപടിയെടുക്കണമെന്നും സുബീഷ് പരാതിയില്‍ ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com