പ്രസാദിന്റെ സിബില്‍ സ്‌കോര്‍ 812, വായ്പയ്ക്കായി ചെന്നിട്ടില്ലെന്ന് ബാങ്കുകള്‍; അന്വേഷിക്കുമെന്ന് മന്ത്രി

പിആര്‍എസ് വായ്പ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിമന്ത്രി പറഞ്ഞു
മന്ത്രി പി പ്രസാദ്/ ഫെയ്സ്ബുക്ക്
മന്ത്രി പി പ്രസാദ്/ ഫെയ്സ്ബുക്ക്

ആലപ്പുഴ: കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന് ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉണ്ടായിട്ടും വായ്പ നിഷേധിച്ചത് അന്വേഷിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പ്രസാദ് വായ്പയ്ക്കായി ചെന്നില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. പ്രാഥമികമായി ബാങ്കുകളുടെ ഈ വാദം പൂര്‍ണമായി വിശ്വാസത്തിലെടുക്കുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് കൃഷിമന്ത്രി പറഞ്ഞു. 

ആലപ്പുഴ കലക്ടറേറ്റില്‍ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസാദിന്റെ സിബില്‍ സ്‌കോര്‍ 812 ആണ്. ഇത് ഉയര്‍ന്ന സ്‌കോറാണ്. ഇത്ര ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉണ്ടായിട്ടും വായ്പ നിഷേധിച്ചത് സര്‍ക്കാര്‍ പരിശോധിക്കും. കര്‍ഷകന്‍ കെജി പ്രസാദ് വായ്പയ്ക്കായി സമീപിച്ച മൂന്നു ബാങ്കുകളുമായും സംസാരിച്ചു. പിആര്‍എസ് വായ്പയുടെ പേരില്‍ കര്‍ഷകര്‍ക്ക് മറ്റു വായ്പകള്‍ നിഷേധിക്കുന്നില്ലെന്നാണ് ബാങ്കുകള്‍ യോഗത്തില്‍ നിലപാടെടുത്തത്. 

മൂന്നു ബാങ്കുകള്‍ വായ്പ നിഷേധിച്ചതായാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇതേപ്പറ്റി സമഗ്രമായും ഗൗരവകരവുമായി  സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്നു ബാങ്കുകളോടും ചോദിച്ചിരുന്നു. തങ്ങളെ സമീപിച്ചില്ലെന്ന വാദഗതികളാണ് ബാങ്ക് പറഞ്ഞത്. ഈ വാദഗതികളെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. അങ്ങനെ സമീപിക്കാതെ ഒരാള്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതുമെന്ന് കരുതുന്നില്ല. കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്.  

പിആര്‍എസ് വായ്പ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിഭാഗവുമായി ചര്‍ച്ച ചെയ്യാമെന്ന് ബാങ്കുകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന് എസ്എല്‍ബിസി കണ്‍വീനറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍ കര്‍ഷക വിരുദ്ധ സമീപനം സ്വീകരിക്കരുത്. സിബില്‍ സ്‌കോറിന്റെ പ്രശ്‌നം പറഞ്ഞ് ബാങ്കുകള്‍ കര്‍ഷകനെ ബുദ്ധിമുട്ടിക്കുന്ന സമീപനം തിരുത്തണം. കര്‍ഷകന് പ്രശ്‌നമുണ്ടാക്കാത്ത തരത്തില്‍ പിആര്‍എസ് വായ്പ പരിഗണിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു. 

നിലവില്‍ പിആര്‍എസിന്റെ പേരില്‍ കേരളത്തിലെ ഒരു ബാങ്കിലും തിരിച്ചടവ് മുടങ്ങുന്ന ഒരു കുടിശ്ശികയായി നില്‍ക്കുന്നില്ലെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. ഇക്കാര്യം ബാങ്കുകള്‍ തന്നെ പറഞ്ഞതാണ്. എസ്എല്‍ബിസി കണ്‍വീനറായ കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ നല്‍കിയ കണക്ക് അനുസരിച്ചും, നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതും ശരിയാണെന്ന് വ്യക്തമായി. 2024 മെയ് മാസം മാത്രമേ തിരിച്ചടവിന്റെ പ്രശ്‌നം വരുന്നുള്ളൂ എന്നും മന്ത്രി പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com