23 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല; കെഎസ്ഇബി ഓഫീസിൽ ചെന്നപ്പോൾ കണ്ടത്; വീഡിയോ പങ്കുവെച്ച് യുവാവ്

രാത്രി ഒരു അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെയാവാന്‍ പാടില്ല എന്നതിന്റെ നേര്‍കാഴ്ചയാണ് ഓഫീസില്‍ കണ്ടതെന്ന് അര്‍ജുന്‍  പറയുന്നു
വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്

കോട്ടയം: തുടര്‍ച്ചയായി ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടര്‍ന്ന് യുവാവ് കെഎസ്ഇബി ഓഫീസില്‍ ചെന്നപ്പോള്‍ കണ്ടത് ഡ്യൂട്ടി സമയത്ത് കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന ജീവനക്കാരെ. രാത്രി വൈദ്യുതി പോയതിനെത്തുടര്‍ന്ന് യുവാവ് 23 തവണയാണ് കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചത്. ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്നാണ് ഓഫീസിലേക്ക് ചെല്ലുന്നത്. സംഭവത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

കോട്ടയം കുമരകത്തെ കെഎസ്ഇബി ഓഫീസിലെത്തിയപ്പോള്‍ കണ്ടതെന്ത് എന്ന് പറഞ്ഞുകൊണ്ട് അര്‍ജുന്‍ സി പവനന്‍ എന്ന യുവാവ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങളുള്ളത്. ശനിയാഴ്ച രാത്രി 11.30 മുതല്‍ കുമരകം കെഎസ്ഇബി ഓഫീസിലേക്ക് 23 തവണയാണ് വിളിച്ചത്. ഫോണ്‍ എടുക്കാതെ വന്നതോടെ ഓഫീസിലെത്തുന്നു. പുറത്ത് ഓഫീസ് ജീപ്പ് കിടക്കുന്നുണ്ട്. 

പുറത്തു നിന്ന് വീണ്ടും ഫോണ്‍ വിളിച്ചു. ഓഫീസിനകത്ത് ഫോണ്‍ റിങ് ചെയ്യുന്നത് പുറത്ത് കേള്‍ക്കാം. ഒപ്പം കൂര്‍ക്കം വലിക്കുന്ന ശബ്ദവും. ആരും ഉണരുന്ന ലക്ഷണമില്ലെന്ന് മനസിലായതോടെ കതകില്‍ തട്ടി വിളിച്ചു. നിരവധി തവണ തട്ടിവിളിച്ചതിന് ശേഷമാണ് ഒരാള്‍ ഉണര്‍ന്നത്. പിന്നാലെ മറ്റുള്ളവരും ഉണര്‍ന്നു. 

വൈദ്യുതി ഇല്ലാത്ത കാര്യം പറഞ്ഞപ്പോള്‍ ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് പോയതാണെന്ന് മറുപടി. എന്തുകൊണ്ട് ഫോണ്‍ എടുത്തില്ലയെന്നതിന് വ്യക്തമായ ഉത്തരമില്ല. രാത്രി ഡ്യൂട്ടിയിലുള്ള മൂന്നുപേരും കിടന്നുറങ്ങിയത് തെറ്റല്ലേയെന്ന ചോദ്യത്തിനും ഉത്തരമില്ല. രാത്രി ഒരു അടിയന്തര സാഹചര്യമുണ്ടായാല്‍ കെഎസ്ഇബി. ഉദ്യോഗസ്ഥര്‍ എങ്ങനെയാവാന്‍ പാടില്ല എന്നതിന്റെ നേര്‍കാഴ്ചയാണ് കുമരകത്തെ ഓഫീസില്‍ കണ്ടതെന്ന് അര്‍ജുന്‍ സി പവനന്‍ പറയുന്നു. 

എന്തെങ്കിലും അപകടം നടന്നതിനെ തുടര്‍ന്ന് കെഎസ്ഇബിയിലേക്ക് വിളിക്കുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ പരിണിതഫലം എന്താവും എന്നും യുവാവ് ചോദിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും പരാതി നല്‍കുമെന്നും അര്‍ജുന്‍ പറഞ്ഞു. 42 മിനിട്ട് ദൈര്‍ഘ്യമുള്ള വിശദമായ വീഡിയോ അര്‍ജുന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വിഷയത്തില്‍  വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതായാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com