മകനേയും കുടുംബത്തേയും പിതാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവം; മരണം നാലായി

മാടക്കത്തറ പഞ്ചായത്തിലെ ചിറക്കേക്കോട്ട് പിതാവ് മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി
മരിച്ച ജോജിയും മകനും/ഫയല്‍
മരിച്ച ജോജിയും മകനും/ഫയല്‍

തൃശൂര്‍: മാടക്കത്തറ പഞ്ചായത്തിലെ ചിറക്കേക്കോട്ട് പിതാവ് മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കൊട്ടേക്കാടന്‍ വീട്ടില്‍ ജോജിയുടെ ഭാര്യ ലിജി (32) ആണ് ഇന്നു മരിച്ചത്. ജോജി (39), മകന്‍ തെന്‍ഡുല്‍ക്കര്‍ (12) എന്നിവര്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. തീ കൊളുത്തിയ പിതാവ് ജോണ്‍സന്‍ (68) വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഒരാഴ്ചയ്ക്കു ശേഷം മരിച്ചിരുന്നു. 

സെപ്റ്റംബര്‍ 14നു പുലര്‍ച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ചത്. ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമായിരുന്നു ഇയാള്‍ പെട്രോളുമായി മകന്റെ മുറിയിലേക്കു പോയത്. ഏതാനും വര്‍ഷങ്ങളായി ജോണ്‍സനും മകനും തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ഇടക്കാലത്തു വാടകവീട്ടിലേക്കു മാറിയ ജോജിയും കുടുംബവും ബന്ധുക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്നു 2 വര്‍ഷം മുന്‍പാണു തറവാട്ടില്‍ മടങ്ങിയെത്തിയത്.

സമീപവാസികളാണ് ആംബുലന്‍സ് വിളിച്ചുവരുത്തി പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജൂബിലി മിഷനിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും ജോജിയും തെന്‍ഡുല്‍ക്കറും അന്നു തന്നെ മരിച്ചു. തീയാളുന്നതു കണ്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ ജോണ്‍സന്‍ ആക്രമിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടിലെ മോട്ടര്‍ തകര്‍ത്തതും ജോജി കിടന്ന മുറിയുടെ വാതില്‍ പുറത്തുനിന്നു പൂട്ടിയതും കൃത്യം ആസൂത്രിതമായി നടത്തിയതിനു തെളിവായി. മൂന്നുപേരും കിടന്ന കിടക്കയില്‍ തീ പടര്‍ന്നതോടെ ഇവരെ പുറത്തെടുക്കുന്നതിനും ഏറെ ബുദ്ധിമുട്ടി.

തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. ഇയാളെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഒരാഴ്ചയ്ക്കു ശേഷം മരിച്ചു. ലോറി ഡ്രൈവറായ ജോജിക്കു പുറമേ ജോണ്‍സന് ഒരു മകനും മകളുമുണ്ട്. തളിക്കോട് ജീവന്‍ ജ്യോതി പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു തെന്‍ഡുല്‍ക്കര്‍.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com