'അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായി, ഹൃദയാഘാതം സംഭവിച്ചു': യുവാവിന്റെ മരണത്തിൽ മെഡിക്കൽ ബുള്ളറ്റിൻ

ശനിയാഴ്ച മുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നു എന്നും ഡോക്ടർമാർ
രാഹുല്‍
രാഹുല്‍

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായിരുന്നു എന്നാണ് ബുള്ളറ്റിനിൽ പറയുന്നത്. ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചു. ശനിയാഴ്ച മുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നു എന്നും ഡോക്ടർമാർ വ്യക്തമാക്കി. വിദഗ്ധ പരിശോധന റിപ്പോർട്ട് വന്നാൽ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു എന്നും ഡോക്ടർമാർ പറഞ്ഞു. 

കോട്ടയം സ്വദേശിയായ രാഹുൽ ഡി നായരാണ് കൊച്ചിയിൽ മരിച്ചത്. ഹോട്ടലിൽ നിന്ന് പാഴ്സലായി  വാങ്ങിയ ഷവർമ കഴിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ ആരോഗ്യസ്ഥിതി മോശമായത്. ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുൽ ഇന്ന് ഉച്ചതിരിഞ്ഞ് 2.55 നാണ് മരിക്കുകയായിരുന്നു. രാഹുലിന്റെ പോസ്റ്റ്മോർട്ടം നാളെ കളമശ്ശേരി മെഡിക്കൽ കോളജിൽ നടക്കും.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഹുല്‍ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവര്‍മയും മയോണൈസും പാര്‍സലായി വാങ്ങി മുറിയില്‍ വച്ച് കഴിച്ചത്. പിന്നാലെ ചര്‍ദ്ദിയും വയറിളക്കവും അനുഭവപെട്ടെങ്കിലും പ്രാഥമിക ചികിത്സ മാത്രമാണ് തേടിയത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ  ശനിയാഴ്ച്ചയാണ് രാഹുല്‍  കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അന്നുമുതല്‍ വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവൻ നിലനിര്‍ത്തിയിരുന്നത്. 

ഭക്ഷ്യ വിഷബാധയാണോയെന്ന് വ്യക്തത വരുത്തുന്നതിന് രാഹുലിന്‍റെ രക്തം പരിശോധനക്ക് അയച്ചിരുന്നു. ഫലം കാത്തിരിക്കുന്നതിനിടയിലായിരുന്നു രാഹുലിന്റെ അന്ത്യം. രക്ത പരിശോധന ഫലമോ  പോസ്റ്റുമോർട്ടം റിപ്പോർട്ടോ  വന്നെങ്കിൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയില്‍ ലേ ഹയാത്ത് ഹോട്ടലിന് പൊലീസ് കാവൽ ഏർപെടുത്തിയിരിക്കുകയാണ്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com