കലക്ടര്‍ നടപ്പാക്കുന്നത് കോടതി നിര്‍ദേശം; പരസ്യപ്രസ്താവന വേണ്ട; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി

പരസ്യപ്രസ്താവനകള്‍ നീതിനിര്‍വഹണത്തെ തടസപ്പെടുത്തലായി കാണേണ്ടിവരുമെന്നും കോടതി പറഞ്ഞു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: ചട്ടംലംഘിച്ചുകൊണ്ടുള്ള ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മാണം തടഞ്ഞതില്‍ പരസ്യപ്രസ്താവന വേണ്ടെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി. കോടതി നിര്‍ദേശം നടപ്പാക്കുക മാത്രമാണ് അമിക്കസ്‌ക്യൂറിയും ജില്ലാ കലക്ടറും ചെയ്യുന്നത്. ഇവര്‍ക്കെതിരെ പരസ്യപ്രസ്താവന പാടില്ലെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണം. പരസ്യപ്രസ്താവനകള്‍ നീതിനിര്‍വഹണത്തെ തടസപ്പെടുത്തലായി കാണേണ്ടിവരുമെന്നും കോടതി പറഞ്ഞു.

ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണം ചട്ടംലംഘിച്ചാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കലക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ഓഫീസ് നിര്‍മ്മാണവുമായി സിപിഎം മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കാന്‍ ജില്ല കലക്ടറോട് കോടതി നിര്‍ദേശം നല്‍കിയത്. എന്നാല്‍ കോടതി നിര്‍ദേശം നിലനില്‍ക്കെ അന്നുരാത്രിപോലും നിര്‍മ്മാണം തുടര്‍ന്നു. സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി കേസില്‍ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയെ കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഇതിനുശേഷം പല തവണ ജില്ലാ കലക്ടര്‍ക്കും അമിക്കസ്‌ക്യൂറിക്ക് നേരെയും ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് പരസ്യപ്രസ്താവനകള്‍ ഉണ്ടായിരുന്നു.  ഇത്തരത്തിലുള്ള പരസ്യപ്രസ്താവനകള്‍ പാടില്ലയെന്നാണ് മൂന്നാര്‍ വിഷയങ്ങള്‍ പരിഗണിക്കുന്ന പ്രത്യേകബഞ്ച് നിര്‍ദേശം നല്‍കിയത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കോടതിയെ രേഖാമൂലം അറിയിക്കണം. കോടതി ഉത്തരവ് നടപ്പിലാക്കുകയാണ് ജില്ലാകലക്ടറും അമിക്കസ് ക്യൂറിയും നിര്‍വഹിക്കുന്നത്. ഇവര്‍ക്കെതിരെ ഇത്തരത്തില്‍ എന്തെങ്കിലും പരസ്യപ്രസ്താവനകള്‍ നടത്തുകയാണെങ്കില്‍ അത് നിര്‍വഹണം തടസപ്പെടുത്തലായി കണക്കാക്കുക്കുമെന്ന് കോടതി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തിലും ഹൈക്കോടതി അതൃപ്തി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com