മരണവീട്ടില്‍ വാക്കുതര്‍ക്കം, ബന്ധുക്കളുടെ അടിയേറ്റയാള്‍ മരിച്ചു, അറസ്റ്റ് 

മരണവീട്ടിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കളുടെ മര്‍ദനമേറ്റയാള്‍ മരിച്ചു
കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് സംഘം തെളിവെടുപ്പ് നടത്തുന്നു
കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് സംഘം തെളിവെടുപ്പ് നടത്തുന്നു

തിരുവനന്തപുരം: മരണവീട്ടിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കളുടെ മര്‍ദനമേറ്റയാള്‍ മരിച്ചു. കാട്ടാക്കട തൂങ്ങാംപാറ പൊറ്റവിളയില്‍ ജലജന്‍ (55) ആണ് മരിച്ചത്. അടുത്ത ബന്ധുക്കളായ സുനില്‍കുമാര്‍, സഹോദരന്‍ സാബു എന്നിവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ജലജന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

ഇവരുടെ അടുത്ത ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനു ചൊവ്വാഴ്ച വൈകീട്ട് നാലോടെ എത്തിയതായിരുന്നു ഇരുഭാഗവും. ഇവിടെനിന്നു മടങ്ങുമ്പോള്‍ ഓട്ടോറിക്ഷയില്‍ എത്തിയ സുനിലും സാബുവും കാറിലെത്തിയ ജലജനുമായി മരണവീടിനു സമീപം റോഡില്‍വെച്ച് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് അടിപിടിയാകുകയും സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പെടെ ഇടിക്കുകയുമായിരുന്നു.

മരണവീട്ടിലെത്തിയവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് എത്തിയാണ് ചോരവാര്‍ന്ന് റോഡില്‍ കിടന്ന ജലജനെ ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സുനില്‍കുമാര്‍ കാട്ടാക്കട സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സാബുവിനെ കുരവറയിലെ ഭാര്യവീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ജലജന്റെ സഹോദരിയുടെ മകളെ വിവാഹം കഴിച്ചയാളാണ് കാട്ടാക്കടയിലെ ചുമട്ടുതൊഴിലാളിയായ സുനില്‍കുമാര്‍. സാബു പൂവച്ചലില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. അഞ്ചുവര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പലപ്രാവശ്യം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷമാണ് ഒരു ജീവനെടുത്തത്. പാറമുകളില്‍  'ന്യൂ ലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ' എന്ന സംഘടനയുടെ കീഴില്‍ ഓള്‍ഡ് ഏജ് ഹോം നടത്തുന്ന ജലജന്റെ മരണത്തോടെ, 10 അന്തേവാസികളുള്ള ഈ കേന്ദ്രത്തിന്റെ നടത്തിപ്പും പ്രതിസന്ധിയിലായി.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com