കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചു; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍, സഭയില്‍ വാക്കേറ്റം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയും സ്പീക്കര്‍ എഎന്‍ ഷംസീറും തമ്മില്‍ വാക്‌പ്പോര്
മാത്യു കുഴല്‍നാടന്‍ നിയസഭയില്‍/സഭ ടിവി സ്‌ക്രീന്‍ഷോട്ട്
മാത്യു കുഴല്‍നാടന്‍ നിയസഭയില്‍/സഭ ടിവി സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് സഭയില്‍ വായിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയും സ്പീക്കര്‍ എഎന്‍ ഷംസീറും തമ്മില്‍ വാക്‌പ്പോര്. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്‍ഡ് റിപ്പോര്‍ട്ട് വായന മാത്യു കുഴല്‍നാടന്‍ തുടര്‍ന്നു. ഇതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയാണ് നിയമസഭയില്‍ ബഹളമുണ്ടായത്.

തന്നെ ഭരണപക്ഷ അംഗങ്ങള്‍ രണ്ട് ദിവസമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചര്‍ച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്യു റിമാന്‍ഡ് റിപ്പോര്‍ട്ട് തുടര്‍ന്നും വായിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ട് രേഖകളില്‍ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കര്‍, റിപ്പോര്‍ട്ട് ശരിയാവണമെന്നില്ലെന്നും പറഞ്ഞു.

ഒരാളെ റിമാന്‍ഡ് ചെയ്തതുകൊണ്ട് അയാള്‍ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കില്‍ ഞാനൊക്കെ എത്ര കേസില്‍ പ്രതിയാണെന്നും സ്പീക്കര്‍ ചോദിച്ചു. നിങ്ങള്‍ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം റിമാന്‍ഡ് റിപ്പോര്‍ട്ട് വായിക്കുന്നത് തുടര്‍ന്നാല്‍ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു. അഴിമതിയെ കുറിച്ച് പറയുമ്പോള്‍ എന്തിന് അസ്വസ്ഥനാകുന്നു എന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം. പിന്നാലെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. തന്നെക്കുറിച്ച് പറയുമ്പോള്‍ ചെയര്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ചോദിച്ച് മാത്യു കുഴനാടന്‍ സ്പീക്കറോടും കുപിതനായി. മൈക്ക് ഓഫ് ചെയ്തതോടെ പ്രസംഗം അവസാനിപ്പിച്ചു. മാത്യു കുഴല്‍നാടനും സ്പീക്കറും തമ്മിലുണ്ടായ തര്‍ക്കം സഭാ ടിവിയില്‍ കാണിക്കുന്നത് ഒഴിവാക്കുകയും ചെയ്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com