നിപയില്‍ ഹൈക്കോടതി; ശബരിമല തീര്‍ഥാടകര്‍ക്കായി മാര്‍ഗനിര്‍ദേശം വേണം

കേരളത്തില്‍ വീണ്ടും നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി
ശബരിമല/ ഫയല്‍ ചിത്രം
ശബരിമല/ ഫയല്‍ ചിത്രം

കൊച്ചി: കേരളത്തില്‍ വീണ്ടും നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജയ്ക്കായി മറ്റന്നാള്‍ നട തുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളില്‍ ദേവസ്വം കമ്മിഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനും ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ തീര്‍ഥാടകരുടെ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകള്‍ക്കായി ഉള്ളത്. 

അതിനിടെ, നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്. പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതായും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ കെ ശശീന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകനല്ല. രോഗിക്ക് ഒപ്പം ആശുപത്രിയില്‍ എത്തിയ ആള്‍ക്കാണ്. അദ്ദേഹം ആശുപത്രിയില്‍ എത്തിയ അതേ സമയത്ത് ഓഗസ്റ്റ് 30ന് മരിച്ച വ്യക്തിയും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 30-ാം തീയതി നിപ ബാധിച്ച് മരിച്ചയാളുടെ ഹൈ റിസ്‌ക് കോണ്‍ടാക്റ്റില്‍പ്പെട്ട എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും. ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലങ്കിലും പരിശോധന നടത്തും. ഒരേസമയം 192 പേരുടെ പരിശോധനഫലം നടത്താനുള്ള സംവിധാനമുണ്ട്. ഒന്നരമണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com