അരവിന്ദാക്ഷനെ ചോദ്യം ചെയ്തത് കാമറക്ക് മുന്നില്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാവിനെ മര്‍ദ്ദിച്ചെന്ന ആരോപണം  ഇഡി തള്ളി

സിപിഎം നേതാവിന്റേത് സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്ന സിപിഎം നേതാവിന്റെ ആരോപണം ഇഡി തള്ളി. സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനാണ് ഇഡിക്കെതിരെ പരാതിയുമായി രംഗത്തു വന്നത്.  കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും മന്ത്രി കെ രാധാകൃഷ്ണന്റെയും പേരു പറയാന്‍ ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു എന്നാണ് അരവിന്ദാക്ഷന്‍ ആരോപിച്ചത്. 

എന്നാല്‍ സിപിഎം നേതാവിന്റേത് സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. സിപിഎം നേതാവിന്റെ പരാതിയില്‍ പൊലീസ് സംഘം ഇഡി ഓഫീസിലെത്തി പരിശോധിച്ചത് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു. പൊലീസ് നടപടി കാര്യമാക്കേണ്ടെന്നും, അന്വേഷണവുമായി മുന്നോട്ടു പോകാനും ഇഡി തലപ്പത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നേരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷണ വേളയിലും സമാനമായ സമ്മര്‍ദ്ദം ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായിരുന്നു. അതിനു സമാനമായ സാഹചര്യം മാത്രമാണ് ഇപ്പോഴത്തേതെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതരായ പല നേതാക്കള്‍ക്കെതിരെയും മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും റെയ്ഡുകളും നടക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇഡിയുടെ നിഗമനം. അരവിന്ദാക്ഷനെ ചോദ്യം ചെയ്തത് 12 നാണ്. ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കുന്നത് 19 ന് ശേഷമാണ്. ഇതിനു പിന്നില്‍ കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. എസി മൊയ്തീന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് പരാതി ഉയര്‍ന്നത്. 

ഇഡി ഓഫീസില്‍ 24 ഓളം സിസിടിവി കാമറകളുണ്ട്. കൂടാതെ ചോദ്യം ചെയ്യല്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ളതാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണവുമായി മുന്നോട്ടു പോകാനാമ് ഇഡിയുടെ തീരുമാനം. കേസില്‍ എസി മൊയ്തീന് വീണ്ടും നോട്ടീസ് അയക്കുന്നതില്‍ ഉടന്‍ തീരുമാനം എടുത്തേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com