നായ്ക്കളുടെ കാവലില്‍ കഞ്ചാവ് കച്ചവടം; റോബിനായി വല വിരിച്ച് പൊലീസ്; വ്യാപക പരിശോധന

കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്
റോബിൻ/ ടിവി ദൃശ്യം
റോബിൻ/ ടിവി ദൃശ്യം

കോട്ടയം: കോട്ടയം കുമരനെല്ലൂരില്‍ മുന്തിയ ഇനം നായകളുടെ കാവലില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡോഗ് ട്രെയിനര്‍ കൂടിയായ കൊശമറ്റം കോളനി തെക്കേതുണ്ടത്തില്‍ റോബിന്‍ ജോര്‍ജ് (28) നെയാണ് അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. 

കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. റോബിന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി. റോബിന്റെ വീട്ടിലെത്തിയ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമരനല്ലൂര്‍ കൊച്ചാലുംമൂട്ടില്‍ ഡെല്‍റ്റകെ ഒമ്പത് എന്ന സ്ഥാപനം റോബിന്‍ നടത്തിയിരുന്നു. 

നായ പരിശീലന കേന്ദ്രത്തില്‍ വ്യാപകമായി കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകള്‍ വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. സമീപവാസിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഈ വീട്ടില്‍ കഞ്ചാവ് ഉണ്ടെന്ന് പൊലീസ് ഉറപ്പാക്കി. 

ഇന്നലെ രാവിലെ പത്തുമണിയോടെ ഇടപാടുകാരനെന്ന വ്യാജേന പൊലീസ് റോബിനെ സ്ഥാപനത്തിന്റെ മതിലിന് സമീപത്തേക്ക് വിളിച്ചു വരുത്തി. സംസാരത്തിനിടെ അപകടം മണത്ത റോബിന്‍, എതിരാളികളെ കൊല്ലാന്‍ പോലും ശേഷിയുള്ള അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളെ അഴിച്ചു വിട്ടശേഷം മതില്‍ ചാടി പിന്നിലെ പാടം വഴി ഓടിരക്ഷപ്പെടുകയായിരുന്നു. 

ഇയാളുടെ വീട്ടില്‍ 13 ഇനം വമ്പന്‍ വിദേശനായകളാണ് ഉണ്ടായിരുന്നത്. പൊലീസും എക്സൈസും എത്തിയാല്‍ ആക്രമിക്കാന്‍ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കാക്കിയെ കണ്ടാല്‍ ആക്രമിക്കാനാണ് നായകള്‍ക്ക് പരിശീലനം നല്‍കിയിരുന്നതെന്ന് കോട്ടയം എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞദിവസം
ഇയാളുടെ വീടിന്റെ കോമ്പൗണ്ടില്‍ നിന്നും 17.8 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com