'ജനങ്ങളെ ഭീതിപ്പെടുത്തി മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോവുന്നു'; ‘ഉമ്മൻചാണ്ടി – പിണറായി’ താരതമ്യം തിരിച്ചടിക്കു കാരണമായെന്ന് സിപിഐ

ഒരു എസ്‌കോര്‍ട്ടും ഇല്ലാതെ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച മണ്ഡലത്തിലാണ് വന്‍ സുരക്ഷയോടെ പിണറായി വിജയന്‍ എത്തിയത്  
പിണറായി വിജയനും ഉമ്മൻചാണ്ടിയും/ ഫയൽ
പിണറായി വിജയനും ഉമ്മൻചാണ്ടിയും/ ഫയൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതി എതിർക്കണമെന്നും ജനങ്ങളെ പേടിപ്പിക്കുന്ന സുരക്ഷാസന്നാഹങ്ങളോടെയുള്ള യാത്ര എതിർ വികാരമാണ് സൃഷ്ടിക്കുന്നതെന്നും സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയെ എതിർക്കാനോ തിരുത്താനോ സിപിഐ മന്ത്രിമാർ തയ്യാറാവുന്നില്ല. പാർട്ടി നേതൃത്വമെങ്കിലും അതിനു തയ്യാറാവണമെന്ന് ജില്ലാ സെക്രട്ടറിമാർ അഭിപ്രായപ്പെട്ടു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ച ഭരണവിരുദ്ധവികാരം സത്യസന്ധമായി പരിശോധിക്കണം. സർക്കാരിന്റെ പോരായ്മകളും ‘ഉമ്മൻചാണ്ടി – പിണറായി’ താരതമ്യവും പുതുപ്പള്ളിയിലെ വൻ തിരിച്ചടിക്കു കാരണമായി. മുഖ്യമന്ത്രിയായിരിക്കെ ഒരു എസ്കോർട്ടും ഇല്ലാതെ ഉമ്മൻചാണ്ടി സഞ്ചരിച്ച മണ്ഡലത്തിൽ വൻ സുരക്ഷയോടെ പിണറായി വിജയൻ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയത് ജനങ്ങൾക്കു താരതമ്യത്തിന് അവസരം നൽകി. 

ജനങ്ങളെ ഭീതിപ്പെടുത്തി മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോവുന്നു. സർക്കാരിന്റെ പല നിലപാടുകളും നയങ്ങളും ജനത്തെ എതിരാക്കി. നെല്ലു സംഭരണത്തിൽ കൃത്യമായി പണം നൽകുന്നതിൽ വീഴ്ച വരുത്തി. മുന്നണിയിലെ തിരുത്തൽ ശക്തിയായിരുന്ന പാർട്ടിയുടെ ആ സ്ഥാനം നഷ്ടപ്പെട്ട് മുഖം ഇല്ലാതായി. ഈ ദൗത്യത്തിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു. 

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് നിസ്സാരമായി കാണേണ്ട ഒന്നല്ലെന്ന് തൃശ്ശൂർ ജില്ലയിൽ നിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വം പ്രതിക്കൂട്ടിൽ നിൽക്കുന്നതിന്റെ ബാധ്യത സിപിഐ ഏറ്റെടുക്കേണ്ടതില്ല. കരുവന്നൂർ തട്ടിപ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിലെ സിപിഐയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവെച്ചു. തിരുവനന്തപുരം കണ്ടല ബാങ്കിലെ വൻക്രമക്കേടിൽ സിപിഐ സംസ്ഥാന നേതൃത്വത്തിനു ജാഗ്രതക്കുറവുണ്ടായിയെന്നും വിമർശനം ഉയർന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com