ആരാധനാലയങ്ങളില്‍ തനിയെ പോകുന്ന സ്ത്രീകളെ ലക്ഷ്യമിടും, മുളകുപൊടി വിതറി മാല പൊട്ടിക്കല്‍; പൊലീസിനെ വട്ടം കറക്കിയ മോഷ്ടാവ് പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2023 08:53 AM  |  

Last Updated: 01st February 2023 08:53 AM  |   A+A-   |  

ratheesh

രതീഷ്

 

കൊച്ചി: മുളകുപൊടി വിതറി മാല പൊട്ടിക്കുന്ന മോഷ്ടാവ് ഒടുവില്‍ പിടിയില്‍. ആലുവ കുന്നത്തേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കലൂര്‍ ആസാദ് റോഡ് പവിത്രന്‍ ലെയിന്‍ ബ്ലാവത്ത് വീട്ടില്‍ എം രതീഷാണ് (35) അറസ്റ്റിലായത്. 

പാലക്കാട് ആലത്തൂര്‍ സ്വദേശിയായ ഇയാള്‍ മറ്റൊരു കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടുള്ള യാത്രയ്ക്കിടെ ഇന്നലെ പുലര്‍ച്ചെയാണ് പിടിയിലായത്. എറണാകുളം ജില്ലയില്‍ ആദ്യകവര്‍ച്ച നടത്തിയ എളമക്കരയില്‍ വച്ചുതന്നെയാണ് കുടുങ്ങിയത്. എളമക്കരയില്‍ രണ്ടും പാലാരിവട്ടത്ത് ഒരു കേസുമാണ് ഇയാള്‍ക്കെതിരെയുള്ളത്. 

ഇരുകേസുകളിലും കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിസംബറില്‍ പാലക്കാട് ആലത്തൂരില്‍ പാടവരമ്പത്തുകൂടി പോകുകയായിരുന്ന വൃദ്ധയെ കനാലില്‍ തള്ളിയിട്ട് മാലപൊട്ടിച്ചതും ഇയാളാണെന്ന് വ്യക്തമായി. പുലര്‍ച്ചെ ആരാധനാലയങ്ങളില്‍ തനിയെ പോകുന്ന സ്ത്രീകളുടെ മുഖത്ത് മുളകുപൊടി വിതറി മാലപൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുന്നതാണ് ഇയാളുടെ രീതി. 

മുളകുപൊടി വിതറിയുള്ള മാലപൊട്ടിക്കല്‍ പതിവായതോടെ പ്രത്യേകസംഘത്തെ കമ്മിഷണര്‍ നിയോഗിച്ചിരുന്നു. ഈമാസം 18ന് എളമക്കരയിലായിരുന്നു ആദ്യ മാലപൊട്ടിക്കല്‍ നടന്നത്. കാല്‍നട യാത്രക്കാരിയായ സ്ത്രീയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. അന്ന് കവര്‍ന്നത് മുക്കുപണ്ടമായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

തൊട്ടടുത്ത ദിവസം വീണ്ടും മാലപൊട്ടിക്കല്‍ നടന്നു. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിനു സമീപത്തുവച്ച് വയോധികയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. രണ്ടുപവന്റെ മാല നഷ്ടപ്പെട്ടു. പ്രതിയെ കണ്ടെത്താനായില്ല. 25ന് എളമക്കരയില്‍ വീണ്ടും മാലപൊട്ടിക്കല്‍ നടന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.

20കാരിയുടെ ഒരു പവന്റെ മാലയാണ് മൂന്നാമത് കവര്‍ന്നത്. തുടര്‍ന്നാണ് പ്രതിയെ പിടികൂടാനായി പ്രത്യേകസംഘത്തെ നിയോഗിച്ചത്. ഇരയെ കണ്ടെത്താന്‍ എത്രദൂരംവരെയും സഞ്ചരിക്കുമെന്നാണ് രതീഷ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. 

ആലുവയില്‍നിന്ന് ബൈക്ക് ഓടിച്ച് ആലത്തൂര്‍ പോയാണ് അവിടെ മാലപൊട്ടിക്കല്‍ നടത്തിയത്. നേരം പുലരും മുമ്പ് സ്ഥലം വിടും. പൊലീസിനെ കബളിപ്പിക്കാന്‍ വിവിധ വഴികളിലൂടെയാണ് മടക്കയാത്ര. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

യൂണിറ്റിന് 9 പൈസ കൂട്ടി; വൈദ്യുതി നിരക്ക് വര്‍ധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ