'അത് മാനേജ്‌മെന്റ് എടുത്ത തീരുമാനം, ലക്ഷ്യം സ്വയംപര്യാപ്തത'; ടാര്‍ഗറ്റ് തള്ളാതെ ആന്റണി രാജു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 04:52 PM  |  

Last Updated: 16th February 2023 04:52 PM  |   A+A-   |  

antony_raju

മന്ത്രി ആന്റണി രാജു/ ഫയല്‍

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളമെന്ന നിര്‍ദേശം തള്ളാതെ ഗതാഗതമന്ത്രി ആന്റണി രാജു. സ്വയം പര്യാപ്തതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റ് എടുത്ത തീരുമാനമാണത്. സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ടി മാനേജ്‌മെന്റിന് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തില്‍ തങ്ങള്‍ കൈകടത്താറില്ലെന്ന് മന്ത്രി പറഞ്ഞു. 

മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ടാര്‍ഗറ്റ് നിശ്ചയിച്ചതെന്ന വാര്‍ത്ത കളവാണ്. മന്ത്രിയെന്ന നിലയില്‍ തന്റെ സാന്നിധ്യത്തില്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. താന്‍ അങ്ങനെയൊരു നിര്‍ദേശം കൊടുത്തിട്ടില്ല. സര്‍ക്കാര്‍ അങ്ങനെയൊരു കാര്യം ആലോചിച്ചിട്ടുമില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം തുടരും. എല്ലാ മാസവും 50 കോടി രൂപയാണ് സര്‍ക്കാര്‍ കൊടുക്കാറുള്ളത്. രണ്ടു ഘട്ടമായിട്ടാണ് നല്‍കി വരുന്നത്. ആദ്യം 30 കോടി രൂപ അനുവദിക്കും. പിന്നീട് 20 കോടി അനുവദിക്കുന്ന രീതിയാണ് തുടര്‍ന്നു വരുന്നത്. സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നതെന്നാണ് ധനകാര്യവകുപ്പ് തന്നോട് പറഞ്ഞിട്ടുള്ളത്. 

സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ ഇടപെടും.ഗതാഗത മന്ത്രിക്ക് മോദി ശൈലിയെന്ന എഐടിയുസി  പരാമര്‍ശത്തിന് മറുപടി നല്‍കുന്നില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പളത്തിന് ടാര്‍ഗറ്റ് നിശ്ചയിച്ച മാനേജ്‌മെന്റ് തീരുമാനത്തിനെതിരെയാണ് എഐടിയുസി രംഗത്തു വന്നത്. 

നിയമ വിരുദ്ധവും അശാസ്ത്രീയവുമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതികള്‍ക്കെതിരെ ബദലുയര്‍ത്തേണ്ട മുന്നണി ഭരണത്തില്‍ നിന്നാണ് അപരിഷ്‌കൃതവും വികലവുമായ ഇത്തരം ശബ്ദമുയര്‍ന്ന് വരുന്നത്. മാനേജ്‌മെന്റിന്റെ ഇത്തരം വികല നയങ്ങള്‍ ഏറ്റുപിടിക്കുന്നതിലൂടെ മോദിയുടെ നയമാണ് ആന്റണി രാജുവിനെന്നും ട്രാന്‍. എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ കുറ്റപ്പെടുത്തി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

പെരിന്തല്‍മണ്ണയിലെ ബാലറ്റ് പെട്ടികള്‍ കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവ്; പെട്ടികള്‍ കോടതിയില്‍ വെച്ച് തുറക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ