'വ്യാജ കർഷകനെ ഉൾപ്പെടുത്തി സർക്കാർ തന്നെ മനുഷ്യക്കടത്ത് നടത്തുക, എന്തൊരു നാണക്കേടാണിത്'; സന്ദീപ് ജി വാര്യർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 06:21 PM  |  

Last Updated: 19th February 2023 06:32 PM  |   A+A-   |  

sandeep_g_varier

ബിജു കുര്യൻ, സന്ദീപ് ജി വാര്യർ

 

കൊച്ചി; ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കർഷകനെ കാണാതായ സംഭവത്തിൽ സംസ്ഥാന സർ‌ക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് ജി. വാര്യർ. ഒരു സർക്കാർ തന്നെ ഔദ്യോഗിക സംഘത്തിൽ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തുന്നത് ലോകത്ത് ആദ്യമായിട്ടാണെന്ന് സന്ദീപ് കുറിച്ചു. കേരളത്തിൽനിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കുമെന്നും ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. 

സന്ദീപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

‘‘ലോകത്താദ്യമായി ഒരു സർക്കാർ തന്നെ ഔദ്യോഗിക സംഘത്തിൽ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തുക. കേരളം നമ്പർ വൺ തന്നെ. ചില അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കു പോകുന്ന കായിക താരങ്ങൾ മുങ്ങുന്ന വാർത്ത കേട്ടിട്ടുണ്ട്. പക്ഷേ, ഇതാദ്യമായി ഇവിടെ കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റുകയാണു ചെയ്തത്. മന്ത്രിയെ ഇസ്രയേലിൽ പോകാൻ രാഷ്ട്രീയ കാരണത്താൽ അനുവദിച്ചതുമില്ല. കേരളത്തിൽനിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കും. എന്തൊരു നാണക്കേടാണിത്.’’

കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് ഇസ്രയേലില്‍ കൃഷി രീതികള്‍ പഠിക്കാന്‍ പോയ കേരള സംഘത്തില്‍ നിന്ന് മുങ്ങിയത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ബിജു മുങ്ങിയത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കുമാറിനൊപ്പം 27 കര്‍ഷകരാണ് 12ന് ഇസ്രയേലില്‍ എത്തിയത്. ഇസ്രയേല്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ, ബിജു കുടുംബവുമായി ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും ബിജു കുടുംബത്തെ അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പിണറായി തമ്പുരാന്‍ എഴുന്നള്ളുന്നൂ...'; യൂത്ത് കോണ്‍ഗ്രസിന്റെ വിളംബര പ്രതിഷേധം (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ