'ഇഎംഎസിന്റെ മകനും കരുണാകരന്റെ മകളും'; ശക്തമായ പോരാട്ടത്തില്‍ ആര് വീഴും?

വലതുപക്ഷ രാഷ്ട്രീയത്തോടാണ് കൂറ് കൂടുതലെങ്കിലും ഇടയ്ക്ക് ഇടതിനൊപ്പവും ചാഞ്ഞു
ചാലക്കുടി ലോക്‌സഭാ മണ്ഡലം
ചാലക്കുടി ലോക്‌സഭാ മണ്ഡലം

യുഡിഎഫിനൊപ്പം നിന്നിട്ടുള്ള പഴയ മുകുന്ദപുരം ലോക്‌സഭാ മണ്ഡലമാണ് ഇന്നത്തെ ചാലക്കുടി. പനമ്പള്ളി ഗോവിന്ദ മേനോനെയും കെ കരുണാകരനെയും ഈ ബാലാനന്ദനെയും ലോനപ്പന്‍ നമ്പാടനെയും ഇന്നസെന്റിനെയുമെല്ലാം ലോക്‌സഭയിലെത്തിച്ച മണ്ഡലം. വലതുപക്ഷ രാഷ്ട്രീയത്തോടാണ് കൂറ് കൂടുതലെങ്കിലും ഇടയ്ക്ക് ഇടതിനൊപ്പവും ചാഞ്ഞു. സാമൂഹികവും രാഷ്ട്രീയവുമായി ഒട്ടേറെ ചരിത്രകഥകള്‍ പറയുന്ന ചാലക്കുടി മണ്ഡലം വിധിയെഴുത്തില്‍ വിജയം പലപ്പോഴും ഇരുമുന്നണികള്‍ക്കുമൊപ്പം നിന്നു. അതികായരെ അടിയറവ് പറയിച്ച ചരിത്രവും ചാലക്കുടിക്കുണ്ട്. പി ഗോവിന്ദപിള്ളയെ തോല്‍പ്പിച്ച മുകുന്ദപുരം, ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജയെ തോല്‍പ്പിച്ചത് റെക്കോഡ് വോട്ടിനായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ചാലക്കുടി ആരുടെ കോട്ടയെന്ന് പറയുക അസാധ്യം. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും ഒരിക്കല്‍ നഷ്ടമായത് തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും വിയര്‍പ്പൊഴുക്കിയാണ് കഠിനാദ്ധ്വാനം ചെയ്യുന്നത്.

എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടി മണ്ഡലം 2008ലെ പുനര്‍നിര്‍ണയത്തിലാണ് നിലവില്‍ വന്നത്. തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. നാല് ഇടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫിനുമാണ് മേല്‍ക്കൈ.

1952 മുതല്‍ ഇങ്ങോട്ട് മണ്ഡലത്തില്‍ 17 തെരഞ്ഞെടുപ്പകളിലായി 12തവണ വിജയം യുഡിഎഫിനായിരുന്നു. രണ്ട് തവണ ഇടത് സ്വതന്ത്രരും രണ്ട് തവണ സിപിഎമ്മും ഒരു തവണ കേരള കോണ്‍ഗ്രസിനുമായിരുന്നു വിജയം. 52ലെ തെരഞ്ഞെടുപ്പില്‍ തിരുകൊച്ചിയുടെ ഭാഗമായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥി കെടി അച്ചുതന്‍ ജയിച്ചു. 1957ല്‍ മുകുന്ദപുരമായതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാരായണന്‍ കുട്ടി മേനോന്റെ മണ്ഡലത്തില്‍ ആദ്യം ചൊങ്കൊടി നാട്ടി. 1962, 67 വര്‍ഷങ്ങളിലെ കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പില്‍ പനമ്പിള്ളി ഗോവിന്ദമേനോനും 1971, 77വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ എസി ജോര്‍ജും വിജയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1980 ലെ തെരഞ്ഞെടുപ്പില്‍ തൊഴിലാളി നേതാവ് ഇ ബാലാനന്ദനിലൂടെ സിപിഎം വീണ്ടും സീറ്റ് തിരിച്ചുപിടിച്ചു. 84മുതല്‍ മണ്ഡലം ദീര്‍ഘകാലം ഇടതിന് കൈയെത്തിപ്പിടിക്കാനായില്ല. മൂപ്പത് വര്‍ഷത്തിന് ശേഷം കേരളാ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ലോനപ്പന്‍ നമ്പാടനാണ് സീറ്റ് തിരിച്ച് പിടിച്ചത്. 1984ല്‍ കേരള കോണ്‍ഗ്രസിലെ കെ മോഹന്‍ദാസ്, 1989, 1991 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ സാവിത്രി ലക്ഷ്മണന്‍, 96ല്‍ പിസി ചാക്കോ, 98ല്‍ എസി ജോസും ലോക്‌സഭയിലെത്തി. 96ലെ സ്വന്തം തട്ടകത്തില്‍ തോറ്റെങ്കിലും 99ല്‍ ലീഡര്‍ മത്സരിച്ചത് ചാലക്കുടിയില്‍. എതിരാളി മുന്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ മകന്‍ ഇഎം ശ്രീധരന്‍. ഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയം ലീഡര്‍ക്ക്. കെ കരുണാകരന്‍ അവസാനമായി ലോക്‌സഭയിലെത്തിയത് ചാലക്കുടിയില്‍ നിന്നാണ്.

ഇ ബാലാനന്ദന്‍ പിണറായി വിജയനൊപ്പം
ഇ ബാലാനന്ദന്‍ പിണറായി വിജയനൊപ്പം
പദ്മജ അച്ഛന്‍ കെ കരുണാകരനൊപ്പം
പദ്മജ അച്ഛന്‍ കെ കരുണാകരനൊപ്പം

2004ലെ തെരഞ്ഞെടുപ്പില്‍ കരുണാകരന് പകരം സ്ഥാനാര്‍ഥിയായി മകള്‍ പദ്മജ എത്തി. പ്രവര്‍ത്തകര്‍ എതിര്‍ത്തെങ്കിലും മകള്‍ തന്നെ സ്ഥാനാര്‍ഥിയാകമെന്ന് ആ അച്ഛന്റെ പിടിവാശി. തൃശൂരിലെ അനുഭവമായിരുന്നു ചാലക്കുടിയിലെ കന്നിയങ്കത്തില്‍ പദ്മജയ്ക്ക്. ഒരുലക്ഷത്തിലേറെ വോട്ടിന് പദ്മജ നമ്പാടനോട് പരാജയപ്പെട്ടു. ചാലക്കുടി മണ്ഡലത്തിലെ ആദ്യവിജയവും അവസാനവിജയവും ഇടതിനൊപ്പമാണെന്നതും ശ്രദ്ധേയമാണ്.

ലോനപ്പന്‍ നമ്പാടന്‍
ലോനപ്പന്‍ നമ്പാടന്‍

മണ്ഡല പുഃനക്രമീകരണത്തിന് ശേഷം മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പുകളെയാണ് ചാലക്കുടി നേരിട്ടത്. ആദ്യവിജയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി ധനപാലന്. സിപിഎം സ്ഥാനാര്‍ഥി യുപി ജോസഫിനെ 71666 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2014ല്‍ സിപിഎം നടന്‍ ഇന്നസെന്റിനെ ഇടതുസ്വതന്ത്രനാക്കി പരീക്ഷണതന്ത്രം. ഇന്നസെന്റിന്റെ 'നിഷ്‌കളങ്ക' താരപരിവേഷത്തില്‍ മണ്ഡലത്തെ കേരളം ഉറ്റുനോക്കി. പരീക്ഷണം വിജയം കണ്ടതോടെ കോണ്‍ഗ്രസിന്റെ ചിരിമാച്ച് ഇന്നസെന്റ് ചാലക്കുടി പാര്‍ട്ടിക്ക് തിരിച്ചുനല്‍കി. 2019ല്‍ സ്വതന്ത്രനില്‍ നിന്ന് ഇന്നസെന്റിനെ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ചു. മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബെന്നി ബഹന്നാനും. ഒരു ലക്ഷത്തിലേറെ വോട്ടിന് ഇന്നസെന്റ് പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നസെന്റ് ഒപ്പം നടന്‍ മമ്മൂട്ടിയും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നസെന്റ് ഒപ്പം നടന്‍ മമ്മൂട്ടിയും

മണ്ഡലത്തില്‍ ബിജെപിക്കും കാര്യമായ മുന്നേറ്റമുണ്ട്. 2014ല്‍ ബി ഗോപാലകൃഷ്ണന്‍ 92,000ലേറെ വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്തെ തെരഞ്ഞെടുപ്പില്‍ എഎന്‍ രാധാകൃഷ്ണന്‍ അത് 1,28,996 ആക്കി ഉയര്‍ത്തി. മോദിയുടെ വികസനനയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തില്‍ വോട്ട് വിഹിതത്തില്‍ ഗണ്യമായ വര്‍ധന ബിജെപിയും പ്രതീക്ഷിക്കുന്നു. മണ്ഡലത്തില്‍ ട്വന്റി20ക്കും കാര്യമായ സ്വാധീനമുണ്ട്. ചാലക്കുടിയിലെ നിയമസഭാ മണ്ഡലങ്ങളായ പെരുമ്പാവൂരിലും കുന്നത്തുനാടിലും മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. 62,426 വോട്ടുകളാണ് ഇരുസ്ഥലങ്ങളിലുമായി ട്വന്റി 20 നേടിയത്. അത് ഒരുലക്ഷമാക്കി ഉയര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്വന്റി20. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം മുറുകുമ്പോള്‍ ട്വന്റി 20 പിടിക്കുന്ന വോട്ടുകള്‍ വിജയം നിര്‍ണയിക്കും

രാഹുല്‍ ഗാന്ധിക്കൊപ്പം ബെന്നി ബഹന്നാന്‍, ഒപ്പം ഹൈബി ഈഡനും
രാഹുല്‍ ഗാന്ധിക്കൊപ്പം ബെന്നി ബഹന്നാന്‍, ഒപ്പം ഹൈബി ഈഡനും

ഇത്തവണത്തെ വിജയം ഈസി വാക്കോവര്‍ ആവില്ലെന്ന് ഉറപ്പ്. ശക്തമായ പോരാട്ടത്തിന് മണ്ഡലം ഒരുങ്ങിയതോട ചാലക്കുടിയുടെ ചങ്കിടിപ്പ് ഏറിക്കൊണ്ടിരിക്കുകയാണ്. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫും നിലവിലെ രാഷ്ട്രീയ സാഹചര്യം ഒപ്പംനില്‍ക്കുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫും തികഞ്ഞ പ്രതീക്ഷയിലാണ്. മണ്ഡലരൂപീകരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഓരോന്നിലും വോട്ടുകള്‍ ഇരട്ടിയലിധകമാക്കാന്‍ കഴിഞ്ഞത് ബിജെപിക്കും ഇരുകൂട്ടര്‍ക്കും വെല്ലുവിളിയായി ട്വന്റി 20യും എത്തിയതോടെ മണ്ഡലത്തില്‍ നിന്ന് ആരാണ് ലോക്‌സഭയിലെത്തുകയെന്നത് പ്രവചിക്കുക അസാധ്യം.

ചാലക്കുടി ലോക്‌സഭാ മണ്ഡലം
അച്ഛനും മകനും തോറ്റു; വമ്പന്‍ അട്ടിമറികളുടെ തൃശൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com