അച്ഛനും മകനും തോറ്റു; വമ്പന്‍ അട്ടിമറികളുടെ തൃശൂര്‍

വിജയത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.
തൃശൂര്‍ ലോക്‌സഭാ മണ്ഡലം
തൃശൂര്‍ ലോക്‌സഭാ മണ്ഡലം

ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ കഴിയാതെ ഇരുമുന്നണികളെയും മാറി മാറി ജയിപ്പിച്ച ചരിത്രമാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെത്. കരുത്തന്‍മാരെ മലര്‍ത്തിയടിക്കുകയും ദുര്‍ബലരെന്ന് കരുതിയവരെ വിജയിപ്പിക്കുകയും ചെയ്ത ചരിത്ര മണ്ണ്. ഇത്തവണ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ തൂശൂരില്‍ മത്സരം അതിശക്തം. വിജയത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.

കെ കരുണാകരന്റെ തട്ടകമെന്നാണ് വിളിപ്പേരെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. മൂന്ന് മുന്നണികളും ഒരു പോലെ വിജയം അവകാശപ്പെടുന്നെങ്കിലും അന്തിമവിജയം ആര്‍ക്കൊപ്പമെന്നത് കാത്തിരുന്ന് കാണണം. പൂര്‍ണമായും തൃശൂര്‍ ജില്ലയില്‍ തന്നെയുള്ള മണ്ഡലമെന്നതാണ് ഈ മണ്ഡലത്തിന്റെ പ്രത്യേകത. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും വിജയം എല്‍ഡിഎഫിനായിരുന്നു. ലോക്‌സഭയില്‍ അങ്ങനെ സംഭവിക്കണമെന്നില്ല. അതാണ് ചരിത്രവും.

കെ കരുണാകരന്‍
കെ കരുണാകരന്‍

17 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 10 തവണയും വിജയം നേടിയത് ഇടതാണ്. ഏഴ് തവണ വിജയം കോണ്‍ഗ്രസിനൊപ്പവും. ഇടതുമുന്നണിയില്‍ സിപിഐയും യുഡിഎഫില്‍ കോണ്‍ഗ്രസുമാണ് മത്സരംഗത്ത്. 1952ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇയ്യുണ്ണി ചാലക്ക എംപിയായത് മുതല്‍ തുടങ്ങുന്നു തൃശ്ശൂര്‍ മണ്ഡലത്തിന്റെ ലോക്‌സഭാ ചരിത്രം. ഐക്യകേരളത്തില്‍ പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയെ തോല്‍പ്പിച്ചായിരുന്നു ഇയ്യുണ്ണിയുടെ വിജയം.57 ലെ തെരഞ്ഞെടുപ്പില്‍ കെ കൃഷ്ണവാര്യര്‍ മണ്ഡലം കോണ്‍ഗ്രസില്‍ നിന്നും തിരിച്ചുപിടിച്ചു. 62ലെ തെരഞ്ഞെടുപ്പിലും കൃഷ്ണവാര്യര്‍ക്ക് തന്നെ വിജയം. തൊട്ടടുത്ത തവണയും ജയം സിപിഐക്കൊപ്പം. തൊഴിലാളി നേതാവ് സി ജനാര്‍ദ്ദന്‍ ലോക്‌സഭയിലെത്തി.

17 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 10 തവണയും വിജയം നേടിയത് ഇടതാണ്. ഏഴ് തവണ വിജയം കോണ്‍ഗ്രസിനൊപ്പവും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് തവണ സിപിഎമ്മിനെ പരാജയപ്പെടുത്തിയ ചരിത്രവുമുണ്ട് മണ്ഡലത്തിന്. 77ലും 80ലും സിപിഐയുടെ കെഎ രാജനായിരുന്നു വിജയം. 57 മുതല്‍ തുടങ്ങിയ സിപിഐയുടെ വിജയക്കുതിപ്പ് 84ല്‍ കോണ്‍ഗ്രസ് പിടിച്ചുകെട്ടി. പിഎ ആന്റണിയിലൂടെ കോണ്‍ഗ്രസ് വിജയം നേടിയപ്പോള്‍ മണ്ഡലം വീണ്ടും വലത്തോട്ടും ചാഞ്ഞു. ആന്റണിയോട് തോറ്റത് സംശുദ്ധ രാഷ്ട്രീയ വ്യക്തിത്വമായ വിവി രാഘവനും. 89ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം വീണ്ടും പിഎ ആന്റണിയിലൂടെ കോണ്‍ഗ്രസ് നിലനിര്‍ത്തി. 91ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. പിസി ചാക്കോയിലൂടെയായിരുന്നു കോണ്‍ഗ്രസിന്റെ മുന്നേറ്റം.


വിവി രാഘവന്‍
വിവി രാഘവന്‍

96ലെ തെരഞ്ഞെടുപ്പിലായിരുന്നു മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി. കേരളത്തിന്റെ മുഖ്യമന്ത്രിയായിയായിരുന്ന കെ കരുണാകരനായിരുന്നു സ്വന്തം തട്ടകത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. എതിരാളി ജനകീയനായ വിവി രാഘവനും. വോട്ടെണ്ണിയപ്പോള്‍ തെരഞ്ഞടുപ്പ് ഗോദയില്‍ കരുത്തുറ്റ കരുണാകരനെ 1480 വോട്ടിന് തോല്‍പ്പിച്ച് രാഘവന്റെ അത്ഭുത വിജയം. 1998ല്‍ കെ മുരളീധരനെ തോല്‍പിക്കാനുള്ള നിയോഗവും രാഘവന്. അച്ഛനെയും മകനെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് മറ്റൊരു അത്ഭുതം കൂടി. 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹാട്രിക് നേടാനുള്ള ശ്രമം രാഘവന്റെ ശ്രമം വിജയിച്ചില്ല. കര്‍ക്കശക്കാരനും ജനകീയനുമായ തൊഴിലാളി നേതാവിന് എസി ജോസിനോടു പരാജയമേറ്റുവാങ്ങേണ്ടി വന്നു.

കെ മുരളീധരന്‍
കെ മുരളീധരന്‍

2004ല്‍ സിപിഐ സ്ഥാനാര്‍ഥിയായി എത്തിയ സികെ ചന്ദ്രപ്പന്‍ തൃശൂര്‍ മണ്ഡലം തിരിച്ചുപിടിച്ചു. 43,167 വോട്ടിനായിരുന്നു ചന്ദ്രപ്പന്റെ വിജയം. 2009ല്‍ വീണ്ടും പിസി ചാക്കോയിലൂടെ വിജയം കോണ്‍ഗ്രസ് പക്ഷത്ത്. 2014ല്‍ വീണ്ടും സിപിഐക്കൊപ്പം. കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടിപ്പോരും പരാജയത്തിന് കാരണമായി. ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ ചാലക്കുടിയില്‍ നിന്ന് കെപി ധനപാലന്‍ തൃശൂരിലേക്കും പിസി ചാക്കോ തൃശൂരില്‍നിന്ന് ചാലക്കുടിയിലേക്കും മാറി. ഇതോടെ രണ്ട് മണ്ഡലവും കോണ്‍ഗ്രസിന് നഷ്ടമായി. 2009ല്‍ പിസി ചാക്കോയോട് തോറ്റതിന്റെ മധുരപ്രതികാരം കൂടിയായി ജയദേവന്റെ ജയം.

സികെ ചന്ദ്രപ്പന്‍
സികെ ചന്ദ്രപ്പന്‍

2019ലെ തെരഞ്ഞടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയൊയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്റെ വിജയം. 93,633 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് പ്രതാപന് ലഭിച്ചത്. 3,21,456 വോട്ട് നേടി സിപിഐയുടെ രാജാജി മാത്യു രണ്ടാം സ്ഥാനത്തും 2,93,822 വോട്ടു നേടി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തുമെത്തി. 2019 ലെ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ വോട്ട് വര്‍ധന മൂന്നിരട്ടിയായി. ഒരുലക്ഷത്തി രണ്ടായിരത്തി അറുപത്തി ഒന്നില്‍ നിന്നും 2,93,822 എന്ന വോട്ടു വിഹിതത്തിലേക്ക് ബിജെപിയുടെ വോട്ട് ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള സിപിഐ സ്ഥാനാര്‍ഥിയെക്കാള്‍ 27,634 വോട്ടുകളുടെ കുറവ്. സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് വര്‍ധനയില്‍ ഗണ്യമായ വര്‍ധന ഉണ്ടായ മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവും സ്ഥാനാര്‍ഥിയുടെ താരമൂല്യവും ജയം കൊണ്ടുവരുമെന്ന് പ്രതീക്ഷയിലാണ് ബിജെപി പ്രവര്‍ത്തകര്‍.

ടിഎന്‍ പ്രതാപന്‍
ടിഎന്‍ പ്രതാപന്‍

ഇത്തവണ കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ ആര് ജയിച്ചാലും അത് ചരിത്രമാകും. ആദ്യമായി താമരവിരിയുമെന്ന പ്രതീക്ഷയില്‍ ബിജെപിയും, എംപിമാരെ മാറ്റി മാറ്റി പരീക്ഷിക്കുന്ന തന്ത്രം വിജയമാകുമെന്ന് കോണ്‍ഗ്രസും, നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും സിപിഐയും കണക്ക് കൂട്ടുന്നു. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകള്‍ ഏത് പെട്ടിയില്‍ വീഴുന്നുവോ അവര്‍ക്കാവും ഇത്തവണത്തെ വിജയമെന്നാണ് ജനപക്ഷം പറയുന്നത്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലം
യുവാക്കള്‍ അട്ടിമറിച്ച മണ്ഡലം; കോട്ട കാക്കാന്‍ അഭിമാനപോരാട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com