തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും മാറ്റമില്ല; ഹൈറേഞ്ചില്‍ പൊടിപാറും പോരാട്ടം

വിജയം മാറി മാറി തുണച്ചപ്പോള്‍ ഇടതു വലതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഇത് മൂന്നാം ഊഴം.
ഇടുക്കി ലോക്‌സഭാ മണ്ഡലം
ഇടുക്കി ലോക്‌സഭാ മണ്ഡലം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരേ എതിരാളികള്‍ ഏറ്റുമുട്ടുന്നതാണ് ഇടുക്കിയിലെ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രം. വിജയം മാറി മാറി തുണച്ചപ്പോള്‍ ഇടതു വലതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഇത് മൂന്നാം ഊഴം. നാട് മുതല്‍ കാട് വരെ പരന്നുകിടക്കുന്നതാണ് കേരളത്തിലെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലമായ ഇടുക്കിയുടെ രാഷ്ട്രീയം. രാഷ്്ട്രീയ കാലാവസ്ഥയിലുണ്ടായ മാറ്റം ഇരുവര്‍ക്കും തെല്ലൊരുശ്വാസമാണ്. അതുകൊണ്ടുതന്നെ പഴയ സ്ഥാനാര്‍ഥികളുടെ പടനീക്കം വളരെ ശ്രദ്ധയോടെയാണ്. ഇരുമുന്നണികളും വിജയത്തില്‍ തുല്യപ്രതീക്ഷയിലാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഹൈറേഞ്ചില്‍ മത്സരം പൊടിപാറുമെന്നുറപ്പ്.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. തൊടുപുഴ, മൂവാറ്റുപുഴ നിയമസഭാ മണ്ഡലങ്ങള്‍ ഒഴികെ മറ്റു അഞ്ച് ഇടങ്ങളിലും എല്‍ഡിഎഫിനൊപ്പമാണ്. എന്നിരുന്നാലും പൊതുവേ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനാണ് പ്രാമുഖ്യം. കഴിഞ്ഞ രണ്ട് തവണയും യുഡിഎഫിലെ അഡ്വ. ഡീന്‍ കുര്യാക്കോസും എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ. ജോയ്‌സ് ജോര്‍ജും തമ്മിലായിരുന്നു പോരാട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാനുള്ള സാധരണക്കാരന്റെ ശബ്ദമാണ് പൊതുവായി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാറുള്ളത്. ഭൂപ്രശ്‌നം, പട്ടയം, കെട്ടിട നിര്‍മാണ നിരോധനം, വന്യജീവി സംഘര്‍ഷം മുതലായ വിഷയങ്ങള്‍ തന്നയാണ് ഇത്തവണയും പ്രധാന ചര്‍ച്ച. മണ്ഡലത്തിലെ പരിചിതര്‍ തന്നെ പോരാടുമ്പോള്‍ ഇടുക്കി നിലനിര്‍ത്താനും തിരിച്ചുപിടിക്കാനുമുളള പോരാട്ടമാണ് ഇത്തവണ ഇരുമുന്നണികള്‍ക്കും. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തേക്ക് ചേക്കേറിയതാണ് സിപിഎമ്മിന്റെ പ്രതീക്ഷ. കേരള കോണ്‍ഗ്രസ് എമ്മിന് ഇത് അഭിമാനപോരാട്ടമാണ്. പിജെ ജോസഫിനാകട്ടെ ജോസ് പക്ഷം മുന്നണി മാറിയത് ഇടുക്കിയില്‍ ഏശിയിട്ടില്ല എന്ന് തെളിയിക്കേണ്ട ബാധ്യതയും. ഈഴവര്‍ കൂടുതലുള്ള മണ്ഡലമെന്ന നിലയില്‍ ബിഡിജെഎസും ഒരു ശക്തിയാണ്.

എംഎം ലോറന്‍സ്
എംഎം ലോറന്‍സ്

1977ലാണ് ഇടുക്കി മണ്ഡലം രൂപീകൃതമായത്. ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിഎം സ്റ്റീഫനിലൂടെ മണ്ഡലത്തില്‍ യുഡിഎഫ് വിജയം പിടിച്ചെങ്കിലും 1980ല്‍ സിപിഎം എംഎം ലോറന്‍സിലൂടെ മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തു. പിന്നീട് 1998 വരെ നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം.84ല്‍ പിജെ കുര്യന്‍ 1989, 91ല്‍ പാലാ കെഎം മാത്യുവും 96ല്‍ എസി ജോസും 98ല്‍ പിസി ചാക്കോയും ലോക്‌സഭയിലെത്തി.

പിജെ കുര്യന്‍
പിജെ കുര്യന്‍

1999ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ട എല്‍ഡിഎഫ് തകര്‍ത്തു. ഫ്രാന്‍സിസ് ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു. അടുത്ത തെരഞ്ഞടുപ്പിലും ഫ്രാന്‍സിസ് ജോര്‍ജിലൂടെ വിജയം എല്‍ഡിഎഫിന്. ഇടതുപക്ഷത്തിന്റെ ഹാട്രിക് വിജയത്തിന് തടയിട്ട് 2009ല്‍ പിടി തോമസിലൂടെ യുഡിഎഫ്. മണ്ഡലം തിരിച്ചു പിടിച്ചു. 2014ല്‍ ഇടുസ്വതന്ത്രനായി അഡ്വ. ജോയ്‌സ് ജോര്‍ജ് വിജയിച്ചെങ്കിലും 2019ല്‍ ചരിത്ര ഭൂരിപക്ഷത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസിലൂടെ യുഡിഎഫ്. മണ്ഡലം തിരിച്ചുപിടിച്ചു.

പിടി തോമസ്‌
പിടി തോമസ്‌

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം കൂട്ടാന്‍ സാധിക്കാതെ പോയ ദയനീയ പ്രകടനം ഇത്തവണ മറികടക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. 2014ല്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് അരലക്ഷത്തിലേറെ വോട്ടുകളാണ്. 2019ല്‍ അത് 78,648 ആയി. ഇത്തവണ അത് ഒരുലക്ഷത്തിലെത്തിക്കുകയാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. ബിഡിജെഎസ് പിടിക്കുന്ന അധികവോട്ടുകള്‍ ഇരുമുന്നണികളുടെയും വിജയത്തില്‍ നിര്‍ണായകമാകും

ഭൂരിപക്ഷത്തില്‍ കുറവുണ്ടായാലും വിജയത്തില്‍ മാറ്റുമുണ്ടാകില്ലെന്നാണ് യുഡിഎഫിന്റെ അവകാശവാദം. ഇത്തവണ കാര്യങ്ങള്‍ അനുകൂലമാണെന്നു മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഇടതും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മണ്ഡലം രൂപീകരിച്ച ശേഷമുള്ള 13ാമത്തെ തെരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കൊപ്പമാകുമെന്ന് കാത്തിരുന്ന് കാണണം

ഇടുക്കി ലോക്‌സഭാ മണ്ഡലം
ഒരുതവണ മാത്രം അരിവാള്‍ ചുറ്റിക നക്ഷത്രം; കോണ്‍ഗ്രസിന്റെ ഹൃദയഭൂമി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com