ഒരുതവണ മാത്രം അരിവാള്‍ ചുറ്റിക നക്ഷത്രം; കോണ്‍ഗ്രസിന്റെ ഹൃദയഭൂമി

തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എറണാകുളത്തിന് ഒരേ ഒരു വിശേഷണം മാത്രം.
എറണാകുളം ലോക്‌സഭാ മണ്ഡലം
എറണാകുളം ലോക്‌സഭാ മണ്ഡലം

എറണാകുളത്തിന്റെ ചരിത്രവും കണക്കുകളും യുഡിഎഫിന് അനുകൂലമാണ്. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് തേടിയപ്പോള്‍ ഒരു തവണ മാത്രം ഇടതിനൊപ്പം നിന്ന മണ്ഡലമാണ് എറണാകുളം. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എറണാകുളത്തിന് ഒരേ ഒരു വിശേഷണം മാത്രം. കോണ്‍ഗ്രസിന്റെ ഹൃദയഭൂമിയെന്ന്. മാറ്റമില്ലെന്ന് യുഡിഎഫും ഇത്തവണ കോണ്‍ഗ്രസിന്റെ കുതിപ്പ് തടയുമെന്ന് ഇടതും പറയുന്നു. പൊതുരാഷ്ട്രീയത്തിനൊപ്പം സമുദായങ്ങളും അവരുടെ നിലപാടുകളും നിര്‍ണായകമാണ് മെട്രോ നഗരത്തില്‍.

ഒരുകാലത്ത് വ്യാവസായിക തലസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന എറണാകുളത്ത് ആദ്യ തെരഞ്ഞെടുപ്പില്‍ ജയിച്ചത് സിപി മാത്യുവാണ്. കേരള രൂപീകരണത്തിനു ശേഷം കോണ്‍ഗ്രസ്സിലെ എഎം തോമസ് ജയിച്ചു. 1962ല്‍ വീണ്ടും അദ്ദേഹത്തിനു തന്നെ വിജയം. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍, 1967ല്‍ വി വിശ്വനാഥമേനോന്‍ അട്ടിമറി വിജയം നേടി. എറണാകുളം തങ്ങളുടെ കുത്തകയെന്ന് കരുതിയതിന്റെ അമിത ആത്മവിശ്വാസത്തിനേറ്റ പ്രഹരമായി പരാജയം.

71ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം വിശ്വനാഥ മേനോനെ തന്നെ ഇറക്കി. കോണ്‍ഗ്രസാകട്ടെ തട്ടകം തിരിച്ചുപിടിക്കാന്‍ ലത്തീന്‍ സമുദായംഗമായ ഹെന്ററി ഓസ്റ്റിനെ കളത്തിലിറക്കി. വാശിയേറിയ പോരാട്ടത്തില്‍ മണ്ഡലം ഇടതിനെ കൈവിട്ടു. അന്ന് മുതല്‍ 1996വരെ എറണാകുളം കോണ്‍ഗ്രസ് കോട്ട കാത്തു. 80ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ഹെന്റി ഓസ്റ്റിന്‍ ഇടതുപക്ഷത്തെത്തി. എന്നിട്ടും വിജയം കോണ്‍ഗ്രസിന്റെ സേവ്യര്‍ അറയ്ക്കലിനൊപ്പം നിന്നു.

71ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം വിശ്വനാഥ മേനോനെ തന്നെ ഇറക്കി. കോണ്‍ഗ്രസാകട്ടെ തട്ടകം തിരിച്ചുപിടിക്കാന്‍ ലത്തീന്‍ സമുദായംഗമായ ഹെന്ററി ഓസ്റ്റിനെ കളത്തിലിറക്കി. വാശിയേറിയ പോരാട്ടത്തില്‍ മണ്ഡലം ഇടതിനെ കൈവിട്ടു. അന്ന് മുതല്‍ 1996വരെ എറണാകുളം കോണ്‍ഗ്രസ് കോട്ട കാത്തു. 80ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ഹെന്റി ഓസ്റ്റിന്‍ ഇടതുപക്ഷത്തെത്തി. എന്നിട്ടും വിജയം കോണ്‍ഗ്രസിന്റെ സേവ്യര്‍ അറയ്ക്കലിനൊപ്പം നിന്നു.

വി വിശ്വനാഥ മേനോന്‍
വി വിശ്വനാഥ മേനോന്‍

1984ലെ തെരഞ്ഞെടുപ്പിലാണ് കുമ്പളങ്ങിക്കാരനായ കെവി തോമസ് കരുണാകരന്റെ അനുഗ്രഹത്തോടെ മത്സരരംഗത്ത് എത്തുന്നത്. തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് അധ്യാപകനായിരുന്ന തോമസ് എറണാകുളത്ത് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി. ആദ്യം കോണ്‍ഗ്രസ് എസിലെ എഎ കൊച്ചുണ്ണി മാഷായിരുന്നു എതിരാളി. തോമസ് മാഷ് ജയിച്ചു. തുടര്‍ന്ന നടന്ന 87ലും 91ലും തോമസ് മാഷ് തന്നെ വിജയിച്ചു. മണ്ഡലത്തിലെ ആദ്യ ഹാട്രിക് വിജയം.

കെവി തോമസ്‌
കെവി തോമസ്‌

96ല്‍ കോണ്‍ഗ്രസുമായി തെറ്റി ഇടതുസ്വതന്ത്രനായ സേവ്യര്‍ അറയ്ക്കല്‍ കെവി തോമസിന്റെ വിജയക്കുതിപ്പിന് തടയിട്ടു. സേവ്യര്‍ അറയ്ക്കലിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഇടതിനൊപ്പം തന്നെ. മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളായിരുന്നു സ്ഥാനാര്‍ഥി. 98ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ജനകീയനായ എംഎല്‍എ ജോര്‍ജ് ഈഡനെ കോണ്‍ഗ്രസ് കളത്തിലിറക്കി. ഇടതുപക്ഷം സെബാസ്റ്റ്യന്‍ പോളിന് തന്നെ അവസരം നല്‍കി. മണ്ഡലം ഈഡന്‍ കോണ്‍ഗ്രസിന്റെ കൈവെള്ളയില്‍ വച്ചുകൊടുത്തു.

സെബാസ്റ്റ്യന്‍ പോള്‍
സെബാസ്റ്റ്യന്‍ പോള്‍

99ലെ തെരഞ്ഞെടുപ്പില്‍ ഈഡനെ തന്നെ ഇറക്കിയ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തിലധികമയി ഉയര്‍ന്നു.എംപി കാലാവധി പൂര്‍ത്തിയാകും മുന്‍പേ രോഗബാധിതനായി ജോര്‍ജ് ഈഡന്‍ അന്തരിച്ചു. തുടര്‍ന്ന് 2003ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത പരാജയം. ഇടതുസ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോള്‍ എംഒ ജോണിനെ പരാജയപ്പെടുത്തി.

ഒരുവര്‍ഷത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സെബാസ്റ്റ്യന്‍ പോളിന് തന്നെ അവസരം നല്‍കി. ഇടതുതരംഗം ആഞ്ഞടിച്ച 2004ലെ തെരഞ്ഞെടുപ്പില്‍ വിജയം എല്‍ഡിഎഫിനൊപ്പം നിന്നു. 71000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് പോള്‍ ഇടതിന് ചരിത്രവിജയം സമ്മാനിച്ചത്. 2009ല്‍ മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം എസ്എഫ്‌ഐ നേതാവ് സിന്ധു ജോയിയെ രംഗത്തിറക്കി. കെവി തോമസ് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കടുത്ത മത്സരത്തില്‍ അന്തിമവിജയം കോണ്‍ഗ്രിസിനൊപ്പം. 2014ല്‍ വീണ്ടും സിപിഎമ്മിന്റെ പരീക്ഷണതന്ത്രം. ലാറ്റിന്‍ വോട്ടുകളാണ് വിജയഘടകമെന്ന തിരിച്ചറിവില്‍ ലത്തീന്‍ സഭയ്ക്ക് സ്വീകാര്യനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ഥിയാക്കി. അമ്പേപാളിയ പരാജയത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനം ശരിവയ്ക്കുന്നതായിരുന്നു കെവി തോമസിന് വന്‍ ഭൂരിപക്ഷം.

ഹൈബി ഈഡന്‍
ഹൈബി ഈഡന്‍

ലത്തീന്‍സഭയുടെ താത്പര്യവും ജോര്‍ജ് ഈഡന്റെ മണ്ഡലത്തിലെ സ്വാധീനവും കണക്കിലെടുത്ത് 2019ല്‍ കോണ്‍ഗ്രസ് മകന്‍ ഹൈബിയെ രംഗത്തിറക്കി. കഴിഞ്ഞതവണത്തെ പരാജയത്തിന്റെ പഴി ഒഴിവാക്കാന്‍ പരീക്ഷണങ്ങള്‍ക്ക് ഒന്നും നില്‍ക്കാതെ സിപിഎം പി രാജീവിനെ കളത്തിലിറക്കി. രാഷ്ട്രീയത്തിനപ്പുറമുള്ള സ്വീകാര്യതയും ഗുണമാകുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. തങ്ങളുടെ പ്രിയ നേതാവിന്റെ മകനെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് അവര്‍ പാര്‍ലമെന്റില്‍ എത്തിച്ചത്

ഓരോ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. 2019ല്‍ സിപിഎം വിട്ട് ബിജെപിയിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിനെയാണ് ബിജെപി കളത്തിലിറക്കിയത്. 1,37,749 വോട്ടുകള്‍ അല്‍ഫോന്‍സ് നേടി. 2014ല്‍ എഎന്‍ രാധാകൃഷ്ണന്‍ നേടിയതിനെക്കാള്‍ ഇരട്ടി വോട്ട് നേടാനും അല്‍ഫോന്‍സിന്റെ സ്ഥാനാര്‍ഥിത്വത്തിനായി.

മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന്റെ കൈമുതല്‍. സ്ത്രീവോട്ടര്‍മാര്‍ ഏറയെുള്ള മണ്ഡലത്തില്‍ ഒരു സ്ത്രീയെ സ്ഥാനാര്‍ഥിയാക്കിയത് ഗുണകരമാകുമെന്ന് എല്‍ഡിഎഫും വിലയിരുത്തുന്നു. കോട്ടയില്‍ വിള്ളലുണ്ടാവില്ലെന്നാണ് ജനശബ്ദം. എന്നാല്‍ അട്ടിമറി സാധ്യത ആരും തള്ളുന്നുമില്ല.

എറണാകുളം ലോക്‌സഭാ മണ്ഡലം
അച്ഛനും മകനും തോറ്റു; വമ്പന്‍ അട്ടിമറികളുടെ തൃശൂര്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com