പേര് ചെങ്കോട്ട, വീശിയടിക്കുന്നത് വലതുകാറ്റ്

ഇടതിനും വലതിനുമൊപ്പം നിന്ന് മണ്ഡലത്തോളം വളര്‍ന്ന ജനകീയനെ പൂട്ടുക അത്ര എളുപ്പമല്ല.
പേര് ചെങ്കോട്ട, വീശിയടിക്കുന്നത് വലതുകാറ്റ്

കൊടും ചൂടിനെക്കാള്‍ വെല്ലുന്നതാണ് കൊല്ലത്തെ തെരഞ്ഞെടുപ്പ് ചൂട്. ചെങ്കോട്ടയില്‍ വീശിയടിക്കുന്ന വലതുകാറ്റ് തടഞ്ഞുനിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടുപയറ്റുകയാണ് സിപിഎം. ഇടതിനും വലതിനുമൊപ്പം നിന്ന് മണ്ഡലത്തോളം വളര്‍ന്ന ജനകീയനെ പൂട്ടുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ കൊല്ലത്തെ കാറ്റ് എങ്ങോട്ട് വീശുമെന്ന് പറയാന്‍ ആര്‍ക്കും എളുപ്പമല്ല. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ആര്‍എസ്പിയെ മുട്ടുകുത്തിക്കാന്‍ ഇത്തവണ താരങ്ങളെ ഇറക്കിയാണ് എതിരാളികളുടെ പോരാട്ടം. കൊല്ലം, ചവറ, ഇരവിപുരം, ചാത്തന്നൂര്‍, കുണ്ടറ, പുനലൂര്‍, ചടയമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം.

കൊല്ലത്തിന്റെ രാഷ്ട്രീയചരിത്രം റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി അഥവാ ആര്‍എസ്പിയുടേത് കൂടിയാണ്. എന്‍ ശ്രീകണ്ഠന്‍ നായരില്‍ തുടങ്ങി എന്‍കെ പ്രേമചന്ദ്രനില്‍ വരെ എത്തിനില്‍ക്കുന്നു കൊല്ലം മണ്ഡലത്തിന്റെയും ആര്‍എസ്പിയുടെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം. 1949ല്‍ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എന്‍ ശ്രീകണ്ഠന്‍ നായരും ബേബി ജോണും കെ ബാലകൃഷ്ണനും ചേര്‍ന്ന് ആര്‍എസ്പിയുണ്ടാക്കി. അങ്ങനെ കൊല്ലം ആര്‍എസ്പിയുടെ തട്ടകവുമായി.

1952ലെ ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലമല്ല, കൊല്ലം-മാവേലിക്കര മണ്ഡലമാണ്. ആര്‍എസ്പിയുടെ അതികായന്‍ എന്‍ ശ്രീകണ്ഠന്‍ നായരാണ് അന്നവിടെ മത്സരിച്ച് വിജയിച്ച് ഒന്നാം ലോക്‌സഭയിലെത്തിയത്. എന്നാല്‍ കൊല്ലം മണ്ഡലമായ ശേഷം നടന്ന 1957ലെ രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീകണ്ഠന്‍ നായര്‍ സിപിഎമ്മിന്റെ പികെ കൊടിയനോട് പരാജയപ്പെട്ടു. പിന്നീടങ്ങോട്ട് അഞ്ചുതവണ ശ്രീകണ്ഠന്‍ നായര്‍ പാര്‍ലമെന്റിലെത്തി. നാലു തവണ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി. ഒരു തവണ സ്വതന്ത്രനായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1980ല്‍ ബികെ നായര്‍ ശ്രീകണ്ഠന്‍ നായരെ അട്ടിമറിച്ചു. 84ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ നിര്‍ദേശപ്രകാരം ഐഎഎസ് പദവി രാജിവെച്ച് യുഡിഎഫ്. സ്ഥാനാര്‍ഥിയായി എത്തിയ കൃഷ്ണകുമാര്‍ ആര്‍.എസ്.പി. നേതാവ് ആര്‍എസ് ഉണ്ണിക്കെതിരെ അട്ടിമറി വിജയം നേടി. 1989ല്‍ ബാബു ദിവാകരനെ പരാജയപ്പെടുത്തി വിജയം ആവര്‍ത്തിച്ചു. 1991ലും വിജയിച്ച് ശ്രീകണ്ഠന്‍ നായര്‍ക്ക് ശേഷം കൊല്ലത്ത് ഹാട്രിക് തികയ്ക്കുന്ന വ്യക്തിയായി. 1996ല്‍ കൃഷ്ണകുമാറിന്റെ വിജയക്കുതിപ്പ് ആര്‍എസ്പിയിലെ യുവനേതാവ് എന്‍കെ പ്രേമചന്ദ്രന്‍ തടഞ്ഞു. ആര്‍എസ്പിക്കാരന്റെ അട്ടിമറി വിജയത്തിലൂടെ കൃഷ്ണകുമാര്‍ രാഷ്ട്രീയപ്രവര്‍ത്തനം തന്നെ നിര്‍ത്തി. ആ തെരഞ്ഞെടുപ്പില്‍ വ്യവസായി രാജന്‍പിള്ളയുടെ ഭാര്യ നീനാപിള്ളയും ബിജെപി പിന്തുണയില്‍ മത്സരിച്ചു. 1998ലും ജയം പ്രേമചന്ദ്രന്. ആര്‍എസ്പിയിലെ തര്‍ക്കത്തോടെ സിപിഎം കൊല്ലം സീറ്റ് ഏറ്റെടുത്തു. 1999ല്‍ പി രാജേന്ദ്രന്‍ ജയിച്ചു. തോറ്റത് കോണ്‍ഗ്രസ്സിലെ എംപി ഗംഗാധരന്‍. 2004ല്‍ ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തി രാജേന്ദ്രന്‍ രണ്ടാംവട്ടവും ജയിച്ചു. മൂന്നാമങ്കത്തില്‍ ജയിച്ചത് പീതാംബരക്കുറുപ്പ്. വീണത് രാജേന്ദ്രന്‍.

പീതാംബരക്കുറുപ്പ്
പീതാംബരക്കുറുപ്പ്

2014ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സീറ്റിന്റെ പേരില്‍ ഇടതുമുന്നണിയുമായി ഇടഞ്ഞ് അപ്രതീക്ഷിതമായി ആര്‍എസ്പി യുഡിഎഫില്‍ എത്തിയതോടെ എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. മറുഭാഗത്ത് എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിലെ എംഎ ബേബിയും. മുന്നണിമാറ്റവും 'പരനാറി' പ്രയോഗവും കേരളമാകെ വിവാദംതീര്‍ത്ത തീപാറും മത്സരത്തിനൊടുവില്‍ പ്രേമചന്ദ്രന്‍ വിജയപതാക പാറിച്ചു. ബേബി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, നിയമസഭയില്‍ അദ്ദേഹം അന്ന് പ്രതിനിധാനം ചെയ്തിരുന്ന കുണ്ടറ അസംബ്ലി മണ്ഡലത്തിലും ലീഡ് നേടാനായില്ല.

എന്‍കെ പ്രേമചന്ദ്രന്‍
എന്‍കെ പ്രേമചന്ദ്രന്‍

2019ല്‍ എല്‍ഡിഎഫിന് അഭിമാനപോരാട്ടമായിരുന്നു കൊല്ലത്ത്. കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവര്‍ത്തനവും കാഴ്ചവെച്ചിട്ടും എന്‍കെ പ്രേമചന്ദ്രനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങി പ്രചാരണത്തിന് നേതൃത്വം കൊടുത്തിട്ടും ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്കാണ് ഇപ്പോഴത്തെ ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പ്രേമചന്ദ്രന്‍ തോല്‍പ്പിച്ചത്.

എംഎ ബേബി
എംഎ ബേബി

ഓരോ തെരഞ്ഞെടുപ്പ് കഴിയും തോറും മണ്ഡലത്തില്‍ ബിജെപി വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 2014ല്‍ 58,671 വോട്ടുകള്‍ നേടിയ ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് ഒരുലക്ഷത്തിലധികമായി വര്‍ധിപ്പിച്ചു. പത്ത് ശതമാനത്തിലധികം വോട്ടുനേടാനും ബിജെപിക്ക് കഴിഞ്ഞു. ഇത്തവണ മോദി ഗ്യാരന്റിയുമായാണ് ബിജെപി കളം നിറയുന്നത്.

ഇടതുമുന്നണിയോടൊപ്പമാണ് കൊല്ലത്തിന്റെ രാഷ്ട്രീയമനസ്സ്. പക്ഷേ, ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടുതുകോട്ട വലത്തോട്ട് ചായും.ഇത്തവണ ഈ ചാഞ്ചാട്ടം പ്രതിരോധിക്കാനാണ് സിപിഎമ്മിന്റെ കൊണ്ടുപിടിച്ച ശ്രമം. ആര്‍എസ്പിയുടെയും യുഡിഎഫിന്റെ സംഘടനാ ശേഷിക്കപ്പുറമാണ് പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവം. മികച്ച പാര്‍ലമെന്റേറിയനെന്ന വിശേഷണവും ജനകീയതയുമാണ് കഴിഞ്ഞ രണ്ടുതവണത്തേയും പ്രേമചന്ദ്രന്റെ വിജയത്തില്‍ പ്രതിഫലിച്ചത്.ശ്രീകണ്ഠന്‍ നായര്‍ക്കും കൃഷ്ണകുമാറിനും ശേഷം മണ്ഡലത്തില്‍ മറ്റൊരു ഹാട്രിക് ഉണ്ടാകുമോ, അതോ പതിനഞ്ച് വര്‍ഷത്തിനിപ്പുറം സിപിഎം സ്വന്തം തട്ടകം പിടിക്കുമോയെന്ന് കാത്തിരുന്ന് കാണാം

പേര് ചെങ്കോട്ട, വീശിയടിക്കുന്നത് വലതുകാറ്റ്
പോരാട്ടച്ചൂട്; ആവേശപോരാട്ടത്തിൽ ചരിത്രം വഴിമാറുമോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com