പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധ: ബേക്കറി ഉടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, പരാതിക്കാരനെ അഭിനന്ദിച്ച് കോടതി

30 ദിവസത്തിനകം അരലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കാനാണ് കോടതി പറഞ്ഞിരിക്കുന്നത്.
പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധ: ബേക്കറി ഉടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, പരാതിക്കാരനെ അഭിനന്ദിച്ച് കോടതി

കൊച്ചി: പഫ്‌സ് കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് ഉത്തരവ്.  എറണാകുളം, മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥന്‍, നിധി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനകം അരലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കാനാണ് കോടതി പറഞ്ഞിരിക്കുന്നത്.

മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ എന്‍ ഭാസ്‌കരനെതിരെയായിരുന്നു പരാതി. 2019 ജനുവരി 26 നാണ് പരാതിക്കാര്‍ ബേക്കറിയില്‍ നിന്ന് പഫ്‌സ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിച്ചത്. തുടര്‍ന്ന് വയറു വേദന , ചര്‍ദ്ദി എന്നിവ അനുഭവപ്പെട്ടു. ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ പരാതിയും നല്‍കി. ഉദ്യോഗസ്ഥര്‍ ബേക്കറി പരിശോധിക്കുകയും പിഴ ചുമത്തുകയും ചെയ്തു.  

ഭക്ഷ്യ യോഗ്യമല്ലാത്ത ബേക്കറി സാധനങ്ങള്‍ എതിര്‍ കക്ഷി നല്‍കിയതിലൂടെ പരാതിക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മന:ക്ലേശത്തിനും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.  ഡി ബി ബിനു അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. 

ഭക്ഷ്യ വസ്തുക്കള്‍ മാറാല കെട്ടിയ സ്ഥലത്താണ് സൂക്ഷിച്ചിരുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കേടായ മറ്റ് ഭക്ഷ്യ വസ്തുക്കളും ബേക്കറിയില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് 3,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലും ബേക്കറിയുടെ ശുചിത്വത്തില്‍ അപാകത കണ്ടെത്തിയിരുന്നു. 

സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. 'ഉണരൂ ഉപഭോക്താവേ... ഉണരൂ... എന്ന് കേട്ടുകൊണ്ടാണ് എല്ലാദിവസവും രാവിലെ നാം ഉറക്കത്തില്‍ നിന്ന് ഉണരുന്നത്. ഉണര്‍ന്നെഴുന്നേറ്റ ഉപഭോക്താവ് പലപ്പോഴും ഇരുട്ടിലാണ് . ഉണര്‍ന്ന ഉപഭോക്താവിനെ വെളിച്ചത്തിലേക്ക് നയിക്കാന്‍ ശക്തവും ഫലപ്രദവുമായ നിയമ സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന ഉപഭോക്താവാണ് യഥാര്‍ത്ഥത്തില്‍ ഉണര്‍വുള്ള ഉപഭോക്താവ്. ഈ കേസിലെ പരാതിക്കാരനും കുടുംബവും മികച്ച മാതൃകയാണ്. വിവരാവകാശ നിയമം ഉള്‍പ്പെടെ ഉപയോഗിച്ച് നിയമ പോരാട്ടം നടത്തിയ കുടുംബത്തെ  കോടതി അഭിനന്ദിക്കുകയും ചെയ്തു. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. ടോം ജോസഫ് ഹാജാരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com