സൗഹൃദം നടിച്ച് ഓട്ടോയില്‍ കയറ്റി, വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു; മൂന്ന് തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍ 

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന് മുങ്ങിയ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ പിടികൂടി
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

മാനന്തവാടി: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന് മുങ്ങിയ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ പിടികൂടി. ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളാണിവര്‍.

ജനുവരി 12ന് ഉച്ചയോടെ കണിയാരം സ്വദേശിനിയായ 78 വയസുള്ള തങ്കമ്മ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ തേടിയ ശേഷം മടങ്ങുമ്പോഴാണ് സംഭവം. തങ്കമ്മയെ പിന്തുടര്‍ന്ന സ്ത്രീകള്‍ ഇവരോട് സൗഹൃദം നടിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ച ശേഷം അവരും ആ വഴിക്കാണെന്ന് പറയുകയും നിര്‍ബന്ധിച്ച് ഒരു ഓട്ടോയില്‍ കയറ്റുകയുമായിരുന്നു. പകുതിവഴിയില്‍ ഇവര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് കഴുത്തില്‍ പരതി നോക്കിയപ്പോഴാണ് മാലയില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തങ്കമ്മ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. 

ടൗണ്‍ പരിസരത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 75000 രൂപയോളം വില വരുന്ന മാലയാണ് കവര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com