'ആരാണ് ടീച്ചര്‍ അമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല'; വിമര്‍ശനവുമായി ജി സുധാകരന്‍

ഒരു മന്ത്രി ആകണമെങ്കില്‍ കുറച്ചുകാലം പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടണം. ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും സുധാകരന്‍ പറഞ്ഞു. 
ജി സുധാകരൻ/ ഫെയ്സ്ബുക്ക് ചിത്രം
ജി സുധാകരൻ/ ഫെയ്സ്ബുക്ക് ചിത്രം

പത്തനംതിട്ട: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയുടെ പുസ്തകത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചര്‍ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ ഒളിയമ്പ്. 

''ആരാണ് ടീച്ചര്‍ അമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. രചനകളില്‍  അവരുടെ പേര് പറഞ്ഞാല്‍ മതിയെന്നുമാണ്''ജി സുധാകരന്റെ വിമര്‍ശനം. തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിവുള്ള ഒരുപാട് പേര്‍ കേരളത്തില്‍ മന്ത്രിമാര്‍ ആയിട്ടില്ല. പലരും പല തരത്തില്‍ മന്ത്രിമാര്‍ ആകുന്നുണ്ട്. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത.  ഒരു മന്ത്രി ആകണമെങ്കില്‍ കുറച്ചുകാലം പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടണം. ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും സുധാകരന്‍ പറഞ്ഞു. 

മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ പൊള്ളയാകുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കിട്ടുന്ന പോസ്റ്റ് പരമാവധി പ്രയോജനപ്പെടുത്തണം. സ്ഥാനം കിട്ടിയാല്‍ മുകളിലിരുന്ന് നിരങ്ങാന്‍ പാടില്ല. കിട്ടിയ അധികാരം ഫലപ്രദമായി വിനിയോഗിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com