രണ്ട് മണിക്കൂര്‍ നേരം കച്ചവടം മുടങ്ങി; കടയുടമയ്ക്ക് ഗവര്‍ണര്‍ വക നഷ്ടപരിഹാരം

രണ്ടുമണിക്കൂറോളം നേരമാണ് ഗവര്‍ണര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.
ഗവര്‍ണര്‍ കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നു
ഗവര്‍ണര്‍ കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം

കൊല്ലം: എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍. ആയിരം രൂപയാണ് കടയുടമയ്ക്ക് ഗവര്‍ണറുടെ പഴ്‌സനല്‍ സ്റ്റാഫ് നഷ്ടപരിഹാരമായി നല്‍കിയത്. രണ്ടുമണിക്കൂറോളം നേരമാണ് ഗവര്‍ണര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.

നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറില്‍നിന്നു പുറത്തിറങ്ങി റോഡിലിറങ്ങി ഗവര്‍ണര്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്യണമെന്ന ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം. എഫ്‌ഐആര്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ എഫ്‌ഐആര്‍ കണ്ടതിനു ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാര്‍

ആക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ്. കരിങ്കൊടി കാണിക്കുന്നത് താന്‍ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ പ്രതിഷേധക്കാര്‍ തന്റെ കാറില്‍ അടിച്ചെന്നും ഇനിയും ഈ രീതി തുടര്‍ന്നാല്‍ കാറിന് പുറത്തിറങ്ങി പ്രതിഷേധിക്കുമെന്നും പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.

പ്രതിഷേധത്തിനിടെ കാറില്‍നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തില്ലെന്ന് പൊലീസിനോട് ചോദിച്ചു.

സംസ്ഥാന പൊലീസ് മേധാവി ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ ഗവര്‍ണര്‍ തയാറായില്ല. ഒടുവില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ചടയമംഗലം പൊലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എസ്‌ഐഐആറിലെ വിവരങ്ങള്‍ സ്റ്റാംഫംഗം ഗവര്‍ണറെ വായിച്ചു കേള്‍പ്പിക്കുയും ചെയ്തു. അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരില്‍ കണ്ടതാണെന്നും എന്നാല്‍ 17 പേര്‍ക്കെതിരെ കേസെടുത്തത് തല്‍ക്കാലം അംഗീകരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെട്ട ഗവര്‍ണര്‍, പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഗവര്‍ണര്‍ കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നു
തീക്കളിയെന്ന് മുരളീധരന്‍; ഗവര്‍ണറുടേത് 'റോഡ് ഷോ'യെന്ന് ശിവന്‍കുട്ടി; ചിരിയിലൊതുക്കി മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com