മുരളിയേട്ടന്‍ എത്ര പാര്‍ട്ടി മാറി വന്നയാളാണ്? ; അച്ഛനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയ ആള്‍ക്കാരാണ് ഓരോന്നും പറയുന്നത്: പദ്മജ

അസംബ്ലിയിലും പാര്‍ലമെന്റിലും സീറ്റ് തന്നത് ഇടതുപക്ഷ തരംഗം ഉള്ള സമയത്താണ്
പദ്മജ വേണുഗോപാല്‍
പദ്മജ വേണുഗോപാല്‍ഫെയ്സ്ബുക്ക് ചിത്രം

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് പദ്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു. ചില ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഒന്നൊന്നര കൊല്ലമായി ആശുപത്രിയിലും മറ്റുമായി കിടപ്പിലായിരുന്നു. ആറുമാസം മാത്രമേ ആയിട്ടുള്ളൂ പുറത്തിറങ്ങിത്തുടങ്ങിയിട്ട്. ഇതെല്ലാം അറിയുന്ന സഹോദരന്‍ കെ മുരളീധരന്റെ വര്‍ക്ക് ഫ്രം ഹോം എന്ന പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചുവെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു.

രാഷ്ട്രീയത്തിനു വേണ്ടി സ്വന്തം പെങ്ങളെപ്പറ്റി ഇങ്ങനെയൊന്നും പറയരുത്. ബാക്കിയൊക്കെ പറഞ്ഞോട്ടെ, അതൊക്കെ ആളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കോണ്‍ഗ്രസില്‍ തുടരണില്ല എന്ന് നിശ്ചയിച്ചിരുന്നു. അതു തന്നു, ഇതു തന്നു എന്നൊക്കെയാണ് കോണ്‍ഗ്രസ് പറയുന്നത്. അവര്‍ അസംബ്ലിയിലും പാര്‍ലമെന്റിലും സീറ്റ് തന്നത് ഇടതുപക്ഷ തരംഗം ഉള്ള സമയത്താണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടു പ്രാവശ്യവും ഭരണം കിട്ടാത്ത സമയത്താണ് അസംബ്ലിയിലേക്ക് മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ഒരുപറ്റം ആളുകളാണ് പ്രവര്‍ത്തിച്ചത്. അത് ഓപ്പറേറ്റ് ചെയ്തത് കോണ്‍ഗ്രസിലെ തന്നെ ഒരു പ്രമുഖനാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടിയില്‍ തുടരാനില്ലെന്ന് പറഞ്ഞതാണ്. അച്ഛന്റെ സ്മാരകമന്ദിരം പണിയാമെന്ന് പറഞ്ഞ് പ്രലോഭിച്ച് നിര്‍ത്തുകയായിരുന്നു. അതായിരുന്നു എന്റെ വീക്ക്‌നെസ് അച്ഛന്റെ കാര്യത്തില്‍. പദ്മജ പറഞ്ഞു.

മൂന്നുകൊല്ലമായതോടെ ഇനി അതൊന്നും നടക്കില്ലെന്ന് മനസ്സിലായി. ആദ്യം ഈ ട്രസ്റ്റില്‍ നിന്നും രാജിവെക്കാനാണ് ആലോചിച്ചിരുന്നത്. അപമാനം സഹിക്കാനാകാതിരുന്നതിനെ തുടര്‍ന്നാണ് അച്ഛന്‍ കെ കരുണാകരന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കൊപ്പം സഹകരിക്കാന്‍ പോയത്. അതു തന്നെയാണ് എനിക്കിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

കെ കരുണാകരന്‍ ഉള്ള സമയത്ത് ആര്‍എസ്എസും ബിജെപിയും ഇത്ര ശക്തരായിരുന്നില്ല. മോദി പ്രധാനമന്ത്രിയായതോടെയാണ് അവര്‍ അത്ര മുകളിലേക്ക് വന്നത്. ബിജെപി വര്‍ഗീയതയുമായി ചേരുന്നുവെന്ന് തനിക്ക് തോന്നിയിട്ടില്ല. അച്ഛന്‍ ഏറ്റവും എതിര്‍ത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയാണ്. ആ പാര്‍ട്ടിക്കൊപ്പം പോകാന്‍ അച്ഛന്‍ തയ്യാറായി.

മുരളിയേട്ടന്‍ എത്ര പാര്‍ട്ടി മാറി വന്നയാളാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. കെ കരുണാകരനെപ്പറ്റി എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്. എന്റെ അച്ഛന് എന്നെ മനസ്സിലാകും. അച്ഛന്‍ ഒരിക്കലും പൊറുക്കില്ലെന്ന് കെ മുരളീധരന് പറയാന്‍ അവകാശമില്ല. എന്നെപ്പറ്റി കൂടുതല്‍ പറഞ്ഞാല്‍, ചെയ്തതൊക്കെ പുറത്തു പറയേണ്ടി വരും. അതിലേക്ക് കൊണ്ടു ചെന്ന് എത്തിക്കരുതെന്നും പദ്മജ പറഞ്ഞു.

സെന്റിമെന്റ്‌സ് മൂലമാണ് ഞാന്‍ എവിടെയും എത്താതിരുന്നതെന്ന് എനിക്കറിയാം. ഇനി അങ്ങനെയൊരു കാര്യത്തിന് എന്നെ കിട്ടില്ല. അച്ഛനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയ ആള്‍ക്കാരാണ് ഓരോന്നും പറയുന്നത്. അതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. സഹോദരബന്ധം ഉപേക്ഷിക്കുന്നു എന്നു പറഞ്ഞതില്‍ പ്രതികരണം ഇപ്രകാരമാണ്. മുരളിയേട്ടന്‍ പലപാര്‍ട്ടിയിലേക്ക് പോയപ്പോള്‍ ഞാന്‍ കോണ്‍ഗ്രസുകാരിയായിരുന്നു. സഹോദരനുമായിട്ടുള്ള ബന്ധം ഞാന്‍ അന്ന് വിട്ടിരുന്നില്ലല്ലോ എന്നും പദ്മജ പറഞ്ഞു.

പദ്മജ വേണുഗോപാല്‍
'അച്ഛന്റെ ആത്മാവ് പൊറുക്കില്ല'; പദ്മജയെ എടുത്തതു കൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്കുണ്ടാകില്ല: കെ മുരളീധരന്‍

പാര്‍ട്ടിയുമായുള്ള പ്രശ്‌നം പലരെയും അറിയിച്ചിരുന്നു. ഫോണുപോലും പലരും എടുക്കാറില്ലായിരുന്നു. ഇപ്പോള്‍ പലരും വിളിക്കുന്നുണ്ട്. വിഡി സതീശനും രമേശ് ചെന്നിത്തലയും വിളിച്ചിട്ടില്ല. ഒരു ഉപാധിയുമില്ലാതെയാണ് ബിജെപിയില്‍ ചേരുന്നത്. മത്സരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടില്ല. മനസ്സമാധാനത്തോടെ ജോലി ചെയ്യാനൊരിടം എന്നു മാത്രമാണ് കണ്ടിട്ടുള്ളത്. അല്ലാതെ ഒരു ഉപാധിയും പറഞ്ഞിട്ടില്ലെന്നും പദ്മജ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com