''വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും''

സെരങ്കട്ടിയില്‍നിന്നു തിരിച്ചുപോവുകയാണെന്ന് മനസ്സ് സങ്കടപ്പെടുന്നു. വഴി പുറത്തേയ്ക്കാവുമ്പോള്‍ വല്ലാത്തൊരു വിങ്ങലാണ് കാഴ്ചകള്‍ക്കും കാണുന്നവനും. വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും
''വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും''

ല്പം ദൂരെയായിരുന്നിട്ടും ഉണക്കപ്പുല്ലിനിടയില്‍ക്കൂടെ അതേ നിറത്തിലുള്ള കുപ്പായമിട്ട് ഒളിച്ചു കടക്കാന്‍ ശ്രമിച്ച ശ്വാനരൂപനെ അമ്മ പിടികൂടി റഷീദിനു റെഫര്‍ ചെയ്തു. റഷീദ് ദൂരദര്‍ശിനിയിലൂടെ നോക്കി, ഐ തിങ്ക് ഇറ്റ് ഈസ്... എന്ന് സസ്പെന്‍സിട്ട് നിര്‍ത്തി.

വൈല്‍ഡ് ഡോഗ് ആണോ? ആഫ്രിക്കന്‍ വൈല്‍ഡ് ഡോഗ്? എന്നായി ഞാന്‍. സെരങ്കട്ടിയില്‍ വൈല്‍ഡ് ഡോഗ്സ് സാധാരണമല്ല. എങ്കിലും അവയെ ഇവിടെ കണ്ടിട്ടുള്ള ഭാഗ്യവാന്മാരുടെ 'പൊങ്ങച്ചം' ബ്ലോഗുകളില്‍ വായിച്ചിട്ടുണ്ട്.

നോട്ട് വൈല്‍ഡ് ഡോഗ്സ്. ദിസ് വണ്‍ ആഫ്രിക്കന്‍ വൈല്‍ഡ് ജാക്കല്‍. റഷീദ് വിധിച്ചു. അമ്മു സൂം ക്യാമറയിലൂടെയെടുത്ത പടം കാട്ടിത്തന്നു. ശരിയാണ്, വൈല്‍ഡ് ജാക്കല്‍ തന്നെ. വൈല്‍ഡ് ഡോഗ്സിന്റെ ശരീരത്തില്‍ കറുപ്പിലും കടുത്ത തവിട്ടിലും ഡിസൈനുകളുണ്ടാവും. അതുകൊണ്ട് പെയിന്റഡ് വോള്‍ഫ് (painted wolves) എന്നവര്‍ക്കൊരു വിളിപ്പേരുണ്ട്. (രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സാംബിയായിലെ ലുവാങ്ങ വനത്തില്‍വെച്ച് ഞങ്ങള്‍ പെയ്ന്റഡ് വോള്‍വ്സിനെ ധാരാളമായി കണ്ടുമുട്ടി) പിടിക്കപ്പെട്ട ജാള്യത്തോടെ കാട്ടുകുറുക്കന്‍ വണ്ടിക്കടുത്തേക്കു നടന്നുതുടങ്ങി. അമ്മുവിന് ഏതാനും നല്ല ചിത്രങ്ങള്‍ സമ്മാനിച്ച് അവന്‍ പുല്ലിന്റെ മറവിലേക്കു തിരിച്ചു പോയി.

സെരങ്കട്ടി ഉച്ചയോടടുക്കുകയാണ്. സെരങ്കട്ടിയില്‍നിന്നു തിരിച്ചുപോവുകയാണെന്ന് മനസ്സ് സങ്കടപ്പെടുന്നു. വഴി പുറത്തേയ്ക്കാവുമ്പോള്‍ വല്ലാത്തൊരു വിങ്ങലാണ് കാഴ്ചകള്‍ക്കും

കാണുന്നവനും. വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും. പൂര്‍വ്വാഹ്നത്തിലെ ഉര്‍ജ്ജസ്വലതയില്‍ ഉച്ചയാവുമ്പോഴേയ്ക്കും നിഴല്‍ വീഴ്ത്തുന്നത് ഇന്നത്തെ സഫാരി വിടവാങ്ങല്‍ യാത്രയാണെന്നതാണ്. തൊട്ടപ്പുറത്തെ പാറക്കൂട്ടത്തിന്റെ (കോപ്ജെ) കരിങ്കല്‍പ്പരപ്പില്‍ വിശ്രമിക്കുന്ന സിംഹിപ്പെണ്ണിലുമുണ്ട് വിരഹത്തിന്റെ ഭാവങ്ങള്‍. വളരെ അടുത്താണ് റഷീദ് വണ്ടി നിര്‍ത്തിയിരിക്കുന്നത്. അമ്മുവിന്റെ ഭാഷയില്‍ ടീവിയേക്കാള്‍ അടുത്ത്. എന്നാല്‍, റഷീദിനും സിംഹിക്കും ഒരു കുലുക്കവുമില്ല. രാജ്ഞിയുടെ വെള്ളാരങ്കണ്ണുകള്‍ വ്യക്തമായി കാണാം. ഇത്രയും അടുത്തു കാണുമ്പോഴാണ് അവളുടെ മാദകത്വം ബോധ്യപ്പെടുന്നത്.

ഇരകളും വേട്ടയ്_ക്കൊരുങ്ങുന്ന  സിംഹിയും
ഇരകളും വേട്ടയ്_ക്കൊരുങ്ങുന്ന സിംഹിയും

പാറക്കെട്ടിനപ്പുറത്തേക്ക് സെരങ്കട്ടി വിവസ്ത്രയായിത്തുടങ്ങുകയാണ്. പച്ചയില്‍ തയ്ച മേല്‍ക്കുപ്പായങ്ങള്‍ ഊര്‍ന്നുപോയിരിക്കുന്നു. മരങ്ങളോ കുറ്റിച്ചെടികളോ കാണാനില്ല. നരച്ചും മഞ്ഞച്ചും പുല്‍മൈതാനങ്ങള്‍ തയ്യാറാക്കുന്ന അടിവസ്ത്രങ്ങള്‍. ഇടയ്ക്ക് കടുംപച്ചയില്‍ ആര്‍ത്തു വളരുന്ന നീളന്‍ ആണിപ്പുല്ലുകള്‍. ആണിപ്പുല്ലുകള്‍ക്കിടയില്‍ പലയിടത്തും അലസശയനത്തിലമര്‍ന്ന സിംഹങ്ങളുണ്ട്, ഒറ്റയ്ക്കും തെറ്റയ്ക്കും. നട്ടപ്രാന്തന്മാരെപ്പോലെ പുല്ലുകള്‍ക്കിടയില്‍ മണ്ടുന്ന രണ്ട് ബ്രൗണ്‍ സ്പോട്ടട് ഹൈനകള്‍ ഇതിനിടയില്‍ ഞങ്ങളെ മുഖം കാണിച്ചു തിരിച്ചു പോയി. പുല്ലിനിടയിലെ കഴകളില്‍ ഏതാനും കഴുകന്മാര്‍ തത്തി നടക്കുന്നുണ്ട്. എവിടെയോ ഒരു ജഡമുണ്ട്, ഷെര്‍ലക്ക് റഷീദ് തീര്‍ച്ചയാക്കുന്നു.

ഇന്നു ഞങ്ങള്‍ കണ്ട സിംഹങ്ങളെല്ലാം ശയനാവസ്ഥയിലാണ്. രാവിലെത്തന്നെ കണ്ട സിംഹിപ്പെണ്ണുങ്ങള്‍ അല്പദൂരം സൊറ പറഞ്ഞു നടന്നതിനുശേഷം ഒരു കുറ്റിച്ചെടിയുടെ മറവില്‍ വിശ്രമമായി. പിന്നെ അക്കേഷ്യ മരത്തിന്റെ തണലെല്ലാം സ്വന്തമാക്കിയ കൂട്ടുകുടുംബം. കുറച്ചു മുന്‍പ് പാറത്തട്ടില്‍ ഉറക്കവും ഉണര്‍ച്ചയുമായി നേരം കൊല്ലുന്ന മറ്റൊരു സിംഹ് യുവതി. അരുവിക്കടുത്ത ചതുപ്പില്‍ ആര്‍ത്തുവളരുന്ന ആണിപ്പുല്ലുകള്‍ക്കിടയില്‍ കണ്ട സിംഹവും കെട്ട്യോളും. ഞങ്ങളെ കണ്ടതും ആലസ്യത്തിലേയ്ക്ക് നിവര്‍ന്നു കിടന്നു. ഇരതേടലും ഇണചേരലും ഇടക്കിടെയുള്ള അലസനടത്തവും കഴിഞ്ഞാല്‍ ബാക്കി സമയമെല്ലാം ഉറക്കത്തിലാണ് മൃഗരാജവംശം. 20 മണിക്കൂറോളമാണ് ആണ്‍സിംഹം ഒരു ദിവസം മയങ്ങിക്കളയുന്നത്. പെണ്‍സിംഹം വേട്ടയും പിള്ളേരെ നോക്കലും കഴിഞ്ഞ് 15 മണിക്കൂറെങ്കിലും ഉറങ്ങും. രൂപത്തിലും ഭാവത്തിലുമല്ലാതെ മൃഗരാജപ്പട്ടത്തിന് ഒരര്‍ഹതയുമില്ല ഇവര്‍ക്ക്. ഇരതേടലില്‍ മിക്കപ്പോഴും ഇവര്‍ പരാജയപ്പെടും. ഒറ്റയ്ക്കാണെങ്കില്‍ 15 ശതമാനവും കൂട്ടമായിട്ട് 25 ശതമാനവുമാണ് വേട്ടകളിലെ വിജയം. സംഘശക്തികൊണ്ട് രാജാപ്പാര്‍ട്ട് കൊണ്ടുനടക്കുന്നുവെന്ന് മാത്രം. പലപ്പോഴും ഹൈനകളില്‍നിന്നും കാട്ടുനായ്ക്കളില്‍നിന്നുപോലും ഈ മൃഗരാജപ്പട്ടമിളക്കി ഭക്ഷണം തട്ടിയെടുക്കേണ്ടിവരുന്നു രാജകുലത്തിന്.

''വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും''
''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

എന്നാല്‍, ഇപ്പോളിതാ, ഒരു പെണ്‍സിംഹം ആണിപ്പുല്ലും പൊന്തക്കാടുകളും അതിരിടുന്ന അരുവിയുടെ കരയില്‍ ജാഗരൂകയായിരിക്കുന്നു. അരുവിയിലേക്ക് ഒരു വന്‍ പുഴ ചെന്നിറങ്ങുന്നു. കറുത്ത പുഴ. വില്‍ഡ് ബീസ്റ്റുകളുടെ നിരകളങ്ങനെ ഒഴുകിയിറങ്ങുകയാണ് അരുവിയിലേയ്ക്ക്. അമ്മുവിന്റെ ഭാഷയില്‍ കാക്കത്തൊള്ളായിരം വില്‍ഡ് ബീസ്റ്റുകള്‍. റഷീദ് ക്രൂയിസറിനെ അരുവിയിലേയ്ക്കു തിരിച്ചുനിര്‍ത്തി. മറ്റു രണ്ടു സഫാരി വണ്ടികള്‍ കൂടി അരുവിയിലേക്ക് കണ്ണും നട്ടിരിപ്പുണ്ട്.

വാ കീറിയ ദൈവം ഒരുക്കിവെച്ച ഇരയ്ക്കായി അവള്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്നു. അക്ഷമരായി ഞങ്ങളും. അരുവിയിലേക്കു പിന്നെയും പിന്നെയും വില്‍ഡ് ബീസ്റ്റുകള്‍ വന്നുകൊണ്ടിരുന്നു. പല വരികളിലായി നിരന്ന് അവര്‍ അരുവിയെ മൊത്തിക്കൊണ്ടിരുന്നു. പിന്നില്‍നിന്നുള്ള തള്ളലില്‍ മുന്‍നിര സിംഹത്തിനടുത്തേയ്ക്കു നീങ്ങി. അവളപ്പോഴും തന്റെ 'സമയം' കാത്തിരുപ്പാണ്. അവസാനം ഇവരെല്ലാം കൂടി സിംഹത്തിനെ പിടിച്ചേക്കുമെന്ന നിലയായി. ഞങ്ങള്‍ക്കു മടുത്തു. എത്ര നേരമായി കാത്തിരിക്കുന്നു. രണ്ടരയോടെയെങ്കിലും സെരങ്കട്ടിയില്‍നിന്നു പുറത്തിറങ്ങാം എന്നായിരുന്നു പ്ലാന്‍. ഓള്‍ഡുവായ് മലയിടുക്കും കണ്ട് ആറുമണിക്കു മുന്‍പ് ഗോരംഗോരോയിലെ ഗോരംഗോരോ വൈല്‍ഡ് ലൈഫ് ലോഡ്ജില്‍ എത്താമെന്ന പ്രതീക്ഷയാണ് വെറുതെ കുത്തിയിരുന്ന് ഈ സിംഹിപ്പെണ്ണ് അട്ടിമറിക്കുന്നത്.

കാത്തുനിന്ന് മടുത്ത് മൂന്ന് സഫാരി വണ്ടികള്‍ തിരിച്ചുപോയി. സമയം കളയണ്ട, നമുക്കും പോകാം റഷീദേ എന്നായി ഞാന്‍. റഷീദിനത് സങ്കടമായി. സാറേ, ആ സിംഹം ഏറ്റവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലുമായിട്ടുണ്ടാവും അവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്. ചിലപ്പോള്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍. നമുക്കൊരു 15 മിനിറ്റ് കാത്തിരുന്നു കൂടേ? ശരി, ഞങ്ങള്‍ സമ്മതിച്ചു. ഇനി റഷീദ് പറഞ്ഞിട്ടേ നമ്മള്‍ പോകുന്നുള്ളു. ഒറ്റയ്ക്കുള്ള വേട്ടയില്‍ 15 ശതമാനം മാത്രമേ

സിംഹങ്ങള്‍ വിജയിക്കാറുള്ളുവെന്നത് അപ്പോഴും എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. ആ 15 ശതമാനം ഇപ്പോള്‍ നടപ്പിലാകണമേ എന്ന പ്രാര്‍ത്ഥനയിലാണ് റഷീദ്. സെരങ്കട്ടിയില്‍ വന്നിട്ട് ഒരു 'ഹണ്ടിങ്ങ്' അമ്മയ്ക്കു കാണിച്ചുകൊടുക്കാന്‍ കഴിയാത്തതില്‍ ദുഃഖിതനായിരുന്നു റഷീദ്.

'ജി.പി.എസ്'' സിംഹങ്ങളുടെ കാട്

സിംഹത്തിന്റെ കഴുത്തില്‍ കുഞ്ചിരോമങ്ങള്‍ക്കിടയില്‍നിന്ന് ഒരു തോല്‍പട്ട വെളിപ്പെടുന്നുണ്ട്. കാട്ടിലെ സിംഹത്തിനെ ആരാണ് തുടലിട്ടു വളര്‍ത്തുന്നത്! കഴുത്തില്‍ പട്ടയിട്ട ഈ നാടന്‍ സിംഹത്തിന് ഇരയെ പിടിക്കാനൊക്കെ പറ്റുമോ? വെറുതെയിരിക്കുകയല്ലേ, റഷീദിനെയൊന്നു ചൊടിപ്പിക്കാം, അങ്ങനെ കുറച്ചുനേരം പോട്ടെ എന്നായിരുന്നു ഉദ്ദേശ്യം. അതുപകാരമായി. റഷീദ് ചിരിച്ചുകൊണ്ടു തുടങ്ങി. അതു റേഡിയോ കോളറാണ്. ജി.പി.എസ് ട്രാക്കിങ്ങിനുള്ളത്. 1966-ല്‍ ആരംഭിച്ച സെരങ്കട്ടി ലയണ്‍ പ്രൊജക്റ്റാണിത്. ഓരോ സിംഹക്കൂട്ടത്തിലും കോളറിട്ട ഒരുത്തിയുണ്ടാകും. അപകടകാരികളും മനുഷ്യവാസ പ്രദേശത്തേക്കു നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരേയും കോളറിട്ട് വിടും. സിംഹങ്ങളുടെ സഞ്ചാരക്രമങ്ങള്‍, വഴികള്‍, നായാട്ട് രീതികള്‍ ഇതൊക്കെ നിരീക്ഷിക്കാന്‍ ഇതു സഹായിക്കും. 1994-ല്‍ കാല്‍ഭാഗം സിംഹങ്ങളെ കൊന്നൊടുക്കിയ canine distemper-ന്റെ സാന്നിധ്യം കണ്ടെത്താനും പ്രതിരോധങ്ങള്‍ തീര്‍ക്കാനും സഹായിച്ചത് ഈ ജി.പി.എസ് നിരീക്ഷണമാണ്. ഫ്രാങ്ക്ഫര്‍ട്ട് സുവോളജിക്കല്‍ സൊസൈറ്റിയാണ് ഇതു ചെയ്യുന്നത്. ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായുള്ള വന-മൃഗസംരക്ഷണ സംഘടനയാണിത്. മൂന്നു ദിവസങ്ങളിലൊരിക്കല്‍ കരമാര്‍ഗ്ഗവും മാസത്തിലൊരിക്കല്‍ ഹെലിക്കോപ്ടര്‍ വഴിയും ഇവര്‍ സിംഹസംഘങ്ങളെ നിരീക്ഷിക്കുന്നു.

ഓൾഡ്വായിലെ മോണോലിത്ത്
ഓൾഡ്വായിലെ മോണോലിത്ത്

ഞങ്ങള്‍ കാത്തിരുന്നു. വേട്ട കാത്ത് മൂന്നു വണ്ടികള്‍ കൂടി ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. റഷീദ് വണ്ടി ഒന്നുകൂടി സീനിലേക്കടുപ്പിച്ചു. മറ്റു വണ്ടികള്‍ വന്നുകേറി കാഴ്ച കളയരുത്. ശതക്കണക്കിന് വില്‍ഡ് ബീസ്റ്റുകളാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ പേര്‍ അരുവിയിലേക്കിറങ്ങുന്നു. വെള്ളം കുടിച്ചവര്‍ കയറിപ്പോവുന്നു. അരുവിയെ ഗൗനിക്കാതെ വേറെയും നൂറുകണക്കിന് വില്‍ഡ് ബീസ്റ്റുകള്‍ കടന്നുപോവുന്നുണ്ട്.

കരകവിഞ്ഞൊഴുകുന്ന പ്രളയജലംപോലെ ആയിരക്കണക്കിനു മൃഗങ്ങളുടെ വന്‍ സംഘങ്ങള്‍ സാവന്നയിലൂടെ പരന്നുനീങ്ങുകയാണ്. അതില്‍ വില്‍ഡ് ബീസ്റ്റുകളുണ്ട്, സീബ്രകളുണ്ട്, ഇംപാലകളുണ്ട്, പുക്കുകളുണ്ട്. സിംഹത്തിന്റെ നീക്കങ്ങളില്‍ ഫോക്കസ് ചെയ്തതിനാല്‍ മൃഗ സഞ്ചയങ്ങളുടെ മഹായാത്ര ഫെയ്ഡ് ആയിപ്പോയി. ഗ്രെയ്റ്റ് മൈഗ്രേഷന്‍ എന്ന ദേശാന്തര ഗമനത്തിലേക്കുള്ള ചെറുജാഥകളാണത്രെ ആയിരങ്ങളിലെണ്ണപ്പെടുന്ന ഈ കൂട്ടങ്ങള്‍.

റഷീദ് ഇടയ്ക്കിടയ്ക്ക് പറയുന്നതുപോലെ-ചെറിയ കാഴ്ചകളില്ല സെരങ്കട്ടിയില്‍. അത്ഭുതങ്ങളുടെ അണക്കെട്ടുകള്‍ ഇന്നു നിറയുകതന്നെയാവും.

സിംഹിപ്പെണ്ണ് ഇരുപ്പ് തുടരുകയാണ്. ഇടയ്ക്ക് ചന്തിയൊന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇളക്കും. അത്രതന്നെ. അവള്‍ക്കും റഷീദിനും വല്ലാത്ത ക്ഷമാശീലം. ഇത്ര നേരമായിട്ടും വില്‍ഡ് ബീസ്റ്റുകളും സീബ്രകളും എന്തുകൊണ്ടാണ് തൊട്ടപ്പുറത്ത് പതിയിരിക്കുന്ന അപകടം മനസ്സിലാക്കാത്തത്. അപാരമായ ശ്രവണശേഷിയുള്ളവരാണ് വില്‍ഡ് ബീസ്റ്റുകള്‍. സിംഹത്തിന്റെ ഉച്ഛ്വാസങ്ങള്‍ അവര്‍ കേള്‍ക്കുന്നുണ്ടാകണം. കാഴ്ചശക്തിയില്‍ കേമത്തമുള്ള സീബ്രകളും അവളെ കാണുന്നില്ലേ? ജലമാണോ ജീവനേക്കാള്‍ പ്രധാനം? എല്ലാവരും അനിവാര്യമായ ഒരു വേട്ടയ്ക്കും ബലിദാനത്തിനും തയ്യാറായിരിക്കുന്നു.

ഞങ്ങളൊന്നും കാണാതെപോയ ഏതോ നീക്കം സിംഹം നടത്തിയിരിക്കുന്നു. റഷീദ് വണ്ടി ഒന്നുകൂടി സീനിനോടടുപ്പിച്ച് ഇങ്ങനെ പ്രഖ്യാപിച്ചു, the show starts now. റഷീദിന്റെ ഉത്തരവിനു കാത്തിരിക്കയായിരുന്നു അവള്‍! കാത്തിരിപ്പും മറഞ്ഞിരിപ്പും അവള്‍ അവസാനിപ്പിച്ചു. വാല് പൊക്കി നിവര്‍ത്തി മുന്‍കാലുകള്‍ മുന്നിലേയ്ക്കും പിന്‍കാലുകള്‍ പിന്നിലേയ്ക്കും നിവര്‍ത്തി അവള്‍ വായുവിലേക്കുയര്‍ന്നു. അമ്മുവിന്റെ DSLR ബേഴ്സ്റ്റ് മോഡില്‍ ചിലച്ചു തുടങ്ങി. മിനി പറ്റാവുന്നത്ര നിമിഷങ്ങള്‍ ഹാന്‍ഡി കാമിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. അമ്മയും റഷീദും ആഹാ ആഹാ എന്ന് ഷോ ആസ്വദിക്കുകയാണ്. ഇരയ്ക്കും വേട്ടക്കാരനുമൊപ്പം മാറിമാറി നിന്നു ഞാനാകെ കുഴഞ്ഞു.

കരകവിഞ്ഞൊഴുകുന്ന പ്രളയജലംപോലെ ആയിരക്കണക്കിനു മൃഗങ്ങളുടെ വന്‍ സംഘങ്ങള്‍ സാവന്നയിലൂടെ പരന്നുനീങ്ങുകയാണ്. അതില്‍ വില്‍ഡ് ബീസ്റ്റുകളുണ്ട്, സീബ്രകളുണ്ട്, ഇംപാലകളുണ്ട്, പുക്കുകളുണ്ട്. സിംഹത്തിന്റെ നീക്കങ്ങളില്‍ ഫോക്കസ് ചെയ്തതിനാല്‍ മൃഗ സഞ്ചയങ്ങളുടെ മഹായാത്ര ഫെയ്ഡ് ആയിപ്പോയി. ഗ്രെയ്റ്റ് മൈഗ്രേഷന്‍ എന്ന ദേശാന്തര ഗമനത്തിലേക്കുള്ള ചെറുജാഥകളാണത്രെ ആയിരങ്ങളിലെണ്ണപ്പെടുന്ന ഈ കൂട്ടങ്ങള്‍.

വില്‍ഡ് ബീസ്റ്റുകള്‍ ചിതറിയോടി. അലര്‍ച്ചകളോ കരച്ചിലുകളോ ഉണ്ടായില്ല. പത്ത് സെക്കണ്ടില്‍, ദൈവം ഒരുക്കിവെച്ച ഇരയെ സിംഹം കണ്ടെത്തുകയും ഇര തന്റെ വിധി സ്വീകരിച്ച്

സിംഹത്തിന്റെ പല്ലുകള്‍ക്കിടയില്‍ കഴുത്തര്‍പ്പിച്ച് സ്വസ്ഥമായി മരിക്കുകയും ചെയ്തു. അരുവിക്കരയില്‍ കൂര്‍ത്തുയരുന്ന കുറ്റിപ്പുല്ലുകള്‍ക്കിടയില്‍ അവര്‍ ഒരുമിച്ചിരുന്നു. വേട്ടയ്ക്കിടയില്‍ അരസെക്കണ്ടോളം മാത്രം സിംഹത്തിന്റെ മുഖത്തല്‍പ്പം മൃഗീയത മിന്നി മറഞ്ഞെന്ന്, വീഡിയോകാമിലൂടെ ആ കാഴ്ച വളരെയടുത്തു കണ്ട മിനി പിന്നീട് സാക്ഷ്യപ്പെടുത്തി. സിംഹിപ്പെണ്ണ് തന്റെ നേട്ടവുമായി തന്റെ കൂട്ടത്തെ (pride ) കാത്തിരുപ്പായി.

പരിഭ്രമിച്ചു ചിതറിയ വില്‍ഡ് ബീസ്റ്റുകള്‍ പെട്ടെന്നു സ്വസ്ഥരായി. പിന്നേയും മൃഗങ്ങള്‍ അരുവിയിലേക്കിറങ്ങി വെള്ളം കുടിച്ചുപോയി. കൂട്ടത്തിലൊരാള്‍ ബലിയായത് അവര്‍ അറിഞ്ഞിട്ടേയില്ലാത്തതുപോലെ. കൊല്ലപ്പെട്ട വില്‍ഡ് ബീസ്റ്റിന്റെ മുഖം ക്യാമറയില്‍ സൂം ചെയ്തു കണ്ടു. ഇന്നു ഞാന്‍ നാളെ നീ, അത്രേയുള്ളു ആ മുഖത്ത്.

പോകാം. റഷീദ് വണ്ടിയെടുത്തു. ഞങ്ങളുടെ മുഖങ്ങളിലെ മങ്ങല്‍ റഷീദ് അറിഞ്ഞു. സെരങ്കട്ടിയിലിപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ല. അല്ലെങ്കില്‍ ഇതുവരേയും സംഭവിച്ചിരുന്നതു മാത്രമേ ഇപ്പോഴും സംഭവിച്ചിട്ടുള്ളൂ. റഷീദ് പറഞ്ഞുകൊണ്ടിരുന്നു. ഒരു ബബൂണ്‍ കാട്ടുമരത്തില്‍നിന്നൊരു പഴം കഴിക്കാനായി പറിച്ചെടുക്കുന്നതുപോലെയാണ് ഇതും. താന്‍ പുല്ലിനെക്കൊന്നു തിന്നുന്നത് പോലെത്തന്നെയാണ് പുലിയോ സിംഹമോ തന്നെ കൊന്നു തിന്നുന്നതുമെന്ന് വില്‍ഡ് ബീസ്റ്റിനറിയാം. മറ്റു മൃഗങ്ങള്‍ക്കറിയാം. തനിക്കുള്ള ഇരയെ കിട്ടിയാല്‍ അവരൊക്കെ വേട്ടയവസാനിപ്പിക്കുമെന്നും അവര്‍ക്കറിയാം. വിനോദത്തിനായോ വിരോധം കൊണ്ടോ അല്ലല്ലോ ഈ വേട്ട. പിന്നെ അവരെന്തിനു പരിഭ്രാന്തരാകണം? ഞങ്ങള്‍ അത്ഭുതത്തോടെ, ആരാധനയോടെ റഷീദിനെ നോക്കി. ഒരു മന്ദന്‍ തടിയന്‍ രൂപം. തട്ടിയും മുട്ടിയും മുറിഞ്ഞും വെളിപ്പെടുന്ന ഇംഗ്ലീഷ്. കാടിന്റെ ആത്മശാസ്ത്രം കുറിയ വാക്യങ്ങളില്‍ ലളിതമായി അയാള്‍ പറയുന്നു. റഷീദ് എത്രവരെ പഠിച്ചു എന്നു ചോദിക്കാന്‍ പലപ്പോഴും അമ്മ മുതിര്‍ന്നതാണ്. എന്നാല്‍, ക്ലാസ്സ് കണക്കിനളന്ന് റഷീദിന്റെ 'വിവരാവകാശത്തെ' അവഹേളിക്കരുതെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

വയറ് വിശന്നു കത്തിക്കാളേണ്ട സമയമായി. പക്ഷേ, വിശപ്പും സെരങ്കട്ടിക്കാഴ്ചകള്‍ കാണുന്ന തിരക്കിലാണ്. ഞങ്ങളെ ശല്യപ്പെടുത്താനുള്ള സമയമതിനു കിട്ടിയിട്ടില്ല. പിക്നിക്ക് കിറ്റിലെ ഏതാനും പഴങ്ങളും മിഠായികളും ഊഴമിട്ട് അവനെ തൃപ്തിപ്പെടുത്തുന്നുമുണ്ട്.

''വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും''
''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

ഇപ്പോള്‍ ഈ മൃഗപ്രളയത്തിന്റെ വൈപുല്യത്തിനു മുന്നില്‍ കണ്ണുകളും തോല്‍ക്കുകയാണ്. ഞങ്ങള്‍ സഞ്ചരിക്കുന്ന പാതയുടെ ഇരുവശത്തും ദൂരക്കാഴ്ചയില്‍ നിറയെ മൃഗങ്ങളാണ്. എത്രയധികമെന്ന് ഊഹിക്കാനാവാത്തതുകൊണ്ട് കാക്കത്തൊള്ളായിരം എന്നു വീണ്ടും അമ്മു. പഴയ പടയോട്ട സിനിമക്കാഴ്ചകളിലെപ്പോലെ തിരമാലകളായി അവര്‍ നീങ്ങുകയാണ്. ആ അതുല്യരംഗത്തെ രണ്ടായി പകുത്തുകൊണ്ട് സഫാരിവണ്ടി മുന്നോട്ട്. മൈഗ്രേഷനിലെ മികച്ച രംഗങ്ങള്‍ ഇതൊന്നുമല്ലെന്ന് റഷീദിന്റെ അറിയിപ്പ്. അതിന് ജൂണ്‍-ജൂലൈ മാസങ്ങളില്‍ വരണം.

ഒരുപക്ഷേ, ഏക ചലനാത്മകലോകാത്ഭുതമാകാം സെരങ്കട്ടിക്കും മസായിമാരയ്ക്കും ഇടയില്‍ നടക്കുന്ന വിശ്രുത ദേശാന്തരഗമനം. ലക്ഷക്കണക്കിന് വില്‍ഡ് ബീസ്റ്റുകളും സീബ്രകളും ഗസല്ലെകളും അണിനിരക്കുന്ന മഹായാനം. അതിനിടയ്ക്കവര്‍ കുളമ്പടിച്ചു കടന്നുപോകുന്ന ജീവിത ദശകള്‍. ഗര്‍ഭം, പിറവി, വളര്‍ച്ച, മരണം. ആരംഭമോ അവസാനമോ ക്രമീകരിക്കപ്പെട്ടിട്ടില്ലാത്ത ചാക്രിക ഗമനം. ജനിച്ചിടത്ത് തുടങ്ങുന്നു. മരിക്കുന്നിടത്ത് അഥവാ ഇരയാകുന്നിടത്ത് തീരുന്നു. മഴയില്ലാത്തിടത്തുനിന്നു മഴയുള്ളിടത്തേയ്ക്ക്. വരള്‍ച്ചയില്‍നിന്നു പച്ചപ്പിന്റെ വളര്‍ച്ചകളിലേയ്ക്ക്. അങ്ങനെ മഴയെഴുതുന്ന തിരക്കഥയ്ക്കനുസരിച്ചാണ് ഈ അത്യത്ഭുത ദേശാന്തര ഗമനത്തിന്റെ സംവിധാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒട്ടൊക്കെ നിയതമായ വഴികളിലൂടെ സമയബന്ധിതമല്ലാത്ത എന്നാല്‍, (മഴ) കാലബന്ധിതമായൊരു യാത്ര. ബ്രഹ്മാണ്ഡ കൂട്ടങ്ങളില്‍ ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്ക് യാത്ര ചേരുന്നു. നയിക്കാന്‍ നേതൃത്വമില്ലാതെ. എന്നാല്‍, അച്ചടക്കത്തോടെ. ഗ്രുമേതി, മാര നദികള്‍ ഇതിനിടയ്ക്കു മുറിച്ചുകടക്കുന്നു. കുറേപേര്‍ നദിയിലെ മുതലകള്‍ക്കു ഭക്ഷണമാകുന്നു. കരകയറുന്ന വില്‍ഡ് ബീസ്റ്റുകളെ കാത്ത് സിംഹങ്ങള്‍ തീരത്ത്

റോന്തുചുറ്റുന്നു. കുറേ യാത്രികര്‍ അവിടെ ഹിംസ്രജന്തുക്കള്‍ക്ക് ബലിയാകുന്നു. പിന്നെയും ചിലര്‍ വിശന്നും തളര്‍ന്നും മരിച്ചുവീഴുന്നു. ശവംതീനി പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സദ്യയാകുന്നു. അങ്ങനെ ഭക്ഷണം തേടിയും മറ്റുള്ളവര്‍ക്കു ഭക്ഷണമായും അതൊരു തീര്‍ത്ഥാടനമാകുന്നു, പുണ്യയാത്രയാകുന്നു. തീര്‍ത്ഥയാത്രയുടെ കഠിന പരീക്ഷണങ്ങള്‍ മറികടക്കുന്നവര്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ Ndutu തടാക പ്രദേശങ്ങളിലും തെക്കന്‍ സെരങ്കട്ടിയിലും ചെയ്തിറങ്ങുന്ന ചാറ്റല്‍മഴയില്‍ പുതിയ യാത്രക്കാര്‍ക്കു ജന്മം നല്‍കുന്നു. അങ്ങനെ യാത്രയ്ക്കിടയില്‍ നഷ്ടമായ അംഗബലം തിരിച്ചുപിടിക്കുന്നു.

ഈ സഞ്ചാരപാതകളെ വെട്ടിമുറിച്ചുകൊണ്ടാണ് അരുഷ-മുസോമ ഹൈവേ വരുന്നത്. വിക്ടോറിയ തടാകപ്രദേശത്താണ് മുസോമ. ഈ മണ്ടത്തരം സഫാരി ടൂറിസത്തിന്റെ അപചയവും സാമ്പത്തിക നഷ്ടവും ആയിരിക്കും ടാന്‍സാനിയയ്ക്ക് വരുത്തിവെയ്ക്കുന്നത്. വരും തലമുറകള്‍ക്ക് കാടും കാട്ടുമൃഗങ്ങളും പ്രകൃതിയുടെ ഓപ്പണ്‍

രാജ്ഞി വിശ്രമത്തിലാണ്
രാജ്ഞി വിശ്രമത്തിലാണ്

തിയേറ്ററിലൊരുക്കുന്ന ലോകോത്തര പ്രദര്‍ശനവും അതു നഷ്ടപ്പെടുത്തും. പൊന്‍മുട്ടയിടുന്ന കാട്ടുതാറാവിനെ വേട്ടയാടുകയാണ് ടാന്‍സാനിയന്‍ സര്‍ക്കാര്‍. മൃഗസഞ്ചാരപാതയെ ആധുനിക റോഡുകള്‍കൊണ്ട് വെട്ടുന്ന തെമ്മാടിത്തത്തില്‍നിന്ന് ടാന്‍സാനിയന്‍ സര്‍ക്കാര്‍ പിന്മാറുമെന്ന പ്രതീക്ഷ നാട്ടിലേയും പുറത്തേയും പരിസ്ഥിതിവാദികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഉണ്ടായിരുന്നു. വനസംരക്ഷണത്തില്‍ ടനപ്പയെന്ന (TANAPA) ടാന്‍സാനിയന്‍ പാര്‍ക്ക് അധികാരികളെ സഹായിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് സുവോളജിക്കല്‍ സൊസൈറ്റിയും (FZS) വഴിമുടക്കാന്‍ ആവതും ശ്രമിച്ചു. സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന 'വനപിളര്‍പ്പന്‍' പാതയ്ക്ക് ബദലായി സെരങ്കട്ടിയുടെ തെക്കോരത്തുകൂടെ വഴിവെട്ടാമെന്നാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, എക്കാലത്തും എവിടെയും സര്‍ക്കാരിന്റെ മുയലുകള്‍ക്ക് മൂന്നു കൊമ്പുകളാണല്ലോ!

2014-ല്‍ Africa Network for Animal Welfare (ANAW) എന്ന സംഘടനയുടെ കേസില്‍ East African Court of Justice ഈ വഴിവെട്ട് നിയമവിരുദ്ധമാണെന്നു വിധിച്ചു. അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറാന്‍ സര്‍ക്കാരിനെ അനുശാസിക്കുകയും ചെയ്തു. എന്നാല്‍, ഈ ശ്രമങ്ങള്‍ക്കെല്ലാം പാതപാതകം 2017 വരെ നീട്ടിവെയ്ക്കാനേ കഴിഞ്ഞുള്ളൂ. വനത്തിലൂടെ ഗ്രാവല്‍ റോഡേ പണിയുകയുള്ളൂവെന്നും പരിതസ്ഥിതിക്കും മൃഗങ്ങള്‍ക്കും കോട്ടം വരുത്തില്ലെന്നും ഇത് ഉറപ്പുവരുത്താന്‍ ചെക്ക് പോസ്റ്റുകളും വനപാലകരും സജ്ജമായിരിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. വികസനത്തിന്റെ ഇത്തരം വിരുതുകള്‍ നമുക്കും അന്യമല്ലല്ലോ.

ഭൂതകാലത്തിന്റെ അടരുകളില്‍

യാത്രയുടെ ഒരുക്കങ്ങള്‍ക്കിടയില്‍, വികസനം വൈകി വന്നതാണ് ആഫ്രിക്കയുടെ ഭാഗ്യമെന്നു ഞാന്‍ അമ്മുവിനോട് പറഞ്ഞിരുന്നു. വെരി വെരി വെരി ക്രൂവല്‍ കമന്റ് എന്നാണ് അവളപ്പോള്‍ ചൂടായത്. ഇന്ന് സെരങ്കട്ടിയിലിരുന്ന് അരുഷ-മുസോമ (Arusha-Muosma) ഹൈവേയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇത്തരം വികസനങ്ങള്‍ വിട്ടുനിന്നെങ്കില്‍ എന്നവളും ആഗ്രഹിക്കുന്നു.

''വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും''
''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

അവിടെനിന്നു പുറപ്പെട്ട് അരമണിക്കൂറായപ്പോഴേയ്ക്കും മാറ്റിവെച്ച ഭക്ഷണപ്പൊതികളുടെ അവകാശികള്‍ ഞങ്ങള്‍ക്കു മുന്നിലെത്തി. ഒരു കൂട്ടം ആടുകളെ മേയ്ചു നീങ്ങുന്ന മൂന്നു മസായി ബാലന്മാര്‍. അവരുടെ ചെമ്പന്‍ നായയും. കുട്ടികള്‍ക്കും കൂട്ടുനായയ്ക്കും സന്തോഷമായി. ബാക്കിവരുന്ന എല്ലിന്‍കഷണങ്ങളെയോര്‍ത്ത് നായയുടെ വാല്‍ നിരന്തരം ചലിച്ചുകൊണ്ടിരുന്നു.

അധികം താമസിയാതെ നിയതമായ പാതകളെ വിട്ട് വണ്ടി കുണ്ടും കുഴിയും കല്ലും പൊടിയും നിറഞ്ഞ ഭൂതലത്തിലേക്കിറങ്ങി. മറ്റൊരു വാഹനവും ഇപ്പോള്‍ കാണാനില്ല. കൂട്ടം തെറ്റി കുതിക്കുന്ന ഒറ്റയാനെപ്പോലെ ക്രൂയിസര്‍ വിറളിപൂണ്ടോടുകയാണ്. സെരങ്കട്ടിയില്‍ വൈകിപ്പോയ സമയം തിരിച്ചുപിടിക്കാന്‍ റഷീദ് ക്രൂയിസറിനെ ആഞ്ഞുതെളിക്കുന്നുണ്ട്.

ഭൂപ്രകൃതിയാകെ മാറിയിരിക്കുന്നു. സീമാതീതയായ സാവന്നയില്‍നിന്നിറങ്ങിയ ഞങ്ങള്‍ക്കിപ്പോള്‍ ഒരു പുല്‍ക്കൊടിപോലും കാണാനില്ല. പച്ച വെടിഞ്ഞ് തവിട്ട് നഗ്‌നതയില്‍ പൊട്ടിത്തരിച്ച ഭൂമിയുടെ നിമ്നോന്നതങ്ങളിലുടെ ഭ്രാന്തമായ ആവേശത്തോടെ പായുകയാണ് ക്രുയിസര്‍ കുതിര.

നിങ്ങളിപ്പോഴും കാട്ടില്‍ത്തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്തി ജിറാഫുകളും കാട്ടുപോത്തുകളും മുഖം കാണിക്കുന്നുണ്ട്. ഏതാനും അക്കേഷ്യകളും പൊടിപുതച്ച കുറ്റിച്ചെടികളും മാത്രമാണ് സസ്യസാന്നിധ്യം. വല്ലപ്പോഴും ലോലിയോണ്ടോയിലേയ്ക്കുള്ള കുട്ടിബസുകള്‍ കുണ്ടും കുഴിയും ചാടി ക്രൂയിസറിനൊപ്പമെത്തും. പിന്നെ ശരീരം വല്ലാതെ കുലുക്കിക്കുലുക്കി ധാരാളം പൊടിയുയര്‍ത്തി കടന്നുപോകും. വണ്ടിക്കുള്ളിലും മുകളിലും അട്ടിയിട്ടിരിക്കുന്ന മസായിയേട്ടന്മാരും ചേച്ചിമാരുമപ്പോള്‍ കൈവീശിക്കാണിക്കും, മസായിയിലെന്തോ കൂകിവിളിക്കും. ചിലര്‍ ഓള്‍ഡ് പാ ഓള്‍ഡ് പാ എന്ന് അലറി തംസ് അപ്പ് കാണിക്കും.

മനുഷ്യകുലത്തിന്റെ ആരംഭം ആഫ്രിക്കയില്‍നിന്നാണെന്ന് പുരാവസ്തു ഗവേക്ഷകരും നരവംശ ശാസ്ത്രജ്ഞരും ഇന്നു തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ ഇരുണ്ട ഭൂഖണ്ഡമെന്ന് അവഹേളിക്കുന്ന ആഫ്രിക്കയാണ് (പ്രത്യേകിച്ചും തെക്കും കിഴക്കും ഭാഗങ്ങള്‍) മനുഷ്യനും അവന്റെ പൂര്‍വ്വികര്‍ക്കും തൊട്ടിലൊരുക്കിയത്. ഈ 'ഇരുണ്ട ഭൂമിയിലെ' വെളിച്ചത്തിലേക്കാണ് മനുഷ്യവംശം ദശലക്ഷം വര്‍ഷങ്ങളില്‍ കണ്ണുതുറന്നത്. ഓള്‍ഡുവായിലെ പുരാവസ്തുഗവേഷണ പ്രദേശവും മ്യൂസിയവും കാണാനാണ് നമ്മള്‍ പോകുന്നത്. ഈ ഓള്‍ഡുവായ് ആണ് ലോലിയോണ്ടോ ബസിലെ സുഹൃത്തുകള്‍ തംപ്സ് അപ്പിട്ട് പറയുന്ന ഓള്‍ഡ് പാ...

ശരിയായ നാമധേയം ഓള്‍ഡ്പായ് എന്നാണ്. ആഫ്രിക്കന്‍ കാടുകളിലും ഇവിടെ ധാരാളമായും കണ്ടുവരുന്ന വൈല്‍ഡ് സൈസാല്‍ ചെടിയുടെ മസായിപ്പേരാണത്. നമ്മുടെ പാടവരമ്പുകളില്‍ കണ്ടിരുന്ന കാട്ടുകൈതച്ചെടിപോലിരിക്കും. ഏതോ ഗവേഷകന്‍ വരുത്തിയ അക്ഷരത്തെറ്റായിരുന്നു ഓള്‍ഡ്വായ്. ഓള്‍ഡ്പായ് ചെരുപ്പിട്ട് വരുമ്പോഴേയ്ക്കും ഓള്‍ഡ്വായ് എന്ന തെറ്റ് പ്രബന്ധങ്ങളിലും ഔദ്യോഗിക രേഖകളിലും കയറിപ്പറ്റി പ്രതിഷ്ഠ നേടിയിരുന്നു.

ഒന്നൊന്നര മണിക്കൂറോളം ഓഫ് റോഡ്, ഓണ്‍ റോഡ്, ഗ്രാവല്‍ റോഡ് എന്നിങ്ങനെ മാറിക്കേറിയിറങ്ങിയോടി ഞങ്ങള്‍ മ്യൂസിയത്തിലെത്തി. ഗേറ്റിലെ സ്വാഗതക്കമാനത്തിലതാ ചെരുപ്പിടാത്ത തെറ്റ് കയറിയിരിക്കുന്നു-ഓള്‍ഡുവായ്. അതിനു താഴെ വലിയൊരു ശരിയും-cradle of humankind. മനുഷ്യകുലത്തിന്റെ തൊട്ടില്‍. മനുഷ്യവംശത്തിന്റെ ശൈശവം മാത്രമല്ല, ബാല്യവും യൗവ്വനവുമൊക്കെ അടയാളപ്പെട്ടിട്ടുള്ള മണ്ണാണ് ഓള്‍ഡുവായ് പരിസരങ്ങളിലുള്ളത്. അതിന്റെ സാക്ഷ്യപത്രങ്ങളായി ആഴങ്ങളില്‍നിന്നു കണ്ടെത്തിയ ഫോസിലുകളും ഗോര്‍ജില്‍ വലിയൊരൊറ്റയാനായി നില്‍ക്കുന്ന മോണോലിത്തും കാണാനാണ് നാം ഈ കമാനം കടക്കുന്നത്.

വണ്ടി പാര്‍ക്കിങ്ങ് ലോട്ടിലിട്ട് റഷീദ് അമ്മയെ ഹക്കുണ മത്താത്ത പാടിയിറക്കി. ഗോര്‍ജില്‍നിന്നു കയറിവന്ന വര്‍ണ്ണം പൂശിയ അരണയെ (അതുപോലെയുള്ള) കാട്ടിത്തന്നു. ഗോര്‍ജിലേക്കും മോണോലിത്തിലേക്കും നോക്കിനില്‍ക്കാവുന്ന വ്യൂവിങ്ങ് ഗ്യാലറില്‍ സൗകര്യപ്പെട്ടൊരു സ്ഥലത്ത് ഞങ്ങളെ കൊണ്ടുപോയിരുത്തി. ദൂരെ, താഴെ ഗര്‍ത്തത്തിലൂടെ കാലികളെ മേഞ്ഞുമടങ്ങുന്ന മസായികളെ കാട്ടിത്തന്നു. (വൈകുന്നേരം ആറുമണി വരെ ഗോരംഗോരോ റിസര്‍വ്വിന്റെ ഭാഗമായ ഗോര്‍ജില്‍ കാലിമേയ്ക്കാന്‍ അവര്‍ക്കവകാശമുണ്ട്) അതിലുമപ്പുറം തലപൊക്കി നീങ്ങുന്ന ഏതാനും ജിറാഫുകളെ കാട്ടിത്തന്നു. എന്നിട്ട് ഇനിയുള്ളതെല്ലാം തന്റെ സിലബസ്സിനു പുറത്തെന്ന മട്ടില്‍ വണ്ടിയിലേയ്ക്ക് മടങ്ങിപ്പോയി.

അഗ്‌നിപര്‍വ്വതങ്ങള്‍കൊണ്ട് സമൃദ്ധമാണ് കിഴക്കന്‍ ആഫ്രിക്ക. പ്രശസ്തമായ കിളിമഞ്ജാരോയും മേരുവും അണഞ്ഞുപോയ തീക്കുണ്ഡങ്ങളാണ്. നാളെ നമ്മള്‍ സഫാരിയടിക്കാന്‍ പോകുന്ന ഗോരംഗോരോ ഒരഗ്‌നിപര്‍വ്വതമുഖമാണ്. തീമലകള്‍ തുപ്പിയൊഴുക്കിയ ചാരംകൊണ്ടും ലാവകൊണ്ടും മൂടിപ്പോയ ഒരു തടാകമാണത്രെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഓള്‍ഡുവായ് ഗോര്‍ജ് അഥവാ ഇടുക്ക്. പിന്നെ വര്‍ഷങ്ങളും നൂറ്റാണ്ടുകളും കല്ലും മണ്ണും ലാവക്കട്ടകളും വന്നു നിറഞ്ഞു നിരപ്പായിപ്പോയ സ്ഥലം.

അതിന്റെ അടരുകളില്‍ അടിഞ്ഞുപോയ മനുഷ്യവംശത്തിന്റെ ഭൂതകാലം. പ്രകൃതി കാലങ്ങളോളം ഒളിപ്പിച്ചുവെച്ചത് പിന്നീട് പ്രകൃതിതന്നെ വെളിപ്പെടുത്തി. കുത്തിയൊലിച്ചു വന്ന ജലാധിനിവേശങ്ങളും പിണങ്ങിപ്പിരിഞ്ഞ ഭൂപിണ്ഡങ്ങളും ഓള്‍ഡ്വായ് ഗോര്‍ജിനു രൂപം നല്‍കുകയും നമ്മുടെ ഭൂതകാലത്തിന്റെ ഫോസില്‍ തെളിവുകള്‍ പുറത്തെടുത്തിടുകയും ചെയ്തു.

48 കിലോമീറ്റര്‍ നീളവും രണ്ട് ദശലക്ഷം വര്‍ഷങ്ങള്‍ ആഴവുമുള്ളതാണ് ഓള്‍ഡ്വായ് ഗോര്‍ജ്. 90 മീറ്റര്‍ വീതിയുള്ള അതിന്റെ ചുമരുകളില്‍ 15000 മുതല്‍ രണ്ട് മില്ല്യണ്‍ പൂര്‍വ്വവര്‍ഷങ്ങളുടെ ഫോസിലെഴുത്താണ്. അറുപതോളം ഹോമിനിഡുകളുടെ (മനുഷ്യവംശ പരമ്പരയിലെ അംഗങ്ങളാണ് ഹോമിനിഡുകള്‍) അസ്ഥിപഞ്ജര രൂപങ്ങള്‍ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. ശിലായുധയുഗത്തിന്റെ തുടര്‍ച്ചയായ രേഖപ്പെടുത്തലിന്റെ ക്യാന്‍വാസ് കൂടിയാണ് ഓള്‍ഡുവായ് ഗോര്‍ജ്.

മ്യൂസിയത്തില്‍

ഗോര്‍ജില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ജൈവസ്തംഭമാണ് മോണോലിത്ത്. കരകളില്‍ നിന്നകന്ന് ഒരു തുരുത്ത്. അതിന്റെ വശങ്ങളില്‍ വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്താനെന്നോണം നിറഭേദങ്ങള്‍ കാണാം. മുകളില്‍, മുതുക്കന്‍ കാരണവരുടെ തലയിലെന്നപോലെ നരച്ച ഏതാനും കുറ്റിച്ചെടികള്‍ കാണാം. നൂറ്റാണ്ടുകളേയും കാലഘട്ടങ്ങളെത്തന്നേയും കല്ലും മണ്ണും ലാവയും ഫോസിലും ചെടികളും ഓര്‍മ്മകളുമൊക്കെയായി അട്ടിയിട്ട് സൂക്ഷിക്കുകയാണ് ഈ ഗോര്‍ജും മോണോലിത്തും.

ഞങ്ങള്‍ മ്യൂസിയത്തിനകത്തേയ്ക്ക് കയറി. അടുത്തകാലത്ത് പുതുക്കിപ്പണിതതാണ്. മസായി ബോമയുടെ പരിഷ്‌കൃത രൂപമെന്നു പറയാം. മ്യൂസിയത്തിനുള്ളില്‍ ഞങ്ങള്‍ നാലും പിന്നൊരു നാലും കൂടി എട്ടു പേരേയുള്ളൂ. അതിലും കൂടുതല്‍ പേര്‍ ഇവിടത്തെ ചില്ലുകൂടുകളിലുണ്ട്. സഫാരിയുടെ വന്യരസങ്ങളില്‍നിന്നു പൂര്‍വ്വികരുടെ ഫോസ്സില്‍ ഗന്ധങ്ങളിലേയ്ക്കു വഴിയിറങ്ങുന്നവര്‍ കുറവാകാം. ചില സീസണുകളില്‍ ആരും വരാത്ത ദിവസങ്ങളും ഉണ്ടാകാറുണ്ടെന്ന് മ്യൂസിയം ഗൈഡ് സങ്കടത്തോടെ പറഞ്ഞു.

റഷീദിനൊപ്പം ലീക്കികളുടെ മ്യൂസിയത്തിൽ
റഷീദിനൊപ്പം ലീക്കികളുടെ മ്യൂസിയത്തിൽ

ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞരായ ലൂയിസ് ലീക്കിയുടേയും രണ്ടാം ഭാര്യ മേരി ലീക്കിയുടേയും സ്മാരകമെന്നു വിശേഷിപ്പിക്കാം ഈ മ്യൂസിയത്തെ. ഈ ദമ്പതികളും അവരുടെ മക്കള്‍ ജോനാഥനും റിച്ചാര്‍ഡും കുഴിച്ചെടുത്ത തലയോട്ടികളും എല്ലിന്‍കഷണങ്ങളും കല്ലായുധങ്ങളുമാണ് ഇവിടത്തെ പ്രധാന പ്രദര്‍ശനവസ്തുക്കള്‍. പിന്നെ ഇവിടത്തെ ആര്‍ക്കിയോളജി പ്രവര്‍ത്തനങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ചില മാപ്പുകളും ചിത്രവിവരണങ്ങളും. ഓള്‍ഡുവായിലേക്ക് മുതുമുത്തച്ഛന്മാരുടെ പരിണാമമുദ്രകള്‍ തേടിയിറങ്ങിയ നിരവധി പുരാവസ്തു ഗവേഷകരുടേയും നരവംശശാസ്ത്ര വിജ്ഞാനികളുടേയും നേട്ടങ്ങളും മ്യൂസിയത്തിലുണ്ട്. 1970-കളില്‍ മേരി ലീക്കി തന്നെയാണ് ഈ മ്യൂസിയം തുടങ്ങുന്നത്.

ഗൈഡ് ഞങ്ങളെ നടുത്തളത്തിലേയ്ക്കിറക്കി നിര്‍ത്തി ക്ലാസ്സ് തുടങ്ങി. അയാളുടെ തടിച്ച ചുണ്ടുകള്‍ പല ശാസ്ത്രസംജ്ഞകളേയും മര്‍ദ്ദിച്ചവശരാക്കു ന്നുണ്ടായിരുന്നു.

1911-ല്‍ ജര്‍മന്‍ ഭിഷഗ്വരനായ കാറ്റ്വിന്‍ഗല്‍, ഉറക്കരോഗം അഥവ ലീഷ്മാനിയാസിനെക്കുറിച്ചു പഠിക്കാന്‍ ഓള്‍ഡ്വായ് പ്രദേശത്തു വരുന്നു. പുരാവസ്തു ശാസ്ത്രത്തിലും തല്പരനായിരുന്ന ഡോക്ടര്‍ അവിടെ ചില ഫോസിലുകള്‍ കണ്ടെത്തുന്നു. വംശനാശം വന്നുകഴിഞ്ഞ പല മൃഗങ്ങളുടേയും 'തിരുശേഷിപ്പുകള്‍' അതിലുണ്ടായിരുന്നു. മനുഷ്യന്റെ ചരിത്രം ഓള്‍ഡുവായില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്നു ലോകത്തിനു പറഞ്ഞുകൊടുത്തത് പിന്നീട് വന്ന ഹാന്‍സ് റെക്ക് ആണ്. റെക്ക് ഓള്‍ഡുവായില്‍നിന്ന് ഏതാനും ഹോമിനിന്‍ (hominins) ഫോസിലുകളെ കുഴിച്ചെടുക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേയ്ക്കും ഒന്നാം ലോകമഹായുദ്ധം അത്തരം ഗവേഷണങ്ങളെ തടസ്സപ്പെടുത്തി.

ലീക്കിമാരുടെ വരവോടെയാണ് ഓള്‍ഡുവായിലെ കാര്‍ന്നോന്മാര്‍ പുറത്തിറങ്ങിത്തുടങ്ങിയത്. 1959 ജൂലായ് 17-ന് മേരി ലീക്കി വലിയ തകരാറുകളില്ലാത്തൊരു തലയോട്ടി ഇവിടെനിന്നു കുഴിച്ചെടുക്കുന്നു. അന്നുവരെ പേരിട്ടെണ്ണപ്പെടാത്ത ഒരു തലയായിരുന്നു അത്. സിന്‍ജാന്ത്രോപസ് ബോയ്സെയ് (Zinjanthropus Boisei) എന്ന് ലീക്കിമാര്‍ പേരിട്ട ഈ ഹോമിനിന്‍ ഫോസില്‍ പിന്നീട് ആസ്ത്രലോപിത്തിക്കസ് ബോയ്സെയ് എന്നു പ്രസിദ്ധമായി. വലിയ പരന്ന അണപ്പല്ലുകളുള്ളതുകൊണ്ട് നട്ട് ക്രാക്കര്‍ (Nut Cracker) എന്നും ഇയാളോടൊപ്പം കല്ലുകൊണ്ട് നിര്‍മ്മിച്ച ആയുധങ്ങള്‍ കണ്ടെത്തിയതിനാല്‍ ടൂള്‍ മേക്കര്‍ എന്നും ചെല്ലപ്പേരുകളുണ്ട്. 1.75 മില്യണ്‍ വര്‍ഷങ്ങളാണ് ഇയാള്‍ക്കു പ്രായം രേഖപ്പെടുത്തപ്പെട്ടത്. മനുഷ്യന്‍ പരിണാമപ്പെട്ടത് ആഫ്രിക്കയിലാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇതും പിന്നീട് ലീക്കി കുടുംബം കണ്ടെത്തിയ മറ്റു ഫോസില്‍ ശേഷിപ്പുകളും.

ഓള്‍ഡുവായില്‍നിന്ന് അല്പം ദൂരെയുള്ള ലാററിയോളി (Lateoli) എന്ന സ്ഥലത്തുനിന്ന് ദശലക്ഷവര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസില്‍ കാലടികള്‍ ലീക്കി കുടുംബം കണ്ടെത്തിയിരുന്നു. വ്യക്തമായ ആര്‍ച്ചുകളുള്ള ഈ കാലടികള്‍ അന്നത്തെ ഹോമിനിനുകള്‍ നിവര്‍ന്നു നടന്നവരായിരുന്നു എന്ന സൂചന നല്‍കി. ഈ കാലടികളുടെ പകര്‍പ്പ് ഓള്‍ഡ്വായ് മ്യൂസിയത്തില്‍ കാണാം. ഇക്കാലത്ത് ലൂയിസ് രോഗബാധിതനാവുകയും മേരിയും മക്കളായ ജോനാഥനും റിച്ചാര്‍ഡും ഗവേഷണങ്ങള്‍ തുടരുകയും ചെയ്തു. 1970 ആകുമ്പോഴേക്കും അവര്‍ രണ്ട് ഹോമോ ഹാബിലിസുകളെ (Homo Habilis) ഗോര്‍ജില്‍നിന്നു പൊക്കിയെടുത്തിരുന്നു. രണ്ട് മില്ല്യണ്‍ വര്‍ഷങ്ങളായിരുന്നു ഇവരുടെ പഴക്കം. മറ്റ് ആര്‍ക്കിയോളജിസ്റ്റുകളുടെ ശ്രമങ്ങള്‍ ഹോമോ എറക്ടസ് മുഖങ്ങളും മ്യൂസിയത്തിലെത്തിച്ചു.

ഗൈഡ് തന്റെ കയ്യിലുള്ള വിവരങ്ങളെല്ലാം വരിമുറിയാതെ ചൊല്ലിത്തീര്‍ത്ത് നടുത്തളത്തിലെ ഇരിപ്പിടങ്ങളില്‍ ഞങ്ങളെ ഇരുത്തി പ്രൊജക്ടര്‍ ഓണാക്കി. ഒരു മ്യൂസിയം ഡോക്കുമെന്ററിയുടെ ബോറന്‍ ചേരുവകളെല്ലാം ചേര്‍ന്ന ആ തിരച്ചിത്രം കാണാന്‍ സജ്ജരായിരുന്നില്ല ഞങ്ങള്‍ ആ സായാഹ്നത്തില്‍. എന്നിട്ടും ലീക്കി കുടുംബത്തിന്റെ നരവംശശാസ്ത്ര സംഭാവനകളും ഉദ്ഖനനങ്ങളും മറ്റ് ഓള്‍ഡുവായ് കേമത്തങ്ങളും 15 മിനിട്ടോളം ഞങ്ങള്‍ കണ്ടിരുന്നു. പിന്നീട്, ഫോസിലുകളും തലയോടുകളും വിവരണങ്ങളും മസായി തുടങ്ങിയ ഗോത്രങ്ങളുടെ സാംസ്‌കാരിക ചിഹ്നങ്ങളും നിറഞ്ഞ ഹാളുകളില്‍ കയറിറങ്ങിക്കഴിഞ്ഞിട്ടും ഓള്‍ഡുവായ് മനസ്സില്‍

നിന്നകന്നുനിന്നു. മ്യൂസിയത്തിലെ പശമണവും ലിഖിതങ്ങള്‍ വായിക്കാന്‍ തടസ്സമാകുന്ന റിഫ്‌ലക്ടീവ് ചില്ലുകൂടുകളും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു.

മ്യൂസിയത്തില്‍നിന്നിറങ്ങി വീണ്ടും ഗോര്‍ജിന്റേയും മോണോലിത്തിന്റേയും മുന്നില്‍.

സൂര്യനും മസായികളും അവരുടെ കന്നുകാലികളും ഗോര്‍ജില്‍നിന്നുള്ള മടക്കയാത്രയിലാണ്. ഓള്‍ഡുവായിലെ മലയിടുക്ക് കാലാകാലങ്ങളുടെ ഈര്‍പ്പം നിറഞ്ഞ രഹസ്യങ്ങളുമായി മോണാലിസച്ചിരിയുമായി നിന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.