കേരളം വര്‍ഗ്ഗീയ തീവ്രവാദത്തെ അംഗീകരിക്കില്ല

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം ചര്‍ച്ചയാകുന്നതില്‍ സി.പി.എമ്മിനും മുന്നണിക്കും ഭയമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.
എ. വിജയരാഘവന്‍
എ. വിജയരാഘവന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം ചര്‍ച്ചയാകുന്നതില്‍ സി.പി.എമ്മിനും മുന്നണിക്കും ഭയമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ''രാജ്യം ചര്‍ച്ച ചെയ്യുന്നത് നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കേണ്ടത് എന്തുകൊണ്ട് എന്നതിന്റെ വിശദാംശങ്ങളാണ്. സ്വാഭാവികമായും കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല. എങ്കിലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി പ്രചാരണ വിഷയമാക്കരുത് എന്നു പറയാന്‍ കഴിയില്ല. കേരളത്തിലെ എല്ലാ മേഖലകളേയും എല്ലാ വിഭാഗങ്ങളേയും ഗുണപരമായി സ്വാധീനിച്ച ഭരണമാണ് ഇപ്പോഴത്തേത്. അത് തെരഞ്ഞെടുപ്പു രംഗത്തും ഞങ്ങള്‍ക്കു വിശദീകരിക്കാന്‍ സാധിക്കും.'' കേന്ദ്രഭരണത്തിനെതിരായ പ്രചാരണവും കേരളഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കലും എന്ന ഇരട്ടച്ചുമതല സംബന്ധിച്ച ചോദ്യത്തോട് വിജയരാഘവന്റെ പ്രതികരണം. ''പ്രധാനമായും ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ച കേന്ദ്രത്തിലെ മോദി ഭരണത്തെക്കുറിച്ചുതന്നെയായിരിക്കും. കേന്ദ്രഭരണത്തിന്റെ നേരിട്ടുള്ള വിലയിരുത്തല്‍ തന്നെയാണ് നടക്കുക. സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്താനുള്ള തെരഞ്ഞെടുപ്പല്ല ഇത്. എങ്കിലും പ്രചാരണരംഗത്ത് പ്രതിപക്ഷം അതുകൂടി കൊണ്ടുവന്നാല്‍ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ ഭയമില്ല. ആയിരം ദിവസത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണമികവ് കേരളത്തിനു ബോധ്യമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണം കേരളത്തോട് പ്രത്യേകമായി പ്രകടിപ്പിച്ച അവഗണനയും വിവേചനവും ജനങ്ങള്‍ കണ്ടതാണ്. അത് ഒന്നുകൂടി പറയാനുള്ള അവസരമാക്കി പ്രചരണരംഗത്തെ ഞങ്ങള്‍ മാറ്റും. രാജ്യത്തിന്റെ സാമ്പത്തിക മേഖലയേയും ബാങ്കിംഗ് സ്ഥാപനങ്ങളേയും തകര്‍ക്കുകയും സാംസ്‌കാരിക സ്ഥാപനങ്ങളെ ആര്‍.എസ്.എസ്സ് വല്‍ക്കരിക്കുകയും ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കതിരായ വിധിയെഴുത്തിനു രാജ്യം കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ജനാധിപത്യത്തോടോ മതേതരത്വത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത ആര്‍.എസ്.എസ്സിന്റെ നിയന്ത്രണത്തിനു വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്.''

എന്‍.എസ്.എസ്സിന്റെ ഇപ്പോഴത്തെ നേതൃത്വം ചരിത്രം മറന്നു പ്രവര്‍ത്തിക്കരുത് എന്ന താക്കീതും കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ നേതൃത്വം ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തി വളര്‍ന്നുവന്നവരാണ് എന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍, ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം അംഗീകരിക്കുന്നത് സി.പി.എം നിലപാടാണ് എന്നും വാദിക്കുന്നു. ''കേരളം ഒരുതരത്തിലുള്ള വര്‍ഗ്ഗീയ രാഷ്ട്രീയത്തേയും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. ഇപ്പോള്‍ ബി.ജെ.പിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ക്കുതന്നെ അത് തിരുത്തേണ്ടി വരും.''

പ്രളയകാലത്ത് ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രകടിപ്പിച്ച ഭരണമികവാണോ ശബരിമലയിലെ യുവതീ പ്രവേശനവിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂലമായി സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടാണോ വോട്ടു ചെയ്യുമ്പോള്‍ കേരളജനത കൂടുതല്‍ പരിഗണിക്കാന്‍ സാധ്യത. എന്താണ് വിലയിരുത്തല്‍?
സംസ്ഥാന സര്‍ക്കാരിന്റെ ഭരണമികവിനെക്കുറിച്ച് പറയുമ്പോള്‍ പ്രത്യേകമായി എടുത്തു പറയാവുന്ന അനുഭവം തന്നെയാണ് പ്രളയകാലവും അതിനെ അതിജീവിച്ച കേരളത്തിന്റെ തിരിച്ചുവരവും. ഒരു സര്‍ക്കാര്‍ എങ്ങനെയാകണം നാടിന്റെ ദുരിതകാലത്ത് പ്രവര്‍ത്തിക്കേണ്ടത് എന്നും ആ ദുരിതം അവസാനിപ്പിക്കാന്‍ ഇടപെടേണ്ടത് എങ്ങനെയെന്നുമുള്ള മാതൃക തന്നെയായി മാറി. അത് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കേണ്ട വിഷയമായി ഞങ്ങള്‍ കാണുന്നില്ല. പക്ഷേ, ജനം എല്ലാം കാണുകയും അനുഭവിക്കുകയുമാണല്ലോ. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയ്ക്കും കാര്യക്ഷമതയ്ക്കും വലിയൊരു ഉദാഹരണമായിരുന്നു പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ പഴയ വസ്ത്രങ്ങള്‍ നല്‍കരുത് എന്ന നിര്‍ദ്ദേശം. വേണ്ടാത്തതും പഴയതും കൊണ്ടുചെന്നു തള്ളാനുള്ള സ്ഥലമാക്കി ദുരിതാശ്വാസ ക്യാമ്പുകള്‍ മാറിയില്ല. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഉടുക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയാല്‍ പുതിയ വസ്ത്രങ്ങള്‍ നല്‍കുക, കുടിക്കാന്‍ വെള്ളം നല്‍കിയാല്‍ അതു മിനറല്‍ വാട്ടര്‍ ആയിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളൊക്കെ കര്‍ക്കശമായി നടപ്പാക്കിയല്ലോ. എത്ര വേഗമാണ് നമ്മള്‍ പ്രളയത്തിന്റെ ഞെട്ടലില്‍നിന്നു തിരിച്ചുവന്നതും കേരളത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയതും. കത്രീന കൊടുങ്കാറ്റില്‍ തകര്‍ന്ന അമേരിക്കയുടെ പല ഭാഗങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിട്ടുകൂടി മാസങ്ങളെടുത്തു. പക്ഷേ, കേരളം അതിന്റെ സഹജമായ ഐക്യത്തിലും കൂട്ടായ്മയിലും കൈകോര്‍ത്തു നിന്നു; സര്‍ക്കാര്‍, പ്രത്യേകിച്ചും മുഖ്യമന്ത്രി അതിനു നല്ല നേതൃത്വവും നല്‍കി. അതിനൊപ്പം ചേര്‍ത്തു പറയാതിരിക്കാന്‍ വയ്യാത്ത ഒരു കാര്യം പ്രതിപക്ഷം ആ ദിവസങ്ങളിലും പിന്നീടും സ്വീകരിച്ച നിഷേധാത്മക സമീപനമാണ്. അവര്‍ സര്‍ക്കാരിനെ കുറ്റം പറഞ്ഞു നടക്കുകയായിരുന്നല്ലോ. നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായി സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ അവരതിനെ എതിര്‍ത്തു. ജീവനക്കാര്‍ ഒന്നും കൊടുക്കേണ്ടെന്നു പറഞ്ഞു, പിടിച്ചുപറിക്കുകയാണെന്ന് പ്രചരിപ്പിച്ചു. ജനങ്ങളുടെ പണത്തില്‍നിന്നു സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം ഇനത്തില്‍ ഒരായുഷ്‌കാലം, അല്ലെങ്കില്‍ അവരുടെ സര്‍വ്വീസ് കാലത്തും പിന്നീട് പെന്‍ഷനായും നല്‍കുന്നത് എത്രയോ വലിയ തുകയാണ്. അതില്‍നിന്ന് ഒരു വിഹിതം, ഒരു മാസത്തെ ശമ്പളം 10 മാസംകൊണ്ട് കൊടുക്കണമെന്നു പറഞ്ഞപ്പോള്‍ പ്രതിപക്ഷം അതിനെ എതിര്‍ത്തു. പൊതുപണത്തില്‍നിന്നു വാങ്ങുന്നവര്‍ കൊടുക്കലിന്റേയും ഉദാത്ത മാതൃകയാകണം എന്ന വലിയ സന്ദേശത്തെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാരാകട്ടെ, തുച്ഛമായ സഹായം മാത്രം തന്നുവെന്നു വരുത്തി. വിദേശരാജ്യങ്ങളില്‍നിന്നു ലഭിക്കാമായിരുന്ന സഹായങ്ങള്‍ ലഭിക്കാതെയാക്കി. എന്നിട്ടും കേരള പുനര്‍നിര്‍മ്മാണം അതിവേഗം മുന്നോട്ടു പോവുകതന്നെയാണ്.
ശബരിമലയുടെ കാര്യത്തില്‍ ഞങ്ങളുടെ ഇടപെടല്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയല്ല. സമൂഹത്തെ പിന്നോട്ടു കൊണ്ടുപോകാനുള്ള സംഘപരിവാറിന്റേയും അതിനു കൂട്ടുനിന്ന കോണ്‍ഗ്രസ്സിന്റേയും നിലപാടുകള്‍ തുറന്നുകാട്ടപ്പെടുകയാണ് ഉണ്ടായത്. ശബരിമലയിലെ യുവതീ പ്രവേശം സാമൂഹിക പുരോഗതിയുടെ ഒരു ഘട്ടവുമായി ബന്ധപ്പെട്ട കാര്യമാണ്. മാത്രമല്ല, അതില്‍ സ്ത്രീപുരുഷ തുല്യതയുടെ വലിയ ഉള്ളടക്കം കൂടിയുണ്ട്. സുപ്രീംകോടതി അത്തരമൊരു വിധി പുറപ്പെടുവിച്ചപ്പോള്‍ അതു നടപ്പാക്കുക എന്ന സ്വാഭാവികമായ ഉത്തരവാദിത്വം നിറവേറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷേ, അതിനെ എതിര്‍ത്തുകൊണ്ട് സംഘപരിവാര്‍ അക്രമാസക്തമായി തെരുവിലിറങ്ങി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രതിഷേധത്തിന്റേയും അക്രമത്തിന്റേയും രീതികളാണ് അവര്‍ സ്വീകരിച്ചത്. ബസില്‍ കയറി സ്ത്രീകളുടെ പ്രായം തിരക്കി ആക്രമിക്കുക, ചീത്ത വിളിക്കുക, ശാന്തിയുടേയും സമാധാനത്തിന്റേയും പ്രതീകമായി നിലനില്‍ക്കാറുള്ള ക്ഷേത്രപരിസരത്തെ സംഘര്‍ഷത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്നതൊക്കെയാണ് അവര്‍ ചെയ്തത്. ഇവര്‍ ഇങ്ങനെയാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കു മനസ്സിലായി. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഭാഗമായവര്‍ പുതിയ പുതിയ അക്രമ മാര്‍ഗ്ഗങ്ങള്‍ തങ്ങളുടെ അവകാശമാണ് എന്ന മട്ടിലാണ് പ്രവര്‍ത്തിച്ചത്. ശ്രീധരന്‍പിള്ള പറഞ്ഞ സുവര്‍ണ്ണാവസരം ഫലത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു. കോണ്‍ഗ്രസ്സ് ഇതിനൊക്കെ കൂട്ടുനില്‍ക്കുന്നവരായി മാറി. ബി.ജെ.പിയുടേതില്‍നിന്നു വ്യത്യസ്തമായി നിലപാടില്ലാതെ കോണ്‍ഗ്രസ്സ് അവരുടെതന്നെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്. ഇതു വളരെ പ്രകടമായിരുന്നു. സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടിയും വിശ്വാസപരമായ കാര്യങ്ങളില്‍ ഉള്‍പ്പെടെയുള്ള തെറ്റായ മുഴുവന്‍ സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരേയും വലിയ കുതിപ്പും സാമൂഹിക മുന്നേറ്റവും നടത്തിയ കേരളത്തെ തിരിച്ചുകൊണ്ടു പോകാനാണ് ഇവരൊക്കെ ശ്രമിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ വരെ കേരളം അനാചാരങ്ങളുടേയും ജാതീയതയുടേയും സ്ത്രീവിരുദ്ധതയുടേയും വളരെ മോശപ്പെട്ട അനുഭവങ്ങളുടെ നാടായിരുന്നു. എന്നാല്‍, നവോത്ഥാന കാലത്തിനു തുടര്‍ച്ചയായി മാറ്റങ്ങള്‍ ആരംഭിച്ചപ്പോള്‍ അതിവേഗമാണ് ആ മാറ്റം മുന്നോട്ടുപോയത്. തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുന്നതിനു സഹായിക്കുന്ന വലിയ അവബോധംകൂടിയാണ് ഇതിനൊപ്പം കേരളം നേടിയത്. 

നാലു വോട്ടിനും സീറ്റിനും വേണ്ടിയുള്ള വിഷയമായല്ല ശബരിമല യുവതീപ്രവേശത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. പക്ഷേ, ശബരിമല വിവാദം രൂപപ്പെടുത്തിയ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിന്റെ നേട്ടം തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും ലഭിക്കുമോ ഇല്ലയോ എന്നു പറയേണ്ട സന്ദര്‍ഭമായിരിക്കുന്നു?
ഇക്കാര്യത്തില്‍ രാഷ്ട്രീയനേട്ടം സി.പി.എമ്മിന്റേയോ ഇടതുമുന്നണിയുടേയോ ലക്ഷ്യമായിരുന്നില്ല എന്ന് ആവര്‍ത്തിക്കുകതന്നെ ചെയ്യുന്നു. അതേസമയം, ശബരിമല വിഷയത്തില്‍ ഞങ്ങളെടുത്ത നിലപാടിനാണ് കേരള സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളുടേയും പിന്തുണ. അതിനപ്പുറം തെരഞ്ഞെടുപ്പുമായി ആ വിഷയത്തെ ബന്ധപ്പെടുത്തി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതും തെരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടി വിശ്വാസികളുടെ വൈകാരികതയെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതും സംഘപരിവാറിന്റേയും കോണ്‍ഗ്രസ്സിന്റേയും നീച രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയായാല്‍ ഈ നീച രാഷ്ട്രീയവും എണ്ണിയെണ്ണി ചര്‍ച്ച ചെയ്യപ്പെടുകതന്നെ ചെയ്യും. 

കേരളത്തില്‍ രാഷ്ട്രീയമായും സംഘടനാപരമായും അടിത്തറ വികസിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് ശബരിമല വിഷയം ഏതെങ്കിലും തരത്തില്‍ ഗുണകരമായതായി വിലയിരുത്തുന്നുണ്ടോ?
അവര്‍ ഒരു വശത്ത് തുറന്നുകാട്ടപ്പെട്ടപ്പോള്‍ത്തന്നെ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള കുറച്ചാളുകളെ ആകര്‍ഷിക്കാനും സാധിച്ചിട്ടുണ്ടാകും. പക്ഷേ, അത് അവര്‍ക്ക് നഷ്ടക്കച്ചവടമാണ്. കാരണം, കേരളം ഒരുതരത്തിലുള്ള വര്‍ഗ്ഗീയതയേയും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. ഇപ്പോള്‍ ബി.ജെ.പിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ക്കുതന്നെ അതു തിരുത്തേണ്ടിവരും. അതിന്റെ ലക്ഷണങ്ങള്‍ പല തലങ്ങളില്‍ പ്രകടവുമാണ്. പക്ഷേ, മറ്റൊന്നുണ്ട്. അത് കോണ്‍ഗ്രസ്സും യു.ഡി.എഫും കേരളത്തില്‍ സംഘപരിവാറുമായി ഉണ്ടാക്കുന്ന സഖ്യമാണ്. നേരിട്ടുള്ള സഖ്യം എന്നല്ല. മറിച്ച്, രണ്ടുകൂട്ടരും തമ്മില്‍ പരസ്പരം ഒരു ധാരണ രൂപപ്പെടുന്നുണ്ട്. കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ വിളിച്ചപ്പോള്‍ ഒരു ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍പോലും പ്രധാനമന്ത്രി എത്തിയത് ഈ ധാരണയുടെ ഭാഗമാണ്. കോണ്‍ഗ്രസ്സിലും ബി.ജെ.പിയോട് മാനസികമായി അടുപ്പമുള്ള ചിലരുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം മോദിക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ വളരെക്കുറച്ചാളുകളുടെ കുറവു മാത്രമേയുള്ളൂ എന്ന ഒരു സാഹചര്യമുണ്ടായാല്‍ അതു നികത്തിക്കൊടുക്കാന്‍ സന്നദ്ധതയുള്ളവരുടെ ഒരു നിര കോണ്‍ഗ്രസ്സില്‍ ഉണ്ടായിക്കൂടെന്നില്ല. അക്കൂട്ടത്തില്‍ കേരളത്തിലുമുണ്ടാകും ചിലര്‍. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ നേതൃത്വം ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തി വളര്‍ന്നുവന്നവരാണല്ലോ. അതുകൊണ്ടുകൂടിയാണ് രണ്ടുകൂട്ടരുടേയും ഇടയിലെ വ്യത്യാസം വളരെ നേര്‍ത്തതു മാത്രമാകുന്നത്. 

എന്‍.എസ്.എസ് ഇത്ര കാലവും സ്വീകരിച്ച പ്രഖ്യാപിത സമദൂര നിലപാടില്‍നിന്നു വ്യത്യസ്തമായി ശബരിമല വിഷയത്തോടെ പരസ്യമായ ബി.ജെ.പി അനുകൂല നിലപാടിലേക്ക് വന്നിരിക്കുകയാണല്ലോ. സി.പി.എമ്മും എന്‍.എസ്.എസ് നേതൃത്വവുമായി തുറന്ന പോരിലേക്കും വന്നിരിക്കുന്നു. ഇത് തെരഞ്ഞെടുപ്പില്‍ ഏതുവിധമാകും പ്രതിഫലിക്കുക?
വൈക്കം ക്ഷേത്രപ്രവേശനവും ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവും ഉള്‍പ്പെടെ കേരളത്തില്‍ നടന്ന നിരവധി സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങളില്‍ സവര്‍ണ്ണ വിഭാഗങ്ങളിലെ വലിയൊരു വിഭാഗം ആളുകളുടേയും പിന്തുണ ഉണ്ടായിട്ടുണ്ട്. അത് ചരിത്രമാണ്. സാമൂഹിക പരിഷ്‌കരണത്തിലും സമുദായ നവീകരണത്തിലും മറ്റു പലരേയും പോലെ എന്‍.എസ്.എസ്സിന്റെ പങ്കുമുണ്ട്. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയമായ വിവേചനം കേരളത്തില്‍ എത്രയോ മുന്‍പേ ഇല്ലാതായതില്‍ ജാതീയമായ വിവേചനം അനുഭവിച്ചിരുന്നവരുടെ ഭാഗത്തുനിന്നുള്ള ഉണര്‍ത്തെഴുന്നേല്പും ചെറുത്തുനില്പും പോലെതന്നെ മുന്നാക്ക ജാതികളിലെ പുരോഗമനവാദികളുടെ ശക്തമായ ഇടപെടലുകളും സമരങ്ങളിലെ പങ്കാളിത്തവും കാരണമായിട്ടുണ്ട്. എന്‍.എസ്.എസ്സിനും അതില്‍ പങ്കുണ്ട്. ഇപ്പോള്‍ എന്‍.എസ്.എസ്സിനു നേതൃത്വം നല്‍കുന്നവര്‍ അതിനേക്കുറിച്ചു തിരിച്ചറിവുള്ളവരാകണം. തങ്ങളുടെ മുന്‍കാല നേതൃത്വം വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ എന്തായിരുന്നുവെന്ന ബോധം വേണം. അതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും എല്ലാ സാമൂഹിക സംഘടനകള്‍ക്കും ബാധകമായ കാര്യം തന്നെയാണ്. അതിനു വിപരീതമായി സി.പി.എം വിരുദ്ധത ഉല്പാദിപ്പിക്കാനും തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തോടു സന്ധി ചെയ്യാനുമാണ് എന്‍.എസ്.എസ്സിന്റെ ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ അത് കേരളത്തില്‍ വിലപ്പോകില്ല.

പുതിയ ഘടക കക്ഷികളെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണല്ലോ. സീറ്റു വിഭജനത്തില്‍ പുതിയ അവകാശവാദങ്ങള്‍ക്ക് സാധ്യതയുണ്ടോ. സി.പി.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയത്ര സീറ്റുകളില്‍ മത്സരിക്കുമോ?
പുതിയ കക്ഷികളെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിച്ചു എന്നതിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് എന്നല്ല. അത് അവര്‍ക്കും അറിയാം. സീറ്റുകളുടെ എണ്ണത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല രാജ്യത്ത് ഇടതുപക്ഷം അതിന്റെ രാഷ്ട്രീയ ദൗത്യ നിര്‍വ്വഹണം നടപ്പാക്കുന്നത്. അതൊരു യാഥാര്‍ത്ഥ്യമായിരിക്കുമ്പോള്‍ത്തന്നെ ഫാസിസത്തിനും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനും അഴിമതിഭരണത്തിനുമെതിരായ പുതിയ കൂട്ടായ്മ രൂപപ്പെടുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് ഇടതുപക്ഷത്തിനു നേതൃത്വപരമായ പങ്ക് വഹിക്കുന്ന സി.പി.എമ്മിന് പാര്‍ലമെന്റില്‍ കൂടുതല്‍ സീറ്റുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഇടതുമുന്നണി എല്ലാക്കാലത്തും താരതമ്യേന തര്‍ക്കങ്ങളോ കലഹങ്ങളോ ഇല്ലാതെ തന്നെ സീറ്റു വിഭജനം പൂര്‍ത്തിയാക്കാറുണ്ട്. ഇത്തവണയും അങ്ങനെതന്നെ സംഭവിക്കും. സി.പി.എം കഴിഞ്ഞ തവണ മത്സരിച്ചയത്ര സീറ്റുകളില്‍ മത്സരിക്കില്ല എന്നും അത്രതന്നെ സീറ്റുകളില്‍ മത്സരിക്കും എന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. 

രണ്ടുവട്ടം മത്സരിച്ചവരെ മാറ്റിനിര്‍ത്തുന്ന രീതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇത്തവണ കര്‍ക്കശമായി നടപ്പാക്കണ്ട എന്ന് ആലോചനയുണ്ടോ?
രണ്ടുവട്ടം മത്സരിച്ചവരെ മാറ്റി പുതിയ ആളുകളെ മത്സരിപ്പിക്കുന്നതാണ് സി.പി.എം സ്വീകരിക്കുന്ന പൊതുരീതി. എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമായതുകൊണ്ട് ചില മണ്ഡലങ്ങളുടെ പ്രത്യേകതയും നിലവിലെ എം.പിയുടെ വിജയസാധ്യതയും മറ്റും കണക്കിലെടുത്ത് ഇതില്‍ ഇളവ് നല്‍കിക്കൂടായ്കയില്ല. മറ്റൊന്ന് സ്ത്രീകളുടേയും യുവജനങ്ങളുടേയും പ്രാതിനിധ്യമാണ്. അക്കാര്യത്തില്‍ എല്‍.ഡി.എഫിന്റേത് എല്ലാക്കാലത്തും അഭിമാനകരമായ സമീപനമാണ്. ഇത്തവണയും മാറ്റമുണ്ടാകില്ല. യു.ഡി.എഫിനു സംസ്ഥാന നിയമസഭയിലോ കേരളത്തില്‍നിന്നു പാര്‍ലമെന്റിലോ ഒരു സ്ത്രീപോലുമില്ല എന്നോര്‍ക്കണം. അതാണ് അവരും ഞങ്ങളും തമ്മിലുള്ള വ്യത്യാസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com