സഞ്ചാരികളില്ലാതെ ദൈവത്തിന്റെ നാട്: ടൂറിസം മേഖലയിലെ തിരിച്ചടികള്‍

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന നാമകരണത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ട ഇക്കാലയളവില്‍ സംസ്ഥാനത്തെ ടൂറിസം മേഖല ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്
സഞ്ചാരികളില്ലാതെ ദൈവത്തിന്റെ നാട്: ടൂറിസം മേഖലയിലെ തിരിച്ചടികള്‍

2018 കേരളം ഓര്‍ക്കുക മഹാപ്രളയം തകര്‍ത്ത വര്‍ഷമെന്നായിരിക്കും. പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ സേവന-വ്യവസായ മേഖലകളില്‍ ഒന്നായ ടൂറിസം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിലനില്‍പ്പ് ഭീഷണി നേരിട്ട വര്‍ഷമായിട്ടായിരിക്കും ഇത് രേഖപ്പെടുത്തുക. കഴിഞ്ഞ 30 വര്‍ഷക്കാലത്തെ കണക്കെടുത്താല്‍, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ ആണ് വിനോദസഞ്ചാര മേഖല കടന്നുപോകുന്നത്. പുതുവര്‍ഷം പിറന്നിട്ടും ആ അവസ്ഥയില്‍ വലിയ മാറ്റമൊന്നുമില്ല. മഹാപ്രളയം ഏറ്റവും കൂടുതല്‍ തകര്‍ത്ത മേഖലകള്‍ കൃഷിയും ടൂറിസവും ആയിരുന്നു. ഈ അവസ്ഥ ഇനിയും നീണ്ടുപോയാല്‍ പഴയ കര്‍ഷക ആത്മഹത്യപോലെ വിനോദസഞ്ചാര മേഖലയും കേരളത്തിന്റെ ഭാവിയില്‍ കറുത്ത നിഴല്‍ വീഴ്ത്തും എന്ന കാര്യത്തില്‍ സംശയമില്ല.  

ബാറും ഓഖിയും 
ലിഗയുടെ കൊലപാതകവും 

കേരളത്തിലെ ടൂറിസം മേഖലയുടെ തകര്‍ച്ച തുടങ്ങിയത് ബാര്‍ നിരോധനത്തിലാണെന്ന് നിസ്സംശയം പറയാം. യാതൊരു വീണ്ടുവിചാരവും മുന്നൊരുക്കങ്ങളും ഇല്ലാതെ, ഒരു സുപ്രഭാതത്തില്‍ പ്രഖ്യാപിച്ച ബാറുകളുടെ നിരോധനത്തില്‍ തുടങ്ങിയ തകര്‍ച്ചയില്‍നിന്നും ടൂറിസം - ഹോട്ടല്‍ വ്യവസായ മേഖല പതുക്കെ കരകയറിയത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനു ശേഷമാണ്. കൃത്യമായി നോക്കുകയാണെങ്കില്‍ 2017 ഏപ്രില്‍ ഒന്ന് മുതലാണ് പഴയ മദ്യനയം പുനഃസ്ഥാപിച്ചതിലൂടെ വിദേശ - ആഭ്യന്തര സഞ്ചാരികളെ വീണ്ടും ആകര്‍ഷിക്കാനായത്. കേരളം സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ തയ്യാറായി എന്ന് മികച്ച വിപണനതന്ത്രങ്ങളിലൂടെ ലോകത്തെ അറിയിച്ചു 2017 ഒക്ടോബര്‍ മുതല്‍ തുടങ്ങുന്ന സീസണ്‍ വിനോദസഞ്ചാര മേഖല തയ്യാറെടുത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഓഖി ചുഴലിക്കാറ്റ് കേരളതീരത്ത് ആഞ്ഞടിക്കുന്നത്.   

2017 നവംബര്‍ 21-ന് ഓഖി ചുഴലിക്കാറ്റ് നമ്മുടെ തീരത്ത് കനത്ത നാശനഷ്ടവും നിരവധി മനുഷ്യജീവനുകളും തീരവും സമ്പത്തും എല്ലാം കൊണ്ടുപോയതും എല്ലാം ഇന്നും തീര്‍ത്താല്‍ തീരാത്ത നഷ്ടമായി നമുക്ക് മുന്നിലുണ്ട്. ആലപ്പുഴയിലെ മാരാരിക്കുളത്തെ സ്വന്തം റിസോര്‍ട്ട് മുഴുവന്‍ കടലെടുക്കുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്ന വിനോദ് എന്ന ഒരു ടൂറിസം സംരംഭകന്റെ ദയനീയ ചിത്രം അന്ന് കേരളം കാണുകയുണ്ടായി. അദ്ദേഹത്തിന്റെ മാത്രം നഷ്ടം 12 കോടി രൂപയായിരുന്നു. കോവളം തീരത്തിനും ശംഖുമുഖം കടല്‍ത്തീരത്തിനും ഉണ്ടായ ശോഷണം ഇപ്പോഴും നികത്താനായിട്ടില്ല.

 
ഓഖിയിലൂടെ മാത്രം കേരളം ടൂറിസത്തിന് ഉണ്ടായ വ്യാപാര നഷ്ടം 1000 കോടി രൂപയില്‍ കവിയും. അതോടെ കഴിഞ്ഞ ടൂറിസം സീസണ്‍ മുഴുവന്‍ കേരളത്തിനു നഷ്ടമായി. അതിലൂടെ ഉണ്ടായ പരോക്ഷ നഷ്ടം എത്രയോ വേറെയും. അതിന്റെ പരിണിത ഫലമായി 2018 മാര്‍ച്ച് വരെ സീസണ്‍ ഇഴഞ്ഞുനീങ്ങിയപ്പോഴാണ് ഏപ്രില്‍ മുതല്‍ തുടങ്ങാന്‍ പോകുന്ന ഡൊമസ്റ്റിക് സീസണ്‍ ഒരു പരിധിവരെ പിടിച്ചുനില്‍ക്കും എന്ന ഒരു തോന്നല്‍ ടൂറിസം വിപണിയില്‍ ഉണ്ടാക്കിയത്. അത് ഒരു പരിധിവരെ ശരിവെയ്ക്കുന്ന തരത്തില്‍ ആയിരുന്നു തുടക്കത്തില്‍ മൂന്നാര്‍, വയനാട്, തേക്കടി അടക്കമുള്ള ഡെസ്റ്റിനേഷനുകള്‍ സഞ്ചാരികളെ സ്വാഗതം ചെയ്തത്.  

ഓഖിയുടെ സംഹാരതാണ്ഡവം കഴിഞ്ഞു അധികം താമസിയാതെ 'ലിഗ' എന്ന വിദേശ വനിതയുടെ കൊലപാതകം അതു നടന്ന കോവളത്തെ മാത്രമല്ല, മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളേയും ബാധിച്ചു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ ആയിരുന്നു അത്. അതും ടൂറിസം സീസണ്‍ അതിന്റെ ഏറ്റവും പരകോടിയില്‍ നില്‍ക്കുമ്പോള്‍. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം ഇന്ത്യ മൊത്തം വനിതാ സഞ്ചാരികള്‍ക്കു പോകാന്‍ പറ്റിയ സ്ഥലമല്ല എന്ന പ്രചാരണം വിദേശ രാജ്യങ്ങളില്‍ നിലനില്‍ക്കുമ്പോഴാണ് ലിഗയുടെ കൊലപാതകം കേരളത്തെ പിടിച്ചുലയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അത് വല്ലാതെ നമ്മുടെ വിപണികളെ സ്വാധീനിച്ചു. 2018 ജര്‍മനിയില്‍ നടന്ന, ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ ഐ.ടി.ബി ബെര്‍ലിനില്‍ അടക്കം ഈ വിഷയം ചര്‍ച്ചയായി. പക്ഷേ, കേരള പൊലീസിന്റേയും ടൂറിസം വകുപ്പിന്റേയും സമയോചിതവും നിഷ്പക്ഷവുമായ ഇടപെടല്‍, കുറ്റവാളികളെ പിടിക്കാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുകയും ഒരു പരിധി വരെ അധികം ഡാമേജ് ടൂറിസം മേഖലയ്ക്കുണ്ടാകാതെ രക്ഷിക്കാനും കഴിഞ്ഞു. ഒടുവില്‍ ലിഗയുടെ സഹോദരിയെ കേരള ടൂറിസത്തിന്റെ അനൗദ്യോഗിക പ്രചാരക ആക്കുന്നതില്‍ വരെ ആ സന്ദര്‍ഭോചിതവുമായ ഇടപെടലുകള്‍ സഹായിച്ചു.  

നിപയും 
മഹാപ്രളയവും   

നിര്‍ഭാഗ്യവശാല്‍ 2018 ജൂണില്‍ കോഴിക്കോട് ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഉണ്ടാക്കിയ നഷ്ടം ഏകദേശം 4000 കോടി രൂപയ്ക്കും 5000 കോടി രൂപയ്ക്കും ഇടയിലായിരുന്നു. തേക്കടി, മൂന്നാര്‍, വയനാട് എല്ലാം കഴിഞ്ഞ ഡൊമസ്റ്റിക് സീസണില്‍ മെലിഞ്ഞുണങ്ങി. എന്നാല്‍, നമ്മുടെ സര്‍ക്കാര്‍ സംവിധാനവും പൊതു - സ്വകാര്യ ആരോഗ്യമേഖലയുടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും നാം നിപ്പായേയും അതി ജീവിച്ചു. അപ്പോഴും ടൂറിസം മേഖലയിലെ എല്ലാവരും ശുഭപ്രതീക്ഷയില്‍ ആയിരുന്നു. വരുന്ന ഓണക്കാലവും പൂജ അവധിയും ദീപാവലിയും എല്ലാം നമുക്ക് നല്ല ഒരു തിരിച്ചുവരവിന് കളമൊരുക്കും എന്ന്. പക്ഷേ, അതിന്റെ പിറകെ വന്ന ഓഗസ്റ്റിലെ മഹാപ്രളയം ഇതുവരെയുള്ള എല്ലാ പ്രതീക്ഷകളേയും തച്ചുടയ്ക്കുന്നതായിരുന്നു. 

കേരളത്തിലെ എല്ലാ ടൂറിസം ഡെസ്റ്റിനേഷനുകളും സഞ്ചാരികളുടെ വരവും കാത്ത് ഇരിക്കുകയാണ്. പലയിടത്തും ചില റിസോര്‍ട്ടുകളില്‍ ഒരു റൂമില്‍പ്പോലും ആളില്ലാത്ത അവസ്ഥ. അതും സാധാരണഗതിയില്‍ കേരളത്തിലെ പീക്ക് ടൂറിസം സീസണ്‍ എന്നു വിലയിരുത്തുന്ന ഡിസംബര്‍ - ജനുവരി മാസങ്ങളില്‍. ഓണവും  പൂജാ അവധിയും ദീപാവലിയും ഒക്കെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയപ്പോഴും ഈ മേഖല വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയത് നവംബര്‍ മുതല്‍ തുടങ്ങുന്ന സീസണും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായിരുന്നു. സാധാരണ ഗതിയില്‍ ഡിസംബര്‍ 20 മുതല്‍ ജനുവരി 20 വരെ കേരളത്തില്‍ ഒരു റൂം കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഇക്കുറി ഡിസംബര്‍ 24-നും 31-നും ഒക്കെ കാലിയായ റൂമുകള്‍ നിരവധി റിസോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. അത്രമാത്രം ദയനീയമായിരുന്നു ടൂറിസം മേഖലയുടെ അവസ്ഥ.  

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍, കേരള ടൂറിസം മേഖല ഇത്തരമൊരു ദയനീയമായ അവസ്ഥയില്‍ക്കൂടി കടന്നുപോയിട്ടില്ല എന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇനിയും എത്ര ദിവസം കൂടി, പിടിച്ചുനില്‍ക്കാനും മുന്നോട്ട് പോകാനും തങ്ങള്‍ക്ക് ആകുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ ഭൂരിപക്ഷം നിക്ഷേപകരും. പലര്‍ക്കും ശമ്പളം കൊടുക്കാന്‍പോലും പറ്റാത്ത അവസ്ഥ. ഇതിനെല്ലാം പുറമെയാണ്,  പൊതുമേഖലാ - സ്വകാര്യ ബാങ്കുകളും കെ.എഫ്.സി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ കടുംപിടുത്തവും സമ്മാനിക്കുന്ന അരക്ഷിതാവസ്ഥ. സംരംഭകര്‍ക്ക് ഇതുവരെ അവര്‍ എടുത്ത ലോണുകള്‍ക്കൊന്നും പ്രഖ്യാപിച്ച തിരിച്ചടവ് അവധി കൊടുക്കാത്തതും സംരംഭകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. എല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചകള്‍ മാത്രം.


കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ കഴിഞ്ഞ മാസം ഒരു പൊതുചടങ്ങില്‍ പറഞ്ഞത്, കെ.ടി.ഡി.സിയുടെ പ്രീമിയം ഹോട്ടലുകളിലെ അതിഥികളുടെ കണക്ക് വെറും 30 ശതമാനം മാത്രമാണ് എന്നാണ്. അരനൂറ്റാണ്ട് പിന്നിട്ട കെ.ടി.ഡി.സിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്. കേരളത്തിലെ പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡുകള്‍ എല്ലാം സമാനമായ അവസ്ഥയിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കാര്യമാണ് ഇതിലും കഷ്ടം. കോവളം, കുമരകം, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ അവസ്ഥയും വ്യത്യസ്തമല്ല. ഹൗസ് ബോട്ട് മേഖല നിശ്ചലമായ അവസ്ഥയില്‍ ആയിട്ട് മാസങ്ങളായി. അറബ് ടൂറിസ്റ്റുകളിലെ നേരിയ വര്‍ധന മാത്രമാണ് ഇതിനിടയില്‍ ആകെയുള്ള ഒരാശ്വാസം.

നവംബര്‍ ആദ്യവാരം ലണ്ടനില്‍ സമാപിച്ച ലോക ടൂറിസം മേളയില്‍ കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം പങ്കെടുത്തിരുന്നു. ഉത്തരവാദിത്വ ടൂറിസം രംഗത്തെ രണ്ട് ഗോള്‍ഡ് അവാര്‍ഡ് അടക്കം കേരളം നേടുകയും ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്   അടക്കമുള്ള കേരളസംഘം സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനയ്ക്കായി പലവിധ പ്രചാരണ പരിപാടികള്‍ക്കും അവിടെ തുടക്കം കുറിക്കുകയുണ്ടായി. പക്ഷേ, കേരള ടൂറിസം സ്റ്റാള്‍ രൂപകല്പനകൊണ്ട് അതിമനോഹരമായിരുന്നെങ്കില്‍, വ്യാപാരം കൊണ്ട് ശുഷ്‌കമായിരുന്നു. അതേസമയം നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും മാലിദ്വീപും അവിടെ കാഴ്ചവെച്ച പ്രകടനം കാണുമ്പോള്‍ കണ്ണ് തള്ളിപ്പോകും. അവസാന ദിവസം സഞ്ചാരികളും അവരുടെ സ്റ്റാളുകളില്‍ തള്ളിക്കയറി. ഒരുകാലത്ത് അവരെപ്പോലെ തന്നെ കേരളവും യു.കെയിലേയും യൂറോപ്യന്‍ രാജ്യങ്ങളിലേയും വിനോദസഞ്ചാരികളുടെ പറുദീസയായിരുന്നു. വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ തിരക്കായിരുന്നു നമ്മുടെ സ്റ്റാളുകളില്‍. ഇന്ത്യ ടൂറിസം പവലിയനും ആളുകളെ വളരെയധികം ആകര്‍ഷിച്ചെങ്കില്‍ കേരള ടൂറിസത്തിന്റെ പവലിയന്‍ പലപ്പോഴും ആളൊഴിഞ്ഞ അവസ്ഥയില്‍ ആയിരുന്നു. 

വിപണി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍

കേരള ടൂറിസം വകുപ്പ് സ്വകാര്യമേഖലയുടെ ഉറച്ച പിന്തുണയോടെ, നമുക്ക് കൈമോശം വന്ന വിപണി തിരിച്ചുപിടിക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് കഴിഞ്ഞ മൂന്നു മാസങ്ങളായി. സഞ്ചാരികളുടെ തിരിച്ചുവരവിനായി എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കയാണ്. ഇതുവരെ മറ്റൊരു സര്‍ക്കാരും കൈക്കൊണ്ടിട്ടില്ലാത്ത വിധമാണ് നിലവില്‍ കേരള ടൂറിസം വകുപ്പ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. പ്രളയാനന്തരം കേരളത്തെ തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിനായി സാമ്പത്തിക ഞെരുക്കത്തിനിടയിലും രണ്ടു മാസം കൊണ്ട് 11 കോടിയില്‍ അധികം രൂപയാണ് കേരളത്തിന്റെ ടൂറിസം സങ്കേതങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍, ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും പ്രധാന സോഴ്സ് മാര്‍ക്കറ്റുകളിലും ചെലവാക്കിയത്. 

ശബരിമല പ്രതിഷേധങ്ങളും ഹര്‍ത്താലുകളും ടൂറിസം മേഖലയെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നതിനും വിനോദസഞ്ചാര മേഖല ഇക്കാലയളവില്‍ സാക്ഷ്യം വഹിച്ചു. മൂന്നാറും തേക്കടിയും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആളൊഴിഞ്ഞ അവസ്ഥയില്‍ ആണ്. ശബരിമല വിഷയത്തിലെ പ്രതിഷേധം കൂടുതല്‍ കനക്കുകയും വ്യാപിപ്പിക്കുകയും ചെയ്താല്‍ വരും നാളുകളും പ്രത്യേകിച്ചും ഡിസംബര്‍ മുതല്‍ തുടങ്ങിയ പീക്ക് സീസണേയും വല്ലാതെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വെള്ളപ്പൊക്കം കവര്‍ന്നെടുത്ത കേരളം ഇനിയും കരകയറിയിട്ടില്ല. അത്തരം വെല്ലുവിളികള്‍ ഉള്ളപ്പോള്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍നിന്നും ശ്രീലങ്കയും മാലിദ്വീപും അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്നും നേരിടുന്ന കടുത്ത ഭീഷണി; എല്ലാം കൊണ്ട് കേരള ടൂറിസം ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയില്‍ ആണിപ്പോള്‍.  

ഇതിനിടയില്‍ ആകെയുള്ള ആശ്വാസം ഉത്തവാദിത്വ ടൂറിസം മേഖലയിലും ആയുര്‍വ്വേദ അനുബന്ധ ടൂറിസം മേഖലയിലും വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ പോകുന്ന അവസ്ഥയാണ്. അവിടെ ഇപ്പോഴും വിദേശ - സ്വദേശ ടൂറിസ്റ്റുകള്‍ കുറച്ചെങ്കിലും വരുന്നു. 

പുത്തന്‍ പരിപ്രേക്ഷ്യം അത്യാവശ്യം

കേരള ടൂറിസം ഇനിയും ശക്തമായി മുന്നോട്ട് പോകണമെങ്കില്‍, നമുക്കു ഒരു പുത്തന്‍ പരിപ്രേക്ഷ്യം ഉണ്ടായേ തീരൂ. കഴിഞ്ഞ 27 വര്‍ഷങ്ങളായി നാം അഭിമാനത്തോടെ കൊണ്ടു നടക്കുന്ന കേരള - ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ബ്രാന്‍ഡ് കാലപ്പഴക്കത്തില്‍ ക്ഷീണിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. കഴിഞ്ഞ 20 വര്‍ഷത്തില്‍ അധികമായി കേരള ടൂറിസം ബ്രാന്‍ഡിന്റെ വിപണനം കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ രണ്ടും (പരസ്യങ്ങള്‍ - സോഷ്യല്‍ മീഡിയ എന്നിവ കൈകാര്യം ചെയ്യുന്ന സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സും ഇന്റര്‍നെറ്റ് - വിഷ്വല്‍ മീഡിയ എന്നിവ കൈകാര്യം ചെയ്യുന്ന  ഇന്‍വിസ് മള്‍ട്ടിമീഡിയയും) തങ്ങളാവുന്ന വിധത്തില്‍ ബ്രാന്‍ഡിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഇന്ന് ഈ രംഗത്ത് ഇന്ത്യയിലെ തന്നെ രണ്ടു മികച്ച ഏജന്‍സികള്‍ ആണ് ഇവ രണ്ടും എന്ന കാര്യത്തിലും സംശയമില്ല. തുടര്‍ച്ചയായി നമുക്കു കിട്ടുന്ന ദേശീയ - അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍, പ്രത്യേകിച്ചും മാര്‍ക്കറ്റിംഗ് രംഗത്തു നേടുന്ന അവാര്‍ഡുകള്‍ അതിനുള്ള തെളിവുകള്‍ ആണ്. അപ്പോള്‍ യഥാര്‍ത്ഥ കാരണം മറ്റെന്തോ ആണെന്ന് വ്യക്തം.

ആയുര്‍വ്വേദവും കെട്ടുവള്ളങ്ങളും

ഒന്നാമതായി കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി കേരള ടൂറിസം ആശ്രയിക്കുന്ന രണ്ടു ടൂറിസം ഉല്പന്നങ്ങള്‍ എന്നു പറയുന്നത് നമ്മുടെ കായലോരങ്ങളും ഇവിടുത്തെ കെട്ടുവള്ളങ്ങളും ആയുര്‍വ്വേദ ടൂറിസവുമാണ്. 

ആയുര്‍വ്വേദ ടൂറിസം, നൂറ്റാണ്ടുകള്‍കൊണ്ട് ഉരുത്തിരിഞ്ഞ നമ്മുടെ പാരമ്പര്യ ചികിത്സാ രീതിയായതിനാല്‍ യാതൊരു ക്ഷീണവും തട്ടാതെ പിടിച്ചുനില്‍ക്കുക മാത്രമല്ല, ദിനംപ്രതി വളര്‍ച്ച നേടുകയും ചെയ്യുന്ന മേഖലയാണ്. ആ മേഖലയില്‍ ഓരോ വര്‍ഷവും പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആ രംഗത്തെ മികച്ച സംരംഭകര്‍ക്ക് ആകുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെല്‍നെസ്സ് ടൂറിസം രംഗത്തെ ദേശീയ ടൂറിസം അവാര്‍ഡ് കേരളത്തിനു കിട്ടുന്നതുതന്നെ ഇതിനൊരു മികച്ച തെളിവാണ്. ആഗോള സാമ്പത്തികമാന്ദ്യ കാലത്തും പ്രളയാനന്തര കേരളത്തിന്റെ ദയനീയ ചിത്രങ്ങള്‍ക്കിടയിലും ആയുര്‍വ്വേദ ടൂറിസം മികവ് തെളിയിക്കുന്നതില്‍ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം. അത് അരക്കിട്ടുറപ്പിക്കുന്ന മറ്റൊരു സംഗതികൂടിയുണ്ട്. തനതായ നിലവാരം നിലനിര്‍ത്തുന്ന, അതിന്റെ നൈതികത ചോരാതെ സൂക്ഷിച്ചാല്‍, ഏതൊരു ഉല്പന്നത്തിനും ബ്രാന്‍ഡുകള്‍ക്കും ഏതു പ്രതികൂല കാലാവസ്ഥയിലും പിടിച്ചുനില്‍ക്കാനാകും എന്നത്. 


എന്നാല്‍, കേരളത്തിന്റെ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഉരുത്തിരിഞ്ഞുവന്ന കായല്‍ ടൂറിസം മേഖലയും കെട്ടുവള്ളവും അതിന്റെ നൈതികതയും ആത്മാവും ചോര്‍ത്തിക്കളഞ്ഞു കൊണ്ടും പ്രകൃതിയെ പൂര്‍ണ്ണമായി അവഗണിച്ചും സേവന മികവിനു പുല്ലുവില കല്പിച്ചുകൊണ്ട് ലാഭക്കൊതി മാത്രം കച്ചവടമന്ത്രം ആക്കിയപ്പോള്‍ ഒരുകാലത്തു തകര്‍ന്നടിഞ്ഞ കുട്ടനാടന്‍ സാമ്പത്തിക - സാമൂഹികരംഗത്തെ തിരിച്ചുകൊണ്ട് വരാനും പിടിച്ചുനിര്‍ത്താനും വികസനക്കുതിപ്പിന് കാരണഭൂതവുമായ ഹൗസ്ബോട്ട് മേഖലയെ യാതൊരു ആസൂത്രണവും ദീര്‍ഘ വീക്ഷണവുമില്ലാതെ തകര്‍ത്തതിന്റെ പരിണത ഫലമാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

1992 മെയ് മാസത്തില്‍ ആണ് തിരുവനന്തപുരത്തെ ടൂര്‍ ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ഉടമയായ അന്തരിച്ച ബാബു വര്‍ഗീസ് എന്ന വ്യക്തി ആദ്യമായി ഹൗസ്ബോട്ട് എന്ന ആശയം കരുനാഗപ്പള്ളിക്കടുത്ത് ആദിനാട് ആലുംകടവ് എന്ന സ്ഥലത്ത് അവതരിപ്പിച്ചത്. 'സുമംഗലി' എന്ന പേരില്‍ അദ്ദേഹം ഒരു ക്രൂയിസ് ബോട്ട് നീറ്റിലിറക്കി. ഇന്നും കേരളത്തിലെ ഏറ്റവും നല്ല കായല്‍ക്കാഴ്ചകളില്‍ ഒന്ന് പ്രദാനം ചെയ്യുന്നത്, ആലുംകടവ് - ആയിരം തെങ്ങ് മേഖലയില്‍ ആണെന്ന് നിസ്സംശയം പറയാം. 

ഒരുകാലത്തു കേരളത്തിലെ നദികളിലും കായലുകളിലും ചരക്കു കടത്താന്‍ ഉപയോഗിച്ചിരുന്ന പ്രധാന മാര്‍ഗ്ഗമായിരുന്നു കെട്ടുവള്ളങ്ങള്‍. ആയിരക്കണക്കിന് ചെറുതും വലുതുമായ കെട്ടുവള്ളങ്ങള്‍ ആണ് അന്ന് നമ്മുടെ ജലാശയങ്ങളിലൂടെ തുഴയെറിഞ്ഞു കടന്നുപോയിരുന്നത്. അക്കാലത്തെ പല മലയാള സിനിമകളിലും കെട്ട് വള്ളങ്ങളിലെ ജീവിതം ഒരു നേര്‍ക്കാഴ്ചയായിരുന്നു.               

എന്നാല്‍, ആധുനികതയുടെ കടന്നുകയറ്റം റോഡുകളും റെയില്‍വേ ലൈനുകളും കേരളം മുഴുവന്‍ വികസിച്ചതും ചരക്കു തീവണ്ടികളും ലോറികളും അടക്കമുള്ള അതിവേഗ ചരക്കുനീക്ക മാര്‍ഗ്ഗങ്ങളും ഒരു മേഖലയെ പടിയടച്ചു പിണ്ഡംവെയ്ക്കുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചു. കെട്ടുവള്ളങ്ങളുടെ നിര്‍മ്മാണം നടത്തിയിരുന്നവരും 'വളവര' എന്നറിയപ്പെടുന്ന മേല്‍ക്കൂര നിര്‍മ്മിച്ചിരുന്നവരും വള്ളങ്ങള്‍ തുഴഞ്ഞിരുന്നവരും തൊഴില്‍രഹിതരായി. പലരും ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയില്‍ ആയി. 1990-കളുടെ ആദ്യം ബാബു വര്‍ഗീസ് ഉപയോഗ്യമായ കെട്ടുവള്ളങ്ങള്‍ തേടി തെക്കന്‍ കേരളം മുഴുവന്‍ അലഞ്ഞു. ഒരുകാലത്തു ആയിരക്കണക്കിന് കെട്ടുവള്ളങ്ങള്‍ ഉണ്ടായിരുന്ന കേരളത്തില്‍ അപ്പോള്‍ ആകെ കണ്ടെത്താനായത് 30-ല്‍ താഴെ മാത്രം എണ്ണമായിരുന്നു എന്നറിയുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടുന്നത്.

അതില്‍ത്തന്നെ ആറെണ്ണം മാത്രമായിരുന്നു സാമാന്യം വലുതും വലിയ കാലപ്പഴക്കം ഇല്ലാതിരുന്നതും. ആ ആറ് വള്ളങ്ങളും പില്‍ക്കാലത്ത് ഇപ്പോഴത്തെ കെട്ടുവള്ളങ്ങളുടെ ആധുനിക രൂപമായി പരിണമിച്ചു. കെട്ടുവള്ളത്തിന്റെ ആദ്യത്തെ യാത്രയില്‍ ആലുംകടവില്‍നിന്നും വള്ളിക്കാവ് വഴി, കായംകുളത്തെ ആയിരം കായല്‍ വരെ യാത്ര ചെയ്യാന്‍ ഭാഗ്യമുണ്ടായ ഈ ലേഖകന്‍ പിന്നീടുള്ള കാല്‍നൂറ്റാണ്ടും ഈ മേഖലയുടെ കുതിപ്പും കിതപ്പും നേരില്‍ കാണുന്നു. 

ആലുംകടവിന്റെ നഷ്ടം ആലപ്പുഴയുടെ സൗഭാഗ്യം

ഇന്ന് കേരളത്തിലെ കായല്‍ ടൂറിസത്തിന്റേയും കെട്ടുവള്ളങ്ങളുടേയും കേന്ദ്രം ആലപ്പുഴയാണ്. കുറച്ചു കുമരകം, വൈക്കം ഭാഗങ്ങളിലും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ആലുംകടവ് എന്ന കരുനാഗപ്പള്ളിക്കടുത്ത ഗ്രാമത്തിന്റെ നഷ്ടമാണ് ആലപ്പുഴയുടെ ലാഭമായി മാറിയതെന്ന് മറക്കരുത്. 1993 അവസാനം ബെഡ്‌റൂമുകളോട് കൂടിയ കേരളത്തിലെ ആദ്യ ഹൗസ് ബോട്ട് - 'സുന്ദരി' എന്ന പേരില്‍ ബാബു വര്‍ഗീസ് അവതരിപ്പിച്ചതോടെ കേരളത്തിലെ കായലോര ടൂറിസത്തിന്റെ പുതിയ യുഗം ആരംഭിക്കുകയായിരുന്നു.

1992 മുതല്‍ 1994 വരെ ഇറങ്ങിയ ആറ് കെട്ടുവള്ളങ്ങളും ഓടിയിരുന്നതും അവയുടെ കേന്ദ്രീകൃത മേഖലയും ആലുംകടവ് ആയിരുന്നു. അന്ന് വെറും നാല് കമ്പനികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ടൂര്‍ ഇന്ത്യ, കാസിനോ ഗ്രൂപ്പ്, ഗ്രേറ്റ് ഇന്ത്യ ടൂര്‍ കമ്പനി, ന്യൂ ഡല്‍ഹി ആസ്ഥാനമായ ഫാര്‍ ഹൊറൈസണ്‍ എന്നിവ. എന്നാല്‍, ഇന്ന് ഏകദേശം 1200 കെട്ടുവള്ളങ്ങള്‍ ആലപ്പുഴ - കുമരകം മേഖലയില്‍ മാത്രമായി ഓടുന്നു. 

1990-കള്‍ കേരളത്തിലെ (കു)പ്രസിദ്ധമായ സംഘടിത തൊഴിലാളി സമരങ്ങളുടേയും മേല്‍ക്കോയ്മകളുടേയും കാലഘട്ടമായിരുന്നു. കര്‍ഷകത്തൊഴിലാളി സമരം കാരണം കുട്ടനാട്ടിലെ കാര്‍ഷികമേഖല തകര്‍ന്ന് കുത്തുപാള എടുത്തിരിക്കുന്ന സമയം. ആലപ്പുഴയിലേയും കൊല്ലത്തേയും കയര്‍ - കശുവണ്ടി തൊഴിലാളികളുടെ കാര്യവും ഏകദേശം അങ്ങനെ തന്നെ. അപ്പോഴാണ് ബാബു വര്‍ഗീസ് കെട്ടുവള്ളം എന്ന നൂതന ആശയം അവതരിപ്പിക്കുന്നത്. അത് ആലുംകടവ് എന്ന ഗ്രാമത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയായിരുന്നു. ആലുംകടവില്‍ കെട്ടുവള്ളങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു. 'വളവര' ഉണ്ടാക്കാന്‍ പരിചയസമ്പന്നരായ ആളുകളെ ചേര്‍ത്തലനിന്നുവരെ ആ ഗ്രാമത്തില്‍ എത്തിക്കാന്‍ ബാബു വര്‍ഗീസ് തയ്യാറായി. ആദ്യത്തെ രണ്ടു സീസണ്‍ നന്നായിത്തന്നെ ആ ഗ്രാമം ആഘോഷിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ആദ്യമായി ഒരു കേന്ദ്ര പദ്ധതി ടൂറിസം മേഖലയില്‍ അനുവദിച്ചത് ആലുംകടവില്‍ ആയിരുന്നു എന്നറിയുമ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലാവുക. ദേശീയ ജലപാതയുടെ അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായി ആലുംകടവില്‍ ഒരു കായലോര വിശ്രമകേന്ദ്രത്തിന് ഫണ്ട് അനുവദിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ കേരളം ടൂറിസം വകുപ്പ് അതിന്റെ പണി പൂര്‍ത്തിയാക്കി. കേരളത്തിലെ കായല്‍ ടൂറിസം ഇനി ആലുംകടവ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി അത് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ചു. 

എന്നാല്‍, കാര്യങ്ങള്‍ മാറിമറിയാന്‍ അധിക കാലം വേണ്ടിവന്നില്ല. 1994 ടൂറിസം സീസണിന്റെ തുടക്കത്തില്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടുകൊണ്ട് ആലുംകടവ് മേഖലയിലെ തൊഴിലാളികള്‍ നടത്തിയ സമരം മൂലം കെട്ടുവള്ളങ്ങളുടെ യാത്ര രണ്ടാഴ്ച തടസ്സപ്പെട്ടു, മുന്‍കൂര്‍ ബുക്ക് ചെയ്തു കേരളം കാണാനെത്തിയ സഞ്ചാരികള്‍ കെട്ടുവള്ളത്തില്‍ കയറാനാകാതെ നിരാശരായി മടങ്ങാന്‍ തുടങ്ങി. തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഒടുവില്‍ അതുവരെ തങ്ങള്‍ കഷ്ടപ്പെട്ടതും നിക്ഷേപവും എല്ലാം വെള്ളത്തില്‍ ആവും എന്ന ദയനീയസ്ഥിതിയില്‍ നിവൃത്തിയില്ലാതെ ബാബു വര്‍ഗീസ് മറ്റുള്ളവരുമായി ആലോചിച്ചു ഒറ്റരാത്രികൊണ്ട് തങ്ങളുടെ ആസ്ഥാനം ആലപ്പുഴയിലെ പുന്നമട കായലിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കി. ഒരു സംഘടിത തൊഴിലാളി സമരം കേരളത്തില്‍ ഉണ്ടാക്കിയ മാറ്റം പഠിക്കണമെങ്കില്‍ ഈ ഒരൊറ്റ സമരചരിത്രം പഠിച്ചാല്‍ മതി. 1994 മുതല്‍ ഇന്നു വരെയുള്ള ആലപ്പുഴയുടേയും കുമരകത്തിന്റേയും ടൂറിസം രംഗത്തെ വികസനവും കൊല്ലത്തേയും ആലുംകടവ് മേഖലയുടേയും തളര്‍ച്ചയും നോക്കിയാല്‍ മതി.  എല്ലാത്തിനും മൂകസാക്ഷിയായി ആലുംകടവിലെ കായലോര വിശ്രമകേന്ദ്രം ഒരു നോക്കുകുത്തിയായി ഇന്നും അവിടെ അവശേഷിക്കുന്നു

ആദ്യകാലം മുതല്‍ കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ കര്‍ഷകരുടെ സ്ഥിതി, 1980 - 1990 കാലയളവില്‍ വല്ലാത്ത അനിശ്ചിതാവസ്ഥയില്‍ ആയിരുന്നു. കാര്‍ഷിക മേഖല തകര്‍ന്നു. നിരന്തരം തൊഴിലാളി സമരങ്ങള്‍. ചുരുക്കം ചില ആത്മഹത്യകള്‍ക്ക് വരെ അക്കാലത്ത് കുട്ടനാട് സാക്ഷ്യംവഹിക്കേണ്ടിവന്ന കാലം. എന്തു ചെയ്യണമെന്നറിയാതെ ഒരു സമൂഹം മുഴുവന്‍ നില്‍ക്കുമ്പോഴാണ് ബാബു വര്‍ഗീസും കൂട്ടരും ആലപ്പുഴ കെട്ടുവള്ളങ്ങളുടെ സ്ഥിര താവളമാക്കാന്‍ തീരുമാനിക്കുന്നത്. 

പുന്നമട കായലിലേയും വേമ്പനാട് കായലിലേയും കെട്ടുവള്ളങ്ങളുടെ യാത്രകള്‍ കണ്ട ആലപ്പുഴയിലെ ഇടത്തരം, സമ്പന്ന കുടുംബങ്ങളിലെ ചിലര്‍ ഈ മേഖലയിലേക്ക് ഇറങ്ങി. അതു വരെ മറ്റ് സ്ഥലങ്ങളില്‍നിന്നും വന്ന് ഹൗസ് ബോട്ട് ബിസിനസ്സ് ചെയ്തിരുന്നവരെക്കാള്‍ സ്വദേശി വ്യവസായികള്‍ക്ക് പതുക്കെ മേല്‍ക്കൈ വന്നു. അതുവരെ തൊഴിലില്ലാതെ നടന്നിരുന്ന കര്‍ഷക തൊഴിലാളികളും മറ്റും ഈ മേഖലയിലേക്ക് കൂടുമാറി. തനി കേരളം ഊണും വിഭവങ്ങളും കുട്ടനാടന്‍ കരിമീനും വെള്ളപ്പവും താറാവ് കറിയും എല്ലാം സഞ്ചാരികളുടെ മനം കവര്‍ന്നു. അതു വരെ തകര്‍ന്നുതരിപ്പണമായ കുട്ടനാടന്‍ മേഖലയുടെ സാമ്പത്തിക ഉയര്‍ച്ചയ്ക്ക് അധികകാലം വേണ്ടിവന്നില്ല. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ ആലപ്പുഴയുടെ ഈ രംഗത്തെ കുതിച്ചുചാട്ടമാണ് കേരളം കണ്ടത്. ഹൗസ് ബോട്ട് നിര്‍മ്മാണമേഖല തഴച്ചുവളര്‍ന്നു. 1992-ല്‍ വെറും 30-ല്‍ താഴെ വള്ളങ്ങള്‍ ഉണ്ടായിരുന്ന കേരളത്തില്‍ പഴയ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ആയിരത്തിലധികം കെട്ടുവള്ളങ്ങള്‍ കായല്‍പ്പരപ്പുകളെ പുളകംകൊള്ളിച്ചു യാത്ര തുടങ്ങി. 

നിര്‍ഭാഗ്യവശാല്‍ ആ യാത്രയാണ് ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. ഒരിക്കല്‍ ആലുംകടവിന്റെ നഷ്ടം ആലപ്പുഴയുടെ സൗഭാഗ്യമായെങ്കില്‍ ഇന്നത് നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. 

പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന അവസ്ഥ   

ആദ്യകാലത്ത് വെറും ആറോ ഏഴോ ലക്ഷം ഉണ്ടായിരുന്നെങ്കില്‍ നീറ്റില്‍ ഇറക്കാമായിരുന്ന കെട്ടുവള്ളത്തിന്റെ ഇന്നത്തെ ചെലവ് ഒരു കോടിയില്‍ അധികമാണ്. ആദ്യകാലങ്ങളില്‍ കായലിന്റെ കുളിരും കുട്ടനാടിന്റെ ഭംഗിയും ആസ്വദിക്കാന്‍ വളരെ വായുസഞ്ചാരമുള്ള നിര്‍മ്മിതിയില്‍ ആണ് വള്ളങ്ങള്‍ ഇറക്കിയിരുന്നതെങ്കില്‍, പിന്നീട് ഓളപ്പരപ്പുകളിലെ ആഡംബരത്തിന്റെ വേദികളായി ആ മേഖലയെ പലരും ചെന്ന് മാറ്റിയെടുത്തു. ഇന്ന് എയര്‍ കണ്ടീഷന്‍, സ്വിമ്മിങ് പൂള്‍, സ്പാ, കോണ്‍ഫറന്‍സ് ഹാള്‍ ഒക്കെയായി പല വലുപ്പത്തിലും രൂപത്തിലും കെട്ടുവള്ളങ്ങള്‍ ഇറക്കിത്തുടങ്ങി. 

കഴിഞ്ഞ കാല്‍നൂറ്റാണ്ടുകൊണ്ട് ഈ മേഖലയിലെ എല്ലാത്തിനും വില കയറി. കൂലി കൂടുതല്‍ ആയി. ഡീസലിന്റേയും പെട്രോളിന്റേയും ഭക്ഷ്യവസ്തുക്കളുടേയും വില താങ്ങാവുന്നതില്‍ അധികമായി. പക്ഷേ, അന്നും ഇന്നും വലിയ മാറ്റമില്ലാതെ തുടരുന്ന ഒന്നു മാത്രം. ഹൗസ് ബോട്ടുകളുടെ നിരക്ക്. 25 വര്‍ഷം മുന്‍പ് ബാബു വര്‍ഗീസ് ഒരു ദിവസത്തെ കായല്‍ യാത്രയ്ക്ക് ഭക്ഷണമടക്കം ഈടാക്കിയിരുന്നത് 5000 രൂപ ആയിരുന്നെങ്കില്‍ ഇന്ന് ചില സമയങ്ങളില്‍ 2000 രൂപയ്ക്കു വരെ ഹൗസ് ബോട്ടുകള്‍ ലഭ്യമാവുന്ന അവസ്ഥയിലേക്ക് ഈ മേഖല അധഃപതിച്ചു. അതോടൊപ്പം ലോകനിലവാരം പുലര്‍ത്തിയിരുന്ന, സഞ്ചാരികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സഞ്ചാര അനുഭവം പ്രദാനം ചെയ്തിരുന്ന മേഖല ഇന്ന് സഞ്ചാരികള്‍ പതുക്കെ കയ്യൊഴിയുന്ന അവസ്ഥയിലേക്ക് എത്തി. എല്ലാത്തിനും കാരണം ആ മേഖലയിലുള്ളവര്‍ തന്നെ. ഒപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിടിപ്പുകേടും.

നമ്മുടെ കായലുകളുടെ പരിസ്ഥിതിയെപ്പറ്റിയോ അതിനു താങ്ങാവുന്ന ശേഷിയെപ്പറ്റിയോ ആലോചിക്കാതെ ആര്‍ക്കും കെട്ടുവള്ളങ്ങള്‍ ഇറക്കാന്‍ അനുമതി കൊടുക്കുന്ന അവസ്ഥ. എന്നാല്‍, വള്ളങ്ങള്‍ ഇറക്കിയാലോ അതിനു കൃത്യമായ ലൈസന്‍സ് കൊടുക്കാന്‍ അതിന് ഉത്തരവാദിത്വമുള്ള സംസ്ഥാന പോര്‍ട്ട് വകുപ്പിനു സമയമില്ല, സാവകാശമില്ല, ഉത്തരവാദിത്വമില്ല. ഫലമോ, അതിനുശേഷം ടൂറിസം വകുപ്പ് നല്‍കുന്ന ക്ലാസ്സിഫിക്കേഷന്‍ നല്‍കാന്‍ പറ്റുന്നില്ല. അതിന്റെ സര്‍വ്വീസ് നിലവാരമോ ജീവനക്കാരുടെ പരിശീലനമോ അതില്‍ സഞ്ചരിക്കുന്ന വിദേശികളും സ്വദേശികളും ആയ സഞ്ചാരികളുടെ സുരക്ഷപോലും ഇപ്പോള്‍ തുലാസില്‍ ആണെന്ന് പറയുന്നതാകും ശരി. സംസ്ഥാനത്തെ മൂന്ന് (കുറച്ചുകാലം നാല്) പ്രഗത്ഭരായ മന്ത്രിമാര്‍ നേരിട്ട് ഇടപെടുന്ന, അവരവരുടെ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മേഖല ഇങ്ങനെ നാഥനില്ലാത്ത, കയറൂരിവിട്ട അവസ്ഥയില്‍ ആകുന്നത് കേരളത്തിനു മൊത്തം നാണക്കേടാണെന്നു പറയാതെ വയ്യ.

കേരളത്തിലെ ടൂറിസം മേഖല രക്ഷപ്പെടണമെങ്കില്‍, കുട്ടനാടിന്റെ സാമൂഹിക - സാമ്പത്തിക - പരിസ്ഥിതിമേഖലയെ സംരക്ഷിക്കുകയും പിടിച്ചു നിര്‍ത്തുകയും ചെയ്യണമെങ്കില്‍ അടിയന്തരമായി സര്‍ക്കാര്‍ കെട്ടുവള്ള മേഖലയില്‍ ഇടപെടുകതന്നെ വേണം. ലൈസന്‍സ് ഇല്ലാത്ത, അവശ്യം വേണ്ട സുരക്ഷയും ഗുണനിലവാരവും ഇല്ലാത്ത ഒറ്റ ബോട്ടും ഇനി കേരളത്തിലെ കായല്‍പ്പരപ്പുകളില്‍ ഓടില്ല എന്ന് നിയമം മൂലം ഉറപ്പുവരുത്തണം. ലൈസന്‍സ് കിട്ടിയ ഓരോ വള്ളവും ഓടിക്കാനും അതിലെ സഞ്ചാരികളെ പരിചരിക്കാനും കൃത്യമായ പരിശീലനം കിട്ടിയ ജീവനക്കാര്‍ മാത്രമേ നിയമിക്കപ്പെടുന്നുള്ളു എന്ന് ഉറപ്പുവരുത്തണം.

എല്ലാ വള്ളങ്ങളേയും ജി.പി.എസ്, ജീവന്‍രക്ഷാ (ഫയര്‍ & സേഫ്റ്റി) ഉപകരണങ്ങള്‍, തുടങ്ങിയവ അടക്കം സജ്ജമാക്കിയതാണെന്നും ഒരു ജീവനക്കാരന്‍പോലും ഡ്യൂട്ടി സമയത്തു് മദ്യപിക്കുകയോ സഞ്ചാരികളോട് അപമര്യാദയായി പെരുമാറുന്നില്ല എന്നും ഉറപ്പുവരുത്തണം. ഓരോ ബോട്ടുകളുടേയും സഞ്ചാരപാത, സഞ്ചാരികളുടെ പേര് വിവരങ്ങള്‍, അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ വിവരങ്ങള്‍, കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, അവ സഞ്ചാരികളെ ബോധവാന്മാരാക്കാനുള്ള വിവിധ ഭാഷകളില്‍ ഉള്ള വിവരണങ്ങള്‍ ഒക്കെ ഓരോ ബോട്ടിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

ടൂറിസം വകുപ്പ് ക്ലാസ്സിഫിക്കേഷന്‍ കഴിഞ്ഞ വള്ളങ്ങളെ തിരിച്ചറിയാന്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പോലത്തെ സുരക്ഷിത നമ്പര്‍ പ്ലേറ്റുകള്‍ വള്ളത്തിന്റെ രണ്ടു വശങ്ങളിലും മുന്നിലും പിന്നിലും നിര്‍ബന്ധമായും സ്ഥാപിക്കണം. വളവരയുടെ മുകളിലായി ഓരോ സ്റ്റാര്‍ ക്ലാസ്സിഫിക്കേഷനും അനുസരിച്ചുള്ള കൊടികള്‍ കെട്ടണം (ഇവ രണ്ടും ഡിസൈന്‍പോലും കഴിഞ്ഞ് ടൂറിസം വകുപ്പില്‍ തയ്യാറായി കഴിഞ്ഞിട്ട് 10 വര്‍ഷത്തില്‍ അധികമായി എന്നുകൂടി ഓര്‍ക്കുക). ആലപ്പുഴ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, നെഹ്‌റു ട്രോഫി ഫിനിഷിങ് പോയിന്റ്, പള്ളാത്തുരുത്തി, വൈക്കം, കുമരകം തുടങ്ങി വള്ളങ്ങളുടെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം സഞ്ചാരികള്‍ക്കും കാണാവുന്ന വിധത്തില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു സര്‍ക്കാര്‍ അംഗീകൃത വള്ളങ്ങള്‍ ഏതാണെന്ന് അറിയിക്കണം. ഈ രംഗത്തെ കള്ളനാണയങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇല്ലാതാവണം. എന്നാല്‍ മാത്രമേ നമുക്ക് കായല്‍ ടൂറിസം മേഖലയില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുകയുള്ളു. അത്തരമൊരു സാഹചര്യത്തില്‍ മാത്രമേ ആ മേഖലയ്ക്ക് സുസ്ഥിരമായ നിലനില്‍പ്പ് സാധ്യമാവുകയുള്ളു. എങ്കില്‍ മാത്രമേ ഒരുകാലത്ത് രണ്ടും മൂന്നും രാത്രികള്‍ ചെലവഴിക്കാന്‍ തയ്യാറായിരുന്ന സഞ്ചാരികള്‍ ഇപ്പോള്‍ പകല്‍യാത്ര കഴിഞ്ഞു സ്വയം സുരക്ഷയെ കരുതി റിസോര്‍ട്ടുകളിലേക്ക് കുടിയേറുന്നത് ഒഴിവാക്കാനാവുകയുള്ളു. അല്ലെങ്കില്‍ ഭാവിയില്‍ മറ്റൊരു ആലുംകടവ് ആയി മാറാന്‍ ആലപ്പുഴയ്ക്കും അധികസമയം വേണ്ട.
ഇതോടൊപ്പം കേരളത്തില്‍ ടൂറിസം ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ അടിയന്തരമായി ചില കാര്യങ്ങള്‍ സര്‍ക്കാരും ടൂറിസം വ്യവസായമേഖലയും കൂട്ടായി ചെയ്യണം.

ആഭ്യന്തര സഞ്ചാരികളുടെ 
കൊഴിഞ്ഞുപോക്ക് 

മഹാപ്രളയത്തിനുശേഷം ഇപ്പോള്‍ കേരളം ഉത്തരേന്ത്യന്‍ സഞ്ചാരികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നതാണ് വാസ്തവം. 2015 വരെ ആഭ്യന്തര സഞ്ചാരികളുടെ കണക്കെടുത്താല്‍ 75.75 ശതമാനവും മലയാളികളായിരുന്നു. എന്നാല്‍, അടുത്തിടെ പുറത്തിറക്കിയ 2017-ലെ കണക്കനുസരിച്ച് ഇത് 63 ശതമാനമായി കുറയുകയും  കേരളത്തിനു പുറത്തുനിന്നും ഇവിടെ എത്തുന്ന സഞ്ചാരികളില്‍ ഒന്നാം സ്ഥാനം തമിഴ്നാടിനും ( 2015-ല്‍ 8.02 ശതമാനവും 2017-ല്‍ ഒന്‍പത് ശതമാനവും) രണ്ടാം സ്ഥാനം കര്‍ണാടകത്തിനുമാണ്. (2015-ല്‍ 4.61 ശതമാനവും 2017-ല്‍ ആറ് ശതമാനവും). മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയുടെ സംഭാവന 2015-ല്‍ 2.87 ശതമാനവും 2017-ല്‍ നാല് ശതമാനവും. നാലാമതായി ആന്ധ്രപ്രദേശ് (2015-ലെ 1.83 ശതമാനത്തില്‍നിന്നും രണ്ട് ശതമാനമായി ഉയര്‍ന്നു). അതായത് നമ്മുടെ ആഭ്യന്തര സഞ്ചാരികളില്‍ 2015 വരെ 25 ശതമാനം മാത്രമായിരുന്നു കേരളത്തിനു പുറത്തുനിന്നും വന്നിരുന്നതെങ്കില്‍, 2017-ലെ കണക്കെടുക്കുമ്പോഴും ചെറിയ വര്‍ദ്ധനയിലൂടെ അത് 37 ശതമാനം മാത്രമേ ആകുന്നുള്ളൂ. അതില്‍ത്തന്നെ 18 ശതമാനം ദക്ഷിണേന്ത്യയില്‍നിന്നാണ്. ബാക്കിയുള്ള 18.82 ശതമാനം മാത്രം ആണ് ഉത്തരേന്ത്യയില്‍നിന്നും വരുന്നത്. മഹാരാഷ്ട്ര (നാല് ശതമാനം), ഗുജറാത്ത്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍നിന്നും ഒരു ശതമാനം എന്നിവയാണ് നമ്മുടെ മുഖ്യ സ്രോതസ്സുകള്‍. 


ഇനിയുള്ള കുറച്ചു മാസങ്ങള്‍ നമ്മുടെ ആഭ്യന്തര വിപണനതന്ത്രങ്ങള്‍ തമിഴ്നാട്, കര്‍ണാടകം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരിക്കണം. കാരണം അവിടെനിന്നുള്ള സഞ്ചാരികള്‍ കൂടുതലായി എത്തിയാലേ മൂന്നാര്‍, തേക്കടി, കുമരകം, വയനാട് എന്ന പ്രധാന കേന്ദ്രങ്ങളെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുകയുള്ളു. ഇപ്പോള്‍ കേരള ടൂറിസം നടത്തുന്ന ബി 2 ബി പ്രചാരണങ്ങള്‍ കുറച്ചുകൊണ്ട് സഞ്ചാരികളില്‍ നേരിട്ട് എത്താന്‍ പറ്റുന്ന ബി 2 സി വിപണനത്തില്‍ കേന്ദ്രീകൃതമാക്കണം. ഈ സംസ്ഥാനങ്ങളില്‍ മിനി കേരള ട്രാവല്‍ മാര്‍ട്ടുകളും കേരള ടൂറിസം ഫെസ്റ്റിവലുകളും സംഘടിപ്പിക്കണം. എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റിവല്‍, കള്‍ച്ചറല്‍ പെര്‍ഫോര്‍മന്‍സ് എല്ലാം ഉള്‍പ്പെടുത്തിയുള്ള വിപുലമായ പ്രചാരണപരിപാടികള്‍ നടത്തി സഞ്ചാരികളെ നേരില്‍ ആകര്‍ഷിക്കാന്‍ പറ്റുന്ന തരത്തില്‍ പരസ്യ പ്രചാരണമാര്‍ഗ്ഗങ്ങളും തേടണം. 

ദക്ഷിണ്‍ ടൂറിസം സര്‍ക്യൂട്ടും 
കൂട്ടായ വിപണനവും

കേരള ടൂറിസത്തിന്റെ തുടക്ക കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരും ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന പി.എസ്. ശ്രീനിവാസനും മുന്‍കൈ എടുത്ത് 1989 ജനുവരി ഒന്‍പതിന് കോവളത്തെ ഐ.ടി.ഡി.സി അശോക ഹോട്ടലില്‍ വെച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഒരു സമ്മേളനം വിളിച്ചുചേര്‍ക്കുകയുണ്ടായി. അതിന്റെ 30-ാം വാര്‍ഷിക വേളയിലും അന്നെടുത്ത ചില തീരുമാനങ്ങള്‍ക്ക് പ്രസക്തിയേറുന്ന സമയമാണ് ഇത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുന്ന വിദേശ സഞ്ചാരികളില്‍ 20 ശതമാനം താഴെ മാത്രമാണ് വീണ്ടും ഇന്ത്യ കാണാന്‍ വരുന്നവര്‍. മറ്റുള്ളവരില്‍ത്തന്നെ ബഹുഭൂരിപക്ഷം പേരും മൂന്നോ അതിലധികമോ സംസ്ഥാനങ്ങള്‍ ഒരു വര്‍ഷത്തെ ട്രാവല്‍ പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ താല്പര്യപ്പെടുന്നവരാണ്. ഒന്നുകില്‍ പ്രസിദ്ധമായ, ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന ഡല്‍ഹി - ആഗ്ര - ജയ്പൂര്‍ സര്‍ക്യൂട്ട്; അല്ലെങ്കില്‍ കേരളം, തമിഴ്നാട്, കര്‍ണാടകം ഉള്‍പ്പെടുന്ന സര്‍ക്യൂട്ട്; അല്ലെങ്കില്‍ ബീഹാര്‍, ബംഗാള്‍ ഒക്കെ ഉള്‍പ്പെടുന്ന ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് എന്നിങ്ങനെയാണ് സഞ്ചാരികളുടെ യാത്രാമാര്‍ഗ്ഗം. 

കോവളം സമ്മേളനത്തില്‍ അന്നത്തെ വലിയ നാല് സംസ്ഥാനങ്ങളും പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ യൂണിയന്‍ ടെറിട്ടറികളും ചേര്‍ന്ന് 'ദക്ഷിണ്‍' എന്ന പേരില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒത്തൊരുമിച്ചു വിപണനം നടത്താനുള്ള സാദ്ധ്യതകള്‍ ആരാഞ്ഞിരുന്നു. അത് ഏകദേശം ലക്ഷ്യപ്രാപ്തിയില്‍ എത്തിനില്‍ക്കുന്ന സമയത്ത് കേരളത്തില്‍ സര്‍ക്കാര്‍ അധികാരമാറ്റം വരികയും അതുവരെ ചെയ്ത പണികളെല്ലാം സര്‍ക്കാര്‍ നൂലാമാലകളില്‍ കുടുങ്ങി ഇല്ലാതാവുകയും ചെയ്തു. പിന്നീട് കേരളം ഒറ്റയ്ക്കുള്ള പരസ്യപ്രചാരണത്തിലൂടെ വലിയ തോതില്‍ വളര്‍ച്ച നേടി. ഇതിന്റെ ഗുണഫലങ്ങള്‍ തമിഴ്നാടും കര്‍ണാടകവും ശരിക്കും അനുഭവിക്കുകയും ചെയ്തു എന്ന് കാണാതിരുന്നുകൂടാ. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ഓരോ സംസ്ഥാനങ്ങളും നമ്മുടെ മാതൃക പിന്തുടരുകയും നമ്മുടെ വിപണിയിലെ കുറേയധികം സഞ്ചാരികളെ അടര്‍ത്തിയെടുക്കുകയും ചെയ്തു. ഇനി നമുക്ക് ഒന്നിച്ചു മാര്‍ക്കറ്റിംഗ് ചെയ്യാതെ രക്ഷയില്ല എന്ന അവസ്ഥയിലാണ്. 
മലേഷ്യ ടൂറിസം ഒരു വര്‍ഷം ഇന്ത്യ എന്ന വലിയ വിപണി ലക്ഷ്യമിട്ട് 100 കോടി ചെലവഴിക്കുമ്പോള്‍, കേരളത്തിന്റ ആകെയുള്ള മാര്‍ക്കറ്റിംഗ് ബജറ്റ് അതിലും താഴെയാണ്. ഇതാണ് അന്താരാഷ്ട്ര വിപണിയിലെ പ്രധാന വ്യത്യാസം. കേരളം നമ്മുടെ മുഖ്യ സ്രോതസ്സുകളായ യൂറോപ്യന്‍ രാജ്യങ്ങളും യു.കെ, യു.എസ്.എ, ഗള്‍ഫ് രാജ്യങ്ങള്‍, ഓസ്ട്രേലിയ, ജപ്പാന്‍ എന്ന രാജ്യങ്ങളില്‍ എല്ലാംകൂടി വിപണനത്തിനായി മാറ്റിവെയ്ക്കുന്ന തുക വെറും 40 കോടി രൂപ മാത്രമാണെന്നറിയുമ്പോഴാണ്  നമ്മുടെ അപര്യാപ്ത ബോധ്യപ്പെടുന്നത്. 

ഇതേപോലെ തന്നെയാണ് തമിഴ്നാടും കര്‍ണാടകവും തെലങ്കാനയും ആന്ധ്ര പ്രദേശുമെല്ലാം ചെയ്യുന്നത്. അതേസമയം ഈ അഞ്ചു സംസ്ഥാനങ്ങളും ഒന്നുചേര്‍ന്ന് അന്തര്‍ദ്ദേശീയ വിപണനത്തിന് ഒരു കാര്യപരിപാടി തയ്യാറാക്കിയാല്‍ അതിലൂടെ ലഭിക്കുന്ന വിപണിവ്യാപ്തിയും മൂല്യവും എത്രയോ ഇരട്ടി ആയിരിക്കും. ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ 'സാര്‍സ് വൈറസ്' രോഗബാധയ്ക്കുശേഷം തകര്‍ന്നടിഞ്ഞ മലേഷ്യ, തായ്ലന്റ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ടൂറിസം ബോര്‍ഡുകള്‍ ചേര്‍ന്ന് അഞ്ചു വര്‍ഷത്തോളം, സംയുക്തമായി ലോകമെങ്ങും ഒരു വലിയ പ്രചാരണം നടത്തി. 'ഒരുമിച്ച് ഏഷ്യ കാണാം' എന്ന് അര്‍ത്ഥം വരുന്ന Together in Asia പരസ്യപ്രചാരണങ്ങള്‍. അതിലൂടെ തിരിച്ചുവന്ന ഈ മൂന്നു രാജ്യങ്ങളും ഇന്ന് ഇന്ത്യയെക്കാള്‍ വലിയ ടൂറിസം ഡെസ്റ്റിനേഷന്‍ ആണ്. അതാണ് കൃത്യമായുള്ള മാര്‍ക്കറ്റിംഗ് പ്ലാനിന്റെ ശക്തി. ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള ടൂറിസം ബ്രാന്‍ഡ് ആയ കേരളം മുന്‍കൈ എടുത്താല്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ ഒരുമിപ്പിച്ചു ലുക്ക് സൗത്ത് ഇന്ത്യ (Look south India) എന്നോ ദക്ഷിണ്‍ എന്നോ പേരിട്ട് ഒരു വലിയ പരസ്യ പരിപാടി ആസൂത്രണം ചെയ്യുകയാണെങ്കില്‍ അത് തകര്‍ന്നു കിടക്കുന്ന കേരള ടൂറിസത്തിന് വലിയ ഊര്‍ജ്ജം പകരും എന്ന കാര്യത്തില്‍ സംശയമില്ല. 

കേരള ടൂറിസം മുന്‍കൈ എടുത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഒരു യോഗം വിളിക്കുകയും ഒന്നായുള്ള മാര്‍ക്കറ്റിംഗ് പ്ലാന്‍ അവരുടെ കൂടി പങ്കാളിത്തത്തോടെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യണം. കേരളത്തിലെ ടൂറിസം മേഖല ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം കോടി മുതല്‍മുടക്കുള്ള, നേരിട്ട് 20 ലക്ഷം പേര്‍ക്കും പരോക്ഷമായി അത്രതന്നെ പേര്‍ക്കും തൊഴില്‍ നല്‍കുന്ന മേഖലയാണ്. 36000 കോടി രൂപയാണ് ഈ മേഖലയില്‍നിന്നുള്ള വരുമാനം. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 11 ശതമാനം സംഭാവന ചെയ്യുന്ന ഒരു വ്യവസായമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരും മുഖ്യ രാഷ്ട്രീയകക്ഷികളും ഈ മേഖലയുമായി തോളോട് ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ കേരളത്തിലെ സാമ്പത്തികമേഖല തന്നെ ഒരിക്കല്‍ക്കൂടി നിശ്ചലമാകും. ഒരുപക്ഷേ, ഒരിക്കലും തിരിച്ചെടുക്കാനാകാത്തവിധം.

ടൂറിസം വകുപ്പും സ്വകാര്യ സംരംഭകരും ഒറ്റക്കെട്ടായി പുതിയ പരസ്യവിപണന പരിപാടികള്‍ രൂപകല്പന ചെയ്യുകയും നിലവിലുള്ള ടൂറിസം ഉല്പന്നങ്ങളുടെ നവീകരണവും ആധുനിക സഞ്ചാരികള്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ നവീന ടൂറിസം അനുഭവങ്ങള്‍ പ്രദാനം ചെയ്യാനായി പുതിയ ഉല്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറായില്ലെങ്കില്‍ കേരള ടൂറിസത്തിന്റെ ഭാവി കൂടുതല്‍ അനിശ്ചിതമായ നാളുകളിലേക്കായിരിക്കും വരും നാളുകളില്‍ കൊണ്ടുപോവുക. 
(*മാധ്യമപ്രവര്‍ത്തകനും കേരള ടൂറിസം ഉപദേശകസമിതി അംഗവുമാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com